വാഷിംഗ്ടൺ:അഫ്ഗാനിൽ നിന്നുള്ള അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം മികച്ച തീരുമാനമായിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയുടെ ദേശീയ താൽപര്യം മുൻനിറുത്തിയുള്ള തീരുമാനം വിവേകപൂർണമായിരുന്നു. രണ്ട് പതിറ്റാണ്ട് അഫ്ഗാൻ ജനതയ്ക്കുവേണ്ടി അമേരിക്ക പോരാടി. ജനം നോക്കി നിൽക്കെ അഫ്ഗാൻ സർക്കാർ നിലം പതിച്ചു. രാജ്യത്തെ ശത്രുക്കളുടെ കയ്യിലേക്കിട്ടുകൊടുത്ത് പ്രസിഡന്റ് സ്വയരക്ഷ തേടി ഓടിപ്പോയി. അഫ്ഗാൻ സൈന്യം പരാജയമാണ്. താലിബാൻ അധികാരത്തിലിരിക്കുന്നത് യു.എസിനും സഖ്യരാജ്യങ്ങൾക്കും ഭീഷണിയാണ്.
രാജ്യം വിടാൻ ആഗ്രഹിക്കുന്നവരെ തടയില്ലെന്ന താലിബാന്റെ വാക്കിൽ വിശ്വാസമില്ലായിരുന്നു. സഹായിച്ച എല്ലാവരേയും രക്ഷപ്പെടുത്താനായിരുന്നു യു.എസ് നടപടി സ്വീകരിച്ചത്. ഭീകരപ്രവർത്തനത്തിനെതിരെ 2001ൽ സ്വീകരിച്ചതുപോലുള്ള നടപടികൾ സ്വീകരിക്കാൻ സാധിക്കില്ല. ഇത് പുതിയ ലോകമാണ്.
ലോകത്തിന്റെ പല ഭാഗത്തും ഭീകരാക്രമണം നടക്കുകയാണ്. അൽ ഷബാബ്, അൽ ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകരസംഘടനകൾ എല്ലായിടത്തും ഭീഷണി ഉയർത്തുകയാണ്. രക്ഷാദൗത്യത്തിനിടെ ആക്രമണം നടത്തിയ ഐ.എസിന് രൂക്ഷമായ ഭാഷയിൽ ബൈഡൻ മുന്നറിയിപ്പ് നൽകി. അമേരിക്കയെ വേദനിപ്പിച്ചവരെ അത്ര വേഗം മറക്കില്ല. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടരും -ബൈഡൻ കൂട്ടിച്ചേർത്തു.
അതേസമയം, സേനാപിന്മാറ്റം പൂർത്തിയായ സാഹചര്യത്തിൽ റോഡ് മാർഗ്ഗം രക്ഷപ്പെടാൻ അതിർത്തികളിലേക്ക് പലായനം ചെയ്യുകയാണ് അഫ്ഗാൻ ജനത. അതിനിടെ, താലിബാനെ അഭിനന്ദിച്ച് ഭീകരസംഘടനയായ അൽ ഖ്വയ്ദ കത്തെഴുതി. കത്തിൽ കാശ്മീരിനെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. സൊമാലിയ, യെമൻ, കാശ്മീർ എന്നിവിടങ്ങളേയും ശത്രുവിന്റെ പിടിയിൽ നിന്ന് മോചിതരാക്കൂ എന്നാണ് കത്തിലുള്ളത്.
ആവശ്യമെങ്കിൽ അഫ്ഗാനിലെ ഇസ്ലാമിക് സ്റ്റേറ്റ് - ഖൊറസാൻ അടക്കമുള്ള ഭീകരസംഘടനങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തും - ജോൺ കിർബി,
പെന്റഗൺ വക്താവ്
@ രണ്ടാഴ്ച കൊണ്ട് അമേരിക്കയും സഖ്യരാഷ്ട്രങ്ങളും ഒഴിപ്പിച്ചത് 1,23,000 പേരെ
@ ഇനി ഒഴിപ്പിക്കാനുള്ളത് 100ലധികം പേരെയെന്ന് അമേരിക്കയും ബ്രിട്ടനും
@ കാബൂളിലുണ്ടായിരുന്ന 73 സൈനികവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ അമേരിക്ക സഞ്ചാരയോഗ്യമല്ലാതാക്കി.
@ കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് താലിബാൻ
അമേരിക്കൻ സേനാ പിന്മാറ്റം പൂർത്തിയായതോടെ കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. കാബൂളിൽ താലിബാൻ ആഘോഷ വെടികൾ മുഴങ്ങി. രാജ്യം സ്വതന്ത്രമായതായി പ്രഖ്യാപിച്ചു. യു.എസ് സൈന്യത്തെ യൂണിഫോം ധരിച്ച് യു.എസ് സൈനികോപകരണത്തിന്റെ അകമ്പടിയോടെ താലിബാൻ കാബൂളിൽ പരേഡ് നടത്തി.
തിങ്കളാഴ്ച അർദ്ധരാത്രിയാകാൻ ഒരു മിനിറ്റ് അവശേഷിക്കുമ്പോഴാണ് അവസാന യു.എസ് വിമാനം പറന്നുയർന്നത്.ഇത് ചരിത്ര മുഹൂർത്തമാണെന്ന് വിമാനത്താവളത്തിൽ നടത്തിയ മാദ്ധ്യമസമ്മേളനത്തിൽ താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. അഫ്ഗാൻ ഒടുവിൽ സ്വതന്ത്രമായിരിക്കുന്നു. അമേരിക്കയുമായി നയതന്ത്രബന്ധം സ്ഥാപിക്കുമെന്നും ഉടൻ വിമാനത്താവളം തുറക്കുമെന്നും ആവശ്യമെങ്കിൽ തുർക്കിയുടേയോ ഖത്തറിന്റെയോ സഹായം തേടുമെന്നും സബീഹുല്ല പറഞ്ഞു. അമേരിക്കൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ താൽപര്യപ്പെടുന്നുണ്ടെന്ന് താലിബാൻ അറിയിച്ചു. അമേരിക്കയുമായി നയതന്ത്ര - വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് താലിബാൻ വ്യക്തമാക്കി. അതേസമയം, സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി താലിബാന്റെ മുഖ്യ കമാൻഡർ ഹൈബത്തുള്ള അഖുൻഡ്സാദ ഗവേണിംഗ് കൗൺസിലിന്റെ മേധാവിയാകുമെന്ന് റിപ്പോർട്ടുകൾ. സർക്കാരിന്റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാനുള്ള ചുമതല മുല്ല അബുദുൾ ഘനി ബരാദറിനാണ്. യു.എസ് പിൻവാങ്ങിയതോടെ കൂടുതൽ നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുകയാണ് താലിബാൻ. പുരുഷന്റെ കൂടെയല്ലാതെ സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് താലിബാൻ ഉത്തരവിറക്കി.
അതിനിടെ, യു.എസിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറിൽ നിന്ന് താഴേയ്ക്ക് തൂങ്ങിക്കിടന്നത് മൃതശരീരമെല്ലെന്നും താലിബാന്റെ കൊടി ഹെലികോപ്ടറിൽ സ്ഥാപിക്കാൻ ശ്രമിക്കുന്ന സംഘാംഗമാണെന്നും അഫ്ഗാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.