പയ്യന്നൂർ: കോറോത്തെ കൊളങ്ങരത്തു വളപ്പിൽ സുനീഷ (26) ഭർതൃവീട്ടിലെ കുളിമുറിയിൽ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മരണത്തിന് പിന്നിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സുനീഷയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധന തുടങ്ങി.
സുനീഷ സ്വന്തം വീട്ടിലേക്ക് പോകുന്നതിനെ ചൊല്ലി ഭർത്താവുമായി സംസാരിക്കുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്റെ ആധികാരികത സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം സുനീഷയുടെ വീട്ടുകാരുടെ മൊഴിയെടുത്തിരുന്നു.
ഇന്നലെ സുനീഷയുടെ സുഹൃത്തുക്കളുടെയും ഫോണിൽ ബന്ധപ്പെട്ട മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയതായി പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ പറഞ്ഞു. എന്നാൽ ഭർത്താവ് വിജീഷിന്റെ വീട്ടിൽ അമ്മയ്ക്കും മറ്റും കൊവിഡ് പോസിറ്റീവായതിനാൽ ആരുടെയും മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. ഇതുകാരണം വിജീഷിന്റേതുൾപ്പെടെ ഫോൺ പരിശോധനയും വൈകുമെന്നും സൂചനയുണ്ട്.
വെള്ളൂർ ചേനോത്തെ കെ.പി. വിജീഷിന്റെ ഭാര്യ കോറോം സെൻട്രലിൽ വായനശാലക്കടുത്ത കൊളങ്ങരത്ത് വളപ്പിൽ സുനീഷയെ (26) ഭർതൃവീട്ടിലെ കുളിമുറിയുടെ വെന്റിലേറ്ററിൽ തൂങ്ങിമരിച്ച നിലയിൽ ഞായറാഴ്ച വൈകിട്ടാണ് കണ്ടെത്തിയത്. സുനീഷ മരിക്കുന്നതിന് മുമ്പ് ഭർത്താവിന് വീഡിയോ കോൾ ചെയ്തതായി ബന്ധുക്കൾ പറയുന്നു. ഇതുപരിഗണിച്ചാണ് ഫോൺ രേഖകൾ വിശദമായി പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. പ്രണയബദ്ധരായിരുന്ന സുനീഷയും വിജീഷും ഒന്നര വർഷം മുമ്പാണ് വിവാഹിതരായത്.
പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺ. മാർച്ച്
പയ്യന്നൂർ: സുനീഷ ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ഭർത്താവായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിജീഷിന്റെയും വീട്ടുകാരുടെയും പീഡനമാണ് സുനീഷയുടെ ആത്മഹത്യക്ക് കാരണമായതെന്നും ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും ആരോപിച്ചായിരുന്നു മാർച്ച്. മണ്ഡലം പ്രസിഡന്റ് ഗോകുൽ ഗോപിയുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.സി നാരായണൻ, അഡ്വ.ഡി.കെ ഗോപിനാഥ്, ആകാശ് ഭാസ്കരൻ, നവനീത് നാരായണൻ, ജി. അർജുൻ, ഭരത് ഡി. പൊതുവാൾ, സുനീഷ് തായത്തുവയൽ, കെ.വി.ഭാസ്കരൻ , എ. രൂപേഷ്, പ്രശാന്ത് കോറോം, എം.ഇ. ദാമോദരൻ,സി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.