തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ മികച്ച സീരിയൽ, രണ്ടാമത്തെ സീരിയൽ, സംവിധായകൻ, കലാസംവിധായകൻ എന്നീ വിഭാഗങ്ങളിൽ ഇക്കുറി പുരസ്കാരമില്ല. അവാർഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഒന്നും സാക്ഷാത്കരിക്കാത്തതിനാലാണ് ഈ വിഭാഗങ്ങളിൽ അവാർഡ് നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
മികച്ച നടനായി ശിവജി ഗുരുവായൂർ (കഥയറിയാതെ), നടിയായി അശ്വതി ശ്രീകാന്ത് (ചക്കപ്പഴം) എന്നിവരെ തിരഞ്ഞെടുത്തു. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. രണ്ടാമത്തെ നടൻ റാഫി (ചക്കപ്പഴം), രണ്ടാമത്തെ നടി ശാലു കുര്യൻ (അക്ഷരത്തെറ്റ്), ബാലതാരം ഗൗരി മീനാക്ഷി (ഒരിതൾ). മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്കാരം ചവിട്ടുനാടകത്തെ കുറിച്ച് 'ദ ഫ്രാഗ്മെന്റ് ഒഫ് ഇല്യൂഷൻ' ഒരുക്കിയ ജെ.ബിബിൻ ജോസഫ് അർഹനായി.
എൻട്രികളുടെ നിലവാരത്തകർച്ച കാരണം അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നുവെന്ന് ആർ. ശരത് അദ്ധ്യക്ഷനായ ജൂറി വിലയിരുത്തി.
ടി.വി. അവാർഡ് തുക വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച ജൂറി ശുപാർശ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലിനോട് മന്ത്രി നിർദേശം നൽകി.
'സെൻസറിംഗ് ഗൗരവത്തോടെ കാണുന്നു'
സീരിയലുകൾ ഉൾപ്പെടെയുള്ള ടെലിവിഷൻ പരിപാടികളുടെ സെൻസറിംഗ് ഗൗരവമായി കാണുന്നെന്നും ഇതുസംബന്ധിച്ച ടി.വി അവാർഡ് ജൂറി പരാമർശങ്ങൾ സർക്കാർ പരിശോധിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സീരിയലുകളുടെ സെൻസറിംഗ് അധികാരം സംബന്ധിച്ച് ചില നിയമപ്രശ്നങ്ങളുണ്ട്. തിരക്കഥകളിൽ കൂടുതൽ മസാലകൾ പുരട്ടി ജനങ്ങൾക്ക് മുന്നിലെത്തിക്കുന്ന രീതിയിൽ നിന്നും ചാനലുകൾ പിന്മാറണം. അതിന് മാറ്റം വരുത്തുന്നതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ചാനൽ മേധാവികളുടെ യോഗം വിളിക്കും. വിജയം കണ്ടില്ലെങ്കിൽ രണ്ടാംഘട്ടം എന്ന നിലയിലാകും സെൻസർ സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുക.