SignIn
Kerala Kaumudi Online
Saturday, 28 May 2022 6.23 PM IST

കുട്ടികൾ പഠിക്കേണ്ട കാര്യങ്ങൾ

photo

ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായിട്ടാണോ അല്ലയോ എന്നറിഞ്ഞു കൂടാ, കേരളത്തിലെ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കാൻ പോകുന്നു. സങ്കീർണമാണ് പാഠ്യപദ്ധതി പരിഷ്‌കരണം. എന്നാൽ കാലോചിതമായ പരിഷ്‌കാരം അനിവാര്യമാണുതാനും. പരിഷ്‌കരിക്കപ്പെടുമ്പോൾ ഇതുവരെ ഇടംനേടാതിരുന്ന പല വിഷയങ്ങളും ഉചിതമാം വിധം ഉൾപ്പെടുത്തേണ്ടി വരും. ഇതുവരെ പഠിപ്പിച്ചിരുന്ന ചിലതെല്ലാം സമകാലിക സ്വീകാര്യതയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് തിരുത്തുകയോ, ചിലപ്പോൾ ഒഴിവാക്കുകയോ ചെയ്യേണ്ടി വരും. ഒരു സമൂഹം ആഗ്രഹിക്കുന്ന എല്ലാ വിഷയങ്ങളും പാഠ്യപദ്ധതിയിൽ കുത്തിനിറയ്ക്കാനും സാധിക്കില്ല. അങ്ങനെ വരുമ്പോൾ ഉൾപ്പെടുത്താനും ഒഴിവാക്കാനും തീരുമാനിച്ചതിന്റെ യുക്തിയും ഔചിത്യവും ചോദ്യം ചെയ്യപ്പെട്ടേക്കാം. അങ്ങേയറ്റം അവധാനത ആവശ്യമായ ഒന്നാണ് പാഠ്യപദ്ധതി പരിഷ്‌കരണം. സമൂഹത്തിന്റെ
പൊതുനന്മയും ഭരണഘടനാ മൂല്യങ്ങളും മാത്രമാണ് ഈ ദുർഘടവഴിയിലെ ദിശാസൂചികൾ. അഥവാ, അവ മാത്രമായിരിക്കണം. ദേശീയ വിദ്യാഭ്യാസനയം രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. എന്നാൽ ഏകീകൃത പാഠ്യപദ്ധതി അടിച്ചേൽപ്പിക്കാൻ അധികാരമില്ല. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യാവകാശമുള്ള വിഷയമാണ് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിദ്യാഭ്യാസം. ഇന്ത്യപോലെ ഇത്രയേറെ വൈജാത്യങ്ങളുള്ള ഒരു രാജ്യത്ത് ഏകീകൃത പാഠ്യപദ്ധതി അപ്രയോഗികമാണെന്ന് മാത്രമല്ല, അശാസ്ത്രീയവും അനഭിലഷണീയവുമാണ് താനും. കേരളത്തിലെ ഒരു വിദ്യാർത്ഥി ഇവിടത്തെ കാര്യങ്ങൾ മനസിലാക്കാതെ ഹിമാചൽ പ്രദേശിന്റെ ചരിത്രവും സംസ്‌കാരവും പഠിക്കുന്നതെന്തിന്?
ബിഹാറിൽ എട്ടാംക്ലാസിൽ പഠിക്കുന്ന കുട്ടി വേലുത്തമ്പി ദളവയെക്കുറിച്ച് പഠിക്കുന്നതെന്തിനാണ്? എല്ലാം അറിയുന്നത് നല്ലതായിരിക്കും; പക്ഷേ നിശ്ചിത സമയത്തിനുള്ളിൽ പഠിച്ചും പഠിപ്പിച്ചും പൂർത്തിയാക്കേണ്ട പാഠ്യഭാഗങ്ങളിൽ ഏറ്റവും അവശ്യമായതും പ്രദേശിക പ്രാധാന്യമുള്ളതും ദേശീയ പ്രാധാന്യമുള്ളതുമായ എന്തെല്ലാം അറിയാനുണ്ട് ! പാഠ്യപദ്ധതി പരിഷ്‌കരണം അതത് സംസ്ഥാനങ്ങൾ അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കേണ്ട പ്രക്രിയയാകുന്നു. ഒരച്ചിൽ വാർത്തെടുക്കാനുള്ളതല്ല. നിലവിലുള്ള പാഠങ്ങളിൽ നിന്ന് എന്തെല്ലാം ഒഴിവാക്കണമെന്ന് പറയാനൊന്നും ഞാനാളല്ല. പക്ഷെ ഒരു പരിഷ്‌കൃത സമൂഹമെന്ന നിലയ്ക്ക് ഹിതകരമല്ലാത്തതും അനുവദനീയമല്ലാത്തതുമായ മനോഭാവങ്ങൾ ഒളിഞ്ഞും തെളിഞ്ഞും അടങ്ങിയിരിക്കുന്ന പാഠഭാഗങ്ങൾ തീർച്ചയായും മാറണം. സ്ത്രീധനം വാങ്ങുന്നത് നല്ലതാണെന്നു സ്ഥാപിക്കുന്ന പാഠങ്ങൾ ഇല്ലായിരിക്കാം. എന്നാൽ സ്ത്രീധനമെന്നതു ഒരു സാമൂഹ്യ തിന്മയാണെന്നും നിയമവിരുദ്ധമാണെന്നുമുള്ള ആശയം സ്‌കൂൾ പ്രായത്തിലേ കുട്ടികളുടെ മനസിൽ പതിയാൻ വേണ്ട പാഠങ്ങൾ തീർച്ചയായും ഉൾപ്പെടുത്തണം.
സ്ത്രീപുരുഷ വാർപ്പ് മാതൃകകൾ ആവർത്തിക്കുന്ന സന്ദേശങ്ങൾ കണിശമായും നീക്കം ചെയ്യപ്പെടണം. സൈന്യത്തിൽ ചേരുന്നത് ആൺകുട്ടികളും നഴ്സാകുന്നത് പെൺകുട്ടികളും എന്നു പരാമർശിക്കുന്ന ഒരു പാഠം നിർദ്ദോഷമാണെന്നു തോന്നാം. എയർഫോഴ്സിൽ പൈലറ്റായിത്തീർന്ന യുവതികളെക്കുറിച്ചു എന്തുകൊണ്ട് കുട്ടികൾ പഠിക്കുന്നില്ല? ശൂന്യാകാശയാത്രയിൽ പൊലിഞ്ഞുപോയ കല്‌പന ചൗളയെക്കുറിച്ചു അറിയണ്ടേ? വനിതാ ശാസ്ത്രജ്ഞരെക്കുറിച്ചറിയണ്ടേ? സാമ്പ്രദായിക നിർവചനങ്ങൾ അപ്രസക്തമായതു കുട്ടികൾ അറിയുന്നു എന്ന് ഉറപ്പു വരുത്തുകയും
സ്ത്രീപുരുഷ സമതയെന്നത് അമൂർത്തമായ ആശയമല്ലെന്നും അതൊരു സമൂഹ്യ യാഥാർത്ഥ്യമാണെന്നും കുട്ടികൾക്കു ബോദ്ധ്യപ്പെടണം. പാഠത്തിലെ പ്രധാന ആശയങ്ങളെപ്പോലെതന്നെ പ്രധാനമാണ് ആനുഷംഗികമായി വരുന്ന പരാമർശങ്ങളും. കാലാവസ്ഥാ വ്യതിയാനം വസ്‌തുതയാണെന്നു ബോദ്ധ്യമായ
സാഹചര്യത്തിൽ വികസനത്തെക്കുറിച്ച് നിലനില്‌ക്കുന്ന, കഴിഞ്ഞ നൂറ്റാണ്ടിലെ മാതൃകകൾ പാഠപുസ്തകങ്ങളിൽ ഇനിയും കടന്നുകൂടാൻ പാടില്ല.

പാരിസ്ഥിതിക അവബോധവും ജാഗ്രതയും കുഞ്ഞുമനസുകളിൽ രൂഢമൂലമാകുന്ന വിധം പാഠഭാഗങ്ങൾ എഴുതപ്പെടണം. പരിസ്ഥിതിവിനാശം ലഘൂകരിക്കുന്നതിനു തങ്ങളുടെ ജീവിതശൈലിയിലും മനോഭാവത്തിലും എന്തൊക്കെ മാറ്റങ്ങൾ വേണമെന്ന് അവർ ചിന്തിക്കണം. സർവനാശത്തിലേക്ക് മാനവരാശിയെ ആവാഹിക്കുന്ന ഭ്രാന്തൻ ഉപഭോഗത്തിന്റെ വശ്യതയിൽ നമ്മുടെ കുഞ്ഞുങ്ങൾ വീണുപോകുന്നില്ലെന്നു ഉറപ്പിക്കാനും പാഠ്യപദ്ധതി ഉപകരണമാകണം.
അഴിമതി സമൂഹത്തിലെ യാഥാർത്ഥ്യമാണെങ്കിലും അതിനെക്കുറിച്ച് ആരുമധികം ചർച്ചചെയ്യാറില്ല (ചർച്ച ചെയ്തത് കൊണ്ട് പ്രയോജനമില്ലെന്നു കരുതിയിട്ടാകണം.) അഴിമതി നടത്തുന്നത് നിരക്ഷരരല്ലെന്നോർക്കണം. വിദ്യാഭ്യാസമുള്ളവരാണ്. സ്‌കൂൾപ്രായത്തിൽ തന്നെ താൻ ഒരിക്കലും അവിഹിതമായ ധനവും ആനുകൂല്യങ്ങളും മോഹിക്കുകയോ സ്വീകരിക്കുകയോ ഇല്ല എന്ന ഉദാത്തചിന്ത അവരുടെ മനസിൽ വേരോടണം , നിശ്ശബ്ദമായ നിർണയമായിത്തീരണം. അഴിമതിയുടെ സാമൂഹ്യവും നിയമപരവും ധാർമികവുമായ പ്രത്യാഘാതങ്ങളും പാർശ്വഫലങ്ങളും അവരുടെ മനസിൽ പതിയണം. അതിനും വേണം സൂക്ഷ്മമായി രചിക്കപ്പെട്ട പാഠങ്ങൾ.
വേദന അനുഭവിക്കുന്നവരെ സഹായിക്കാനുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാകേണ്ടത് സ്‌കൂൾ കാലത്താണ്. മറ്റെന്തുണ്ടായിട്ടും കരുണയില്ലെങ്കിൽ വിദ്യാഭ്യാസത്തിൽ നിന്ന് മനുഷ്യത്വം മാഞ്ഞുപോകുമല്ലോ. സേവന പ്രവൃത്തികളിൽ വ്യാപൃതരാകാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന പാഠങ്ങൾ വേണം. പാലിയേറ്റീവ് കെയർ അഥവാ സാന്ത്വന പരിചരണം എന്ന വലിയ പ്രസ്ഥാനം നമ്മുടെ സമൂഹത്തിൽ
സേവനത്തിന്റെയും ആശ്വാസത്തിന്റെയും നിശബ്ദവിപ്ലവം നടത്തുകയാണല്ലോ. പാലിയേറ്റീവ് കെയർ എന്താണെന്നു കുട്ടികൾ അറിയണം. തങ്ങൾക്കും സാന്ത്വനപരിചരണത്തിന്റെ സന്നദ്ധ സേവകരാവണം എന്ന ഉത്കൃഷ്ട വിചാരം കുഞ്ഞുങ്ങളിൽ വളരണം.
ചില വിഷയങ്ങൾ ഇവിടെ പരാമർശിച്ചുവെന്നു മാത്രം. ജാഗ്രത പാലിക്കേണ്ട മേഖലകൾ അനേകമുണ്ട്. പാഠ്യപദ്ധതി പരിഷ്‌കരണം ചരിത്രത്തെ വളയ്ക്കാനും ഒടിക്കാനും ഒളിപ്പിക്കാനുമുള്ള സന്ദർഭമായി മാറ്റാനുള്ള പ്രലോഭനത്തെയും അതിജീവിക്കേണ്ടതുണ്ടെന്നു കൂടി പറഞ്ഞുകൊള്ളട്ടെ. ചില പ്രതിഷ്ഠകൾ ഇളക്കാനും തമസ്‌കരിക്കാനും ശ്രമിച്ചു പരാജയപ്പെടുന്നതെന്തിന്? മറ്റെന്തെല്ലാമുണ്ട് ചെയ്തു തീർക്കാൻ?

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KUTTIKAL, NIRAKATHIR
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.