കൊച്ചി: മലബാർ കലാപ നായകൻ വാരിയൻ കുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതം ഇതിവൃത്തമാക്കി നിർമ്മിക്കുന്ന 'വാരിയൻകുന്നൻ' സിനിമയിൽ നിന്ന് നടൻ പൃഥ്വിരാജും സംവിധായകൻ ആഷിഖ് അബുവും പിന്മാറി. നിർമ്മാതാവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് പിന്മാറ്റമെന്നാണ് ഇരുവരുമായും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
വാരിയൻകുന്നന്റെ വേഷം അവതരിപ്പിക്കാൻ പൃഥ്വിരാജിനെയും സംവിധായകനായി ആഷിഖ് അബുവിനെയുമാണ് നിശ്ചയിച്ചിരുന്നത്. മലബാർ കലാപത്തിന്റെ നൂറാം വാർഷികമായ ഈ വർഷം റിലീസ് ചെയ്യാൻ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷമാണ് സിനിമ പ്രഖ്യാപിച്ചത്. പിന്മാറ്റം സംബന്ധിച്ച് പൃഥ്വിരാജ് പ്രതികരിച്ചിട്ടില്ല. ആഷിഖ് അബു പിന്മാറ്റം സ്ഥിരീകരിച്ചു.
സിക്കന്ദർ, മൊയ്തീൻ എന്നിവരാണ് സിനിമയുടെ നിർമ്മാതാക്കൾ. ഹർഷദ്, റമീസ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചത്. 80 കോടി രൂപയാണ് ബഡ്ജറ്റ്.
1921ൽ നടന്ന മലബാർ കലാപത്തിന് നേതൃത്വം നൽകിയ വാരിയൻകുന്നനെ മഹത്വവത്കരിക്കാനാണ് സിനിമയെന്ന് സംഘപരിവാർ ആരോപിച്ചിരുന്നു. വാരിയൻകുന്നനെക്കുറിച്ച് പൃഥ്വിരാജ് സമൂഹമാദ്ധ്യമത്തിൽ നൽകിയ പോസ്റ്റിനും വിമർശനം ഉയർന്നിരുന്നു. പൃഥ്വിരാജ് സിനിമയിൽ നിന്ന് പിന്മാറണമെന്നും ആവശ്യം ഉയർന്നു. മലബാർ കലാപം സ്വാതന്ത്ര്യ സമരമാണെന്ന് ഒരുവിഭാഗവും വർഗീയലഹളയാണെന്ന് മറുവിഭാഗവും വാദങ്ങൾ കൊഴുപ്പിക്കുന്ന സാഹചര്യത്തിലാണ് പൃഥ്വിരാജിന്റെയും ആഷിഖിന്റെയും പിന്മാറ്റം. സിനിമ സംവിധാനം ചെയ്യാൻ അൻവർ റഷീദിനെയാണ് ആദ്യം നിർമ്മാതാക്കൾ സമീപിച്ചതെങ്കിലും അദ്ദേഹം പിന്മാറിയിരുന്നു. തുടർന്നാണ് ആഷിഖ് അബുവിനെ സമീപിച്ചത്.