കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ആശ്വാസം പകർന്നും സമ്പദ്വ്യവസ്ഥ നേട്ടത്തിലേക്ക് അതിവേഗം തിരിച്ചുകയറുന്നുവെന്ന് സൂചിപ്പിച്ചും തുടർച്ചയായ രണ്ടാംമാസവും ജി.എസ്.ടി സമാഹരണം 1.10 ലക്ഷം കോടി രൂപ കടന്നു. ആഗസ്റ്റിൽ 1.12 ലക്ഷം കോടി രൂപ നേടിയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ജൂലായിൽ 1.16 ലക്ഷം കോടി രൂപ സമാഹരിച്ചിരുന്നു.
കഴിഞ്ഞമാസത്തെ സമാഹരണത്തിൽ 20,522 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 26,605 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 56,247 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ് (ഐ.ജി.എസ്.ടി). 8,646 കോടി രൂപ സെസ് ഇനത്തിലും ലഭിച്ചു. നടപ്പുവർഷം ഏപ്രിലിൽ എക്കാലത്തെയും ഉയരമായ 1.41 ലക്ഷം കോടി രൂപയും മേയിൽ 1.02 ലക്ഷം കോടി രൂപയും സമാഹരിച്ചിരുന്നു. എന്നാൽ, കൊവിഡ് രണ്ടാംതരംഗവും പ്രാദേശിക ലോക്ക്ഡൗണുകളും മൂലം ജൂണിൽ സമാഹരണം 92,849 കോടി രൂപയിലേക്ക് ഇടിഞ്ഞിരുന്നു.
30%
കഴിഞ്ഞവർഷം ആഗസ്റ്റിലെ 86,449 കോടി രൂപയേക്കാൾ 30 ശതമാനം അധികമാണ് കഴിഞ്ഞമാസത്തെ സമാഹരണം. കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019 ആഗസ്റ്റിലെ 98,202 കോടി രൂപയേക്കാൾ 14 ശതമാനം വളർച്ചയും കഴിഞ്ഞമാസം കുറിച്ചു.
കേരളത്തിന്റെ
വളർച്ച 31%
കഴിഞ്ഞമാസം ജി.എസ്.ടിയായി കേരളം നേടിയ വരുമാനം 1,612 കോടി രൂപ; 2020 ആഗസ്റ്റിലെ 1,229 കോടി രൂപയേക്കാൾ 31 ശതമാനമാണ് വർദ്ധന.