SignIn
Kerala Kaumudi Online
Tuesday, 17 May 2022 12.40 PM IST

മരം കൊള്ള ഉന്നതരുടെ മൗനാനുവാദത്തോടെ, സി.ബി.ഐ ഇപ്പോൾ വേണ്ടെന്ന് ഹൈക്കോടതി

wood

 പട്ടയ ഭൂമിയിലെ കേസായി ഒതുക്കരുത്

 എത്ര ഉന്നതരായാലും നടപടി വേണം

കൊച്ചി: പട്ടയ-സർക്കാർ-വന ഭൂമികളിൽ നിന്ന് ഉന്നതരുടെ മൗനാനുവാദവും അനുഗ്രഹവുമില്ലാതെ അനധികൃതമായി വൻതോതിൽ മരങ്ങൾ മുറിച്ചു കടത്താനാവില്ലെന്ന് പറഞ്ഞ ഹൈക്കോടതി ഇതിലുൾപ്പെട്ടവർ എത്ര ഉന്നതരായാലും എത്രയുംവേഗം കർശന നടപടിയെടുക്കാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. കേസിൽ ഇപ്പോൾ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് നിരീക്ഷിച്ച്, ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി തീർപ്പാക്കുകയും ചെയ്തു.

കേസിന്റെ വസ്തുതകളും തെളിവുകളും നിയമവശവും പരിശോധിച്ചാൽ ഈ ഘട്ടത്തിൽ ക്രൈംബ്രാഞ്ച് സംഘത്തെ മാറ്റാൻ കാരണമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എന്നാൽ, പട്ടയ ഭൂമിയിലെ മരം മുറിക്കൽ കേസ് മാത്രമാക്കി ഒതുക്കിക്കളയരുതെന്നും നിർദ്ദേശിച്ചു. തൃശൂരിലെ പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളമാണ് സി.ബി.ഐ വേണമെന്ന് പൊതുതാത്പര്യ ഹർജി നൽകിയിരുന്നത്.

കേരള വനനിയമം, ഭൂസംരക്ഷണ നിയമം തുടങ്ങിയവയും ചട്ടങ്ങളുമനുസരിച്ച് പട്ടയ ഭൂമിയിലെ വിലയേറിയ മരങ്ങൾ മുറിച്ചു നീക്കാൻ ഉടമകൾക്ക് കഴിയില്ല. മുറിച്ചു കടത്തിയ മരങ്ങളുടെ വിവരങ്ങളും മൂല്യവും പരിശോധിച്ചാൽ ഇതിനു പിന്നിൽ കൂട്ടായ പരിശ്രമം ഉണ്ടെന്ന് മനസിലാകും.

വിവിധ ഭാഗങ്ങളിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമല്ലെന്നും മരങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കടത്തിയിട്ടുണ്ടെന്നതിനാൽ സി.ബി.ഐ അന്വേഷിക്കണമെന്നും ഹർജിക്കാരൻ വാദിച്ചു. പട്ടയഭൂമിയിൽ നിന്ന് മരം മുറിക്കാൻ അനുവദിച്ച് 2020 ഒക്ടോബർ 24 പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് മരംകൊള്ള. ഉത്തരവ് വിവാദമായതോടെ തീയതിപോലും രേഖപ്പെടുത്താത്ത മറ്റൊരുത്തരവിലൂടെ ഇതു പിൻവലിച്ചു. ഭരണത്തിലുള്ള ഉന്നതരറിയാതെ ഇതു നടക്കില്ലെന്നും മരംമുറിക്കാൻ അനുമതി നൽകുന്ന ഉത്തരവിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് അന്നത്തെ റവന്യു മന്ത്രി സമ്മതിച്ചെന്നും ഹർജിക്കാരൻ വാദിച്ചു.

എന്നാൽ, അന്വേഷണത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കി സർക്കാരും അന്വേഷണ സംഘവും സ്റ്റേറ്റ്മെന്റുകൾ സമർപ്പിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥരോ മറ്റു വ്യക്തികളോ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അവരുടെ വിലയും നിലയും നോക്കാതെ നടപടിയെടുക്കുമെന്നാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അറിയിച്ചത്. ഇതു കണക്കിലെടുത്താണ് ഹർജി തീർപ്പാക്കിയത്. അന്വേഷണം ശരിയായി നടക്കുന്നില്ലെന്ന് പിന്നീട് ഏതെങ്കിലും ഘട്ടത്തിൽ ആർക്കെങ്കിലും തോന്നിയാൽ കോടതിയെ സമീപിക്കാൻ തടസമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ദാക്ഷിണ്യവും വേണ്ട

 വിലയേറിയ പൊതുമുതൽ കവർന്ന ഗുരുതരമായ കേസാണിത്. ഇത്തരം സംഭവങ്ങളിൽ ഒരുതരത്തിലുള്ള ദയാദാക്ഷിണ്യവും കാണിക്കേണ്ടതില്ല

 അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങളുണ്ടെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ പറയുന്നില്ല

 സംസ്ഥാനത്തിന്റെയും പൊതുജനങ്ങളുടെയും താല്പര്യം സംരക്ഷിക്കാൻ കേസിന്റെ എല്ലാ വശങ്ങളും വീഴ്ചയില്ലാതെ വേഗം അന്വേഷിക്കണം

സർക്കാർ പൊതുജന താല്പര്യം സംരക്ഷിക്കുകയും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന സന്ദേശം നൽകുകയും വേണം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WOOD ROBBERY HIGH COURT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.