പോർട്ട് ഒഫ് സ്പെയ്ൻ: ട്വന്റി 20 ക്രിക്കറ്റിൽ 11000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന റെക്കാഡ് സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് ആൾറൗണ്ടർ കെയ്റോൺ പൊള്ളാർഡ്.
കരീബിയൻ പ്രീമിയർ ലീഗിൽ സെയ്ന്റ് ലൂസിയ കിംഗ്സിനെതിരേ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടി 41 റൺസ് നേടിയതോടെയാണ് താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്.
വെസ്റ്റ് ഇൻഡീസിന്റെ തന്നെ ക്രിസ് ഗെയ്ലാണ് ട്വന്റി -20യിൽ ആദ്യമായി 11000 റൺസ് പിന്നിട്ടത്. അന്താരാഷ്ട്ര മത്സരങ്ങളും ആഭ്യന്തര മത്സരങ്ങളും വിവിധ ലീഗുകളുമെല്ലാം ഇതിൽ ഉൾപ്പെടും. ഗെയ്ലിന്റെ അക്കൗണ്ടിൽ ഇപ്പോൾ 14108 റൺസുണ്ട്. പൊള്ളാഡ് 11000 റൺസിനൊപ്പം 297 വിക്കറ്റുകളും ട്വന്റി -20യിൽ നേടിയിട്ടുണ്ട്.
വേറിട്ട പ്രതിഷേധം
റൺ വേട്ടയിൽ റെക്കാഡ് നേടിയ മത്സരം പൊള്ളാഡിന്റെ വേറിട്ട പ്രതിഷേധത്തിനും വേദിയായി. പാക്കിസ്ഥാൻ താരം വഹാബ് റിയാസ് എറിഞ്ഞ പന്ത് അമ്പയർ വൈഡ് വിളിക്കാതിരുന്നതിനെത്തുടർന്ന് നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന നൈറ്റ് റൈഡേഴ്സ് നായകൻ കൂടിയായ പൊള്ളാർഡ് ഒന്നും മിണ്ടാതെ അമ്പയറുടെ അടുത്തുനിന്ന് ദൂരേക്ക് മാറിനിൽക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |