മുംബയ്: മുതിർന്ന ബോളിവുഡ് നടിയും അന്തരിച്ച നടൻ ദിലീപ് കുമാറിന്റെ ഭാര്യയുമായ സൈറ ബാനുവിനെ (77) തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം കൂടിയതിനെ തുടർന്നുണ്ടായ അസ്വസ്ഥതകളെ തുടർന്നാണ് സൈറയെ കഴിഞ്ഞ ദിവസം മുംബയ് ഹിന്ദുജ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
ജൂലായ് 7നായിരുന്നു ദിലീപ് കുമാറിന്റെ വിയോഗം. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.
1961ൽ ഷമ്മി കപൂറിന്റെ നായികയായി ജംഗ്ലീ എന്ന ചിത്രത്തിൽ അഭിനയിച്ചാണ് സൈറയുടെ അരങ്ങേറ്റം. 22-ാം വയസിൽ 1966ലാണ് സൈറ ബാനു, 44കാരനായ ദിലീപ് കുമാറിനെ വിവാഹം കഴിച്ചത്.