കോട്ടയം: കേന്ദ്ര സ്പൈസസ് ബോർഡ് ചെയർമാനായി എസ്.എൻ.ഡി.പി യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമായ എ.ജി. തങ്കപ്പൻ നിയമിതനായി. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് .
35 വർഷം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറിയായിരുന്നു .തുടർന്നു പ്രസിഡന്റും, യോഗം ഡയറക്ടറുമായി .ഇക്കാലത്താണ് ജി സാറ്റ് എൻജിനിയറിംഗ് കോളേജ്, കുമരകം ശ്രീനാരായണ കോളേജ്, ചാന്നാനിക്കാട് പി.ജി.ആർ മെമ്മോറിയൽ കോളേജ്, ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിച്ച് വിദ്യാഭ്യാസ രംഗത്ത് കോട്ടയം യൂണിയനെ മാതൃകയാക്കിയത്. യൂണിയന്റെ കീഴിലുള്ള നാഗമ്പടം മഹാദേവക്ഷേത്രത്തെ ആത്മീയ കേന്ദ്രമാക്കി വളർത്തുന്നതിലും വലിയ പങ്ക് വഹിച്ചു .എസ്.എൻ.ഡി.പി വൈദിക യോഗം കേന്ദ്ര കോ-ഓർഡിനേറ്ററാണ് .
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചു. മണർകാട് ആക്കളമാണ് വസതി. സാംബവി തങ്കപ്പനാണ് ഭാര്യ. എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കോട്ടയം യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി ആക്കളം (ബി.എസ്.എൻ.എൽ എൻജിനീയർ, കോട്ടയം) ,മിഥുൻ ടി ആക്കളം (മർച്ചന്റ് നേവി) എന്നിവർ മക്കൾ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |