മലപ്പുറം: പ്ലസ്വണ്ണിന് 20 ശതമാനം സീറ്റുകൾ കൂടി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതോടെ ജില്ല നേരിടുന്ന വലിയ പ്രതിസന്ധിക്ക് പരിഹാരമാവും. മലപ്പുറമടക്കം സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ 20 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതുപ്രകാരം ഓരോ ബാച്ചിലും സർക്കാർ നിശ്ചയിച്ച 50 സീറ്റുകൾക്ക് പുറമെ 10 സീറ്റുകൾ കൂടി വർദ്ധിക്കും. ഇതോടെ ഒരു ക്ലാസിൽ 60 കുട്ടികൾ എന്ന നിലയിലാവും.
ജില്ലയിൽ ഇത്തവണ 99.3 ശതമാനം വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ചത്. 75,554 വിദ്യാർത്ഥികൾ ജില്ലയിൽ ഉപരി പഠനത്തിന് യോഗ്യത നേടി. ഇതിൽ 38,274 ആൺകുട്ടികളും, 37,280 പെൺകുട്ടികളുമാണ്. 18,970 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസിന് അർഹരാവുകയും ചെയ്തു. പുനർ പരിശോധന ഫലങ്ങൾ പരിശോധിച്ചാൽ എ പ്ലസുകളുടെ എണ്ണം ഇനിയും വർദ്ധിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് എ പ്ലസ് ലഭിച്ചത് മലപ്പുറത്താണ്. 1,065 പ്ലസ് വൺ ബാച്ചുകളാണ് ജില്ലയിലുള്ളത്. 20 ശതമാനം വർദ്ധിക്കുമ്പോൾ ജില്ലയിലെ നിലവിലെ ആകെ സീറ്റുകളുടെ എണ്ണം 53,225 എന്നതിൽ നിന്ന് 63,870 സീറ്റുകളായി വർദ്ധിക്കും. സീറ്റുകളുടെ വലിയ കുറവിനെ തുടർന്ന് ഇഷ്ടപെട്ട കോഴ്സുകളും, സ്കൂളുകളും ലഭിക്കുമോ എന്നർ ആശങ്കയായിലായിരുന്നു വിദ്യാർത്ഥികൾ
11,684 പേർക്ക് സീറ്റില്ല
ജില്ലയിൽ 248 ഹയർസെക്കന്ററി സ്കൂളുകളാണുള്ളത്. ഇതിൽ ഗവർണമെന്റ് - 85, എയ്ഡഡ്-88, അൺഎയ്ഡഡ് - 69 എന്നിങ്ങനെ സ്കൂളുകളാണുള്ളത്. ഇവിടങ്ങളിലായി മെറിറ്റ്, നോൺ മെറിറ്റ് വിഭാഗങ്ങളിലായി ആകെ 53,225 സീറ്റുകളുണ്ട്. ഇതിൽ 20 ശതമാനം വർദ്ധിപ്പിക്കുമ്പോൾ 63,870 സീറ്റുകളായി മാറും. ഐ.ടി.ഐ, പോളിടെക്നിക് മേഖലകളിലെ സീറ്റുകൾക്ക് പുറമെയാണിത്. പാരാ മെഡിക്കൽ കോഴ്സുകളിലേക്കും വിദ്യാർത്ഥികൾ അപേക്ഷിച്ചേക്കും. ഇതെല്ലാം പരിഗണിച്ചാൽ പ്ലസ്വൺ സീറ്റിലെ ജില്ലയിലെ വലിയ കുറവിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.