ആലപ്പുഴ: കേരകൃഷി പ്രോത്സാഹിപ്പിക്കാനായി സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ പാതിവഴിയിലായതോടെ നാളികേര ഉത്പാദനത്തിലും കുറവുണ്ടായി. കൃഷിഭവനുകൾ മുഖേന തുടങ്ങിയ നാളികേര വികസന സമിതിയുടെ പ്രവർത്തനം ഫലപ്രദമായി കർഷകർ ഏറ്റെടുക്കുന്നുമില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നാളികേര കൃഷിയെ പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, സംസ്ഥാനത്ത് നാളികേര ഉത്പാദനം, വിസ്തൃതി തുടങ്ങിയവയുടെ സ്ഥിതിവിവരക്കണക്ക് കൃത്യമല്ലെന്നാണ് ആക്ഷേപം. കേര കൃഷിക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
നാളികേര ഉത്പാദക രാജ്യങ്ങൾ സെപ്തംബർ 2 ആണ് ലോക നാളികേര ദിനമായി ആചരിക്കുന്നത്. ലോകത്തിലെ പ്രമുഖ നാളികേര ഉത്പാദക രാജ്യങ്ങൾക്കിടയിൽ ഉത്പാദനത്തിലും ഉത്പാദന ക്ഷമതയിലും ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.
നാല് കേരഗ്രാമങ്ങൾ
മുഹമ്മ, പാണാവള്ളി, അമ്പലപ്പുഴ വടക്ക്, മുളക്കുഴ എന്നീപഞ്ചായത്തുകളാണ് കേരഗ്രാമപദ്ധതിയിലുള്ളത്. ഒരുഹെക്ടർ സ്ഥലത്ത് 25,000രൂപയാണ് ചെലവഴിക്കുന്നത്. വളം,കീടനാശിനി, സ്ഥലം വൃത്തിയാക്കൽ, രോഗബാധയുള്ള തെങ്ങുകൾ മുറിച്ചു നീക്കൽ, 50ശതമാനം സബ്സിഡിയിൽ തെങ്ങിൻ തൈ, പമ്പ് സെറ്റ്, തെങ്ങുകയറ്റ യന്ത്രം എന്നിവയാണ് പദ്ധതിയിലുള്ളത്.
കേന്ദ്രപദ്ധതി
രോഗബാധയുള്ള തെങ്ങ് മുറിച്ച് മാറ്റുന്നതിന് 1,000രൂപ. 25ശതമാനം സബ്സിഡിയിൽ വളം.സബ്സിഡി നിരക്കിൽ തെങ്ങിൻ തൈ വിതരണം.
'കൃഷി ഓഫീസർ നേരിട്ട് ആറ് മാസത്തിൽ ഒരിക്കൽ ഓരോ കൃഷിഭവൻ പരിധിയിലും സഞ്ചരിച്ച് കർഷകരുമായി ആശയവിനിമയം നടത്തി പ്രശ്നങ്ങൾ ബോദ്ധ്യപ്പെടണം. കേന്ദ്രസർക്കാർ നാളികേര കൃഷിക്കായി പ്രത്യേക പാക്കേജിന് രൂപം നൽകണം. എണ്ണപ്പനക്കൃഷിക്ക് 41000 കോടിയുടെ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചു. കേര കൃഷിയെ അവഗണിച്ചു.
(ബേബി പാറക്കാടൻ, പ്രസിഡന്റ്, സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ)
" കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നാളികേര കൃഷി വികസനത്തിന് നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ജില്ലയിൽ 58500ഹെക്ടർ സ്ഥലത്താണ് നാളികേര കൃഷിയുള്ളത്. നിലവിൽ പ്രതിവർഷം 3723ലക്ഷം നാളികേരം ഉത്പാദിപ്പിക്കുന്നു. ഉത്പാദന ക്ഷമത ഹെക്ടറിന് 5688 നാളികേരമാണ്.
ശ്രീരേഖ, പ്രിൻസിപ്പൽ കൃഷി ഓഫീസർ