സാവോപോളോ: ജരാരകുസു പിറ്റ് അണലിയുടെ വിഷത്തിൽ നിന്ന് കൊവിഡിനുള്ള മരുന്നു കണ്ടെത്താനുള്ള പരീക്ഷണമാരംഭിച്ച് ബ്രസീലിയൻ ഗവേഷകർ. വിഷത്തിൽ അടങ്ങിയിരിക്കുന്ന ചെറുകണികകൾ കുരങ്ങുകളുടെ കോശങ്ങളിൽ വൈറസിന്റെ പുനരുൽപാദനം തടഞ്ഞുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
വിഷത്തിലെ ചില ഘടകങ്ങൾ കുരങ്ങുകളുടെ കോശത്തിൽ വൈറസ് പുനരുൽപാദിപ്പിക്കപ്പെടുന്നത് 75 ശതമാനത്തോളം തടഞ്ഞു. വൈറസിൽ നിന്നുള്ള പ്രധാന പ്രോട്ടീനെ തടയാൻ വിഷത്തിലടങ്ങിയ വസ്തുവിനു കഴിഞ്ഞതായി സാവോപോളോ സർവകലാശാലയിലെ പ്രഫസറായ റാഫേൽ ഗുയ്ഡോ പറഞ്ഞു. വിഷത്തിലുള്ള അമിനോ ആസിഡുകളുടെ ശൃംഖലയ്ക്ക് വൈറസിന്റെ പുനരുൽപാദനത്തിൽ നിർണായകമായ എൻസൈമുമായി ബന്ധപ്പെടാൻ ശേഷിയുണ്ടെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
പാമ്പുകളെ കൊന്നൊടുക്കാതെ തന്നെ ഇതു നിർമ്മിക്കാൻ കഴിയുമെന്നും ഗവേഷകർ വ്യക്തമാക്കി. കൂടുതൽ ഗവേഷണങ്ങൾക്ക് ശേഷം ഇത് മനുഷ്യകോശങ്ങളിൽ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ഗവേഷകർ.
ജരാരാകുസു
ബ്രസീലിൽ കാണപ്പെടുന്ന ഏറ്റവും നീളം കൂടിയ പാമ്പുകളിലൊന്ന്
ആറടിയോളം നീളം
ബൊളീവിയ, അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിലും കാണപ്പെടും