കോട്ടയം : റബർ വില ഉയർന്നതോടെ ടാപ്പിംഗ് പുന:രാരംഭിക്കാനുള്ള കർഷകർക്ക് തിരിച്ചടിയായി തൊഴിലാളി ക്ഷാമം.
നിലവിൽ റബർബോർഡിന്റെ കീഴിൽ നൽകിയിരുന്ന ടാപ്പിംഗ് പരിശീലനം നിലച്ചിരിക്കുകയാണ്. റബർവില 180 ൽ എത്തിയതോടെ റബർമേഖലയിൽ വലിയ ഉണർവാണ് ഉണ്ടായത്. ഇതോടെയാണ് ആളുകൾ റബർ ടാപ്പിംഗ് പുന:രാരംഭിക്കാൻ ഒരുങ്ങുന്നത്. ആരോഗ്യ പ്രശ്നങ്ങളാൽ ഭൂരിഭാഗം പഴയ തൊഴിലാളികളും പണിക്കിറങ്ങുന്നില്ല. കൊവിഡ് പ്രതിസന്ധിമൂലം ഗൾഫിൽനിന്ന് മടങ്ങിയെത്തിയവരും ജോലി നഷ്ടപ്പെട്ടവരും ഈ രംഗത്തേക്ക് താത്പര്യം കാട്ടുന്നുണ്ടെങ്കിലും പരിശീലനത്തിന് സൗകര്യമില്ല. സ്വന്തം തോട്ടം ടാപ്പ് ചെയ്യാനായി പരിശീലനം ആഗ്രഹിക്കുന്നവരും ഏറെയാണ്.