ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ടെലി മെഡിസിൻ പദ്ധതിയായ ഇ - സഞ്ജീവനി പോർട്ടലിൽ കയറി ഡോക്ടർമാർക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും, അശ്ലീലം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത തൃശൂർ മണലൂർ എട്ടാം വാർഡിൽ കെ.ആർ. സഞ്ജയെ (25) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
രോഗിയെന്ന വ്യാജേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈനിലൂടെ അഭിമുഖത്തിനെത്തുന്ന ഡോക്ടർമാരെയാണ് ഇയാൾ ശല്യപ്പെടുത്തിയിരുന്നത്. ആലപ്പുഴയിലെ വനിതാഡോക്ടർ ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ആലപ്പുഴ അഡിഷണൽ എസ്.പി എ. നസീമിന്റെ നേതൃത്വത്തിൽ സൈബർ ക്രൈം ഇൻസ്പെക്ടർ എം.കെ. രാജേഷ് അടങ്ങുന്ന സംഘം മൂന്നു ദിവസങ്ങളിലായി വിവിധ തലങ്ങളിലൂടെ
ഇ- സഞ്ജീവനി പോർട്ടൽ പരിശോധിച്ചാണ് പ്രതിയുടെ സ്ഥലം മനസിലാക്കിയത്. ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്ന് ലഭ്യമായ വിവരങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തൃശൂരിൽ പിടിയിലായ പ്രതിയിൽ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ കണ്ടെടുത്തു. ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ.ആർ. ബിജു, നെവിൻ, എ.എസ്.ഐ ശരത്ചന്ദ്രൻ, സി.പി.ഒമാരായ നെഹൽ, സതീഷ് എന്നിവരുമുണ്ടായിരുന്നു.