പരപ്പനങ്ങാടി: മൊബൈൽ ഫോണുകളുടെ വരവോടെ തുടങ്ങിയതാണ് ലാന്റ് ഫോണുകളുടെ കഷ്ടകാലം. എവിടെ നോക്കിയാലും ലാന്റ് ഫോണുകൾ കണ്ടിരുന്ന സ്ഥാനത്തിപ്പോൾ അപൂർവ്വ കാ ഴ്ചയായി മാറുന്നുണ്ട്. വീടുകളിൽ നിന്ന് അപ്രത്യക്ഷമായ ലാന്റ് ഫോണുകൾ കൂടുതലായും കാണുന്നത് ഓഫീസുകളിലും വിവിധ കച്ചവട സ്ഥാപനങ്ങളിലുമാണ്. ഇങ്ങനെ പോയാൽ ഇവിടങ്ങളിലും വൈകാതെ ഈ കാഴ്ച കാണാനാവില്ല. കേബിൾ തകരാറും ഇത് നന്നാക്കാൻ ബി.എസ്.എൻ.എൽ അധികൃതർ കാണിക്കുന്ന അലംഭാവവും മൂലം കണക്ഷൻ ഒഴിവാക്കുന്നവരുടെ എണ്ണം കൂടുകയാണ്.
രണ്ട് തരത്തിലുള്ള ലാന്റ് ഫോണുകളാണിപ്പോൾ നിലവിലുള്ളത്. കോപ്പർ കേബിൾ ലൈനോട് കൂടിയതും ഒപ്റ്റിക്കൽ ഫൈബർ ലൈനും. ഇതിൽ കോപ്പർ കേബിൾ ടെലിഫോണുകളാണ് തകരാർ നേരിടുന്നവയിൽ ഏറിയ പങ്കും. റോഡ്, ഡ്രെയ്നേജ് നിർമ്മാണം, ജല അതോറിറ്റിയുടെ റോഡ് പൊളിക്കൽ എന്നിവ മൂലമാണ് കേബിളുകൾക്ക് തകരാർ സംഭവിക്കുന്നത്.
പരപ്പനങ്ങാടി ടെലിഫോൺ എക്സേഞ്ചിന്റെ പരിധിയിൽ മാത്രം ഒരുവർഷത്തിനിടെ 450 ലാൻഡ്ലൈൻ കണക്ഷനുകളാണ് ഒഴിവാക്കപ്പെട്ടത്. ബ്രോഡ്ബാൻഡ് കണക്ഷനെടുക്കുന്നവർക്ക് അധിക ചെലവില്ലാതെ ലാന്റ് ഫോൺ നമ്പറും നിലനിർത്താനാവും. എന്നാൽ സ്ഥിരമായി കേബിളുകൾക്ക് പറ്റുന്ന തകരാറും ജോയിന്റുകളുടെ എണ്ണം കൂടുന്നതും ഇന്റർനെറ്റ് വേഗതയെ ബാധിക്കുന്നുണ്ട്. കേബിളുകൾ മുറിഞ്ഞ് ജോയിന്റുകളുടെ എണ്ണം കൂടുന്നതാണ് വേഗത കുറയാൻ കാരണം. ഇതുമൂലം നിരവധി ബ്രോഡ്ബാൻഡ് കണക്ഷനുകളും ഇതിനോടകം ഒഴിവാക്കിയിട്ടുണ്ട്. ഒപ്റ്റിക്കൽ ഫൈബർ ലൈനുകളിൽ ഈ പ്രശ്നം അഭിമുഖീകരിക്കുന്നില്ല. എന്നാൽ പഴയ കണക്ഷനുകളിൽ നല്ലൊരു പങ്കും കോപ്പർ കേബിൾ ലൈനുകളാണ്. സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ താരിഫ് നിരക്കും കൂടുതൽ ഡേറ്റയും ബി.എസ്.എൽ.എൽ നൽകുമ്പോഴും കേബിളുകളിലെ തകരാറാണ് പ്രശ്നം.
പകുതി പോയി
പരപ്പനങ്ങാടി ടെലിഫോൺ എക്സേഞ്ചിന് കീഴിൽ 971 ലാൻഡ്ലൈൻ കണക്ഷനുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 450 ലാൻഡ്ലൈൻ,ബ്രോഡ് ബാൻഡ് കണക്ഷനുകൾ ഒരുവർഷത്തിനകം ഒഴിവാക്കപ്പെട്ടു. തകരാർ സംബന്ധിച്ച പരാതികൾ 24 മണിക്കൂറിനകം ശരിയാക്കി കൊടുക്കണമെന്നാണ് ചട്ടം. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ശരിയാക്കാത്ത നമ്പറുകളും പരപ്പനങ്ങാടി എക്സേഞ്ചിന് കീഴിലുണ്ട്. ജീവനക്കാരുടെ കുറവാണ് ചൂണ്ടിക്കാട്ടുന്നത്. ബി.എസ്.എൻ.എൽ ജീവനക്കാരിൽ നല്ലൊരു പങ്കും വി.ആർ.എസ് എടുത്തു പോയതിൽ കരാർ അടിസ്ഥാനത്തിലുള്ള ജോലിയാണ് ഇപ്പോൾ നടക്കുന്നത്. പഴയ കേബിൾ ഫോണിലെ തകരാറുകൾ ശരിയാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അവ ഫൈബർ കണക്ഷനിലേക്കു മാറ്റി കൊടുക്കുന്നുണ്ടെന്ന് ബി.എസ്.എൻ.എൽ അധികൃതർ അറിയിച്ചു .ഇത്തരത്തിൽ 650 കണക്ഷനുകൾ ഇപ്പോഴുണ്ട്.