മുംബയ്: പ്രശസ്ത ഹിന്ദി ടെലിവിഷൻ താരവും ബിഗ് ബോസ് സീസൺ 13ലെ വിജയിയുമായ സിദ്ധാർത്ഥ് ശുക്ല (40) അന്തരിച്ചു. ഇന്നലെ മുംബയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സിദ്ധാർത്ഥിനെ കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമാണെന്നാണ് റിപ്പോർട്ടുകൾ. മോഡലിംഗായിരുന്നു യു.പി സ്വദേശിയായ സിദ്ധാർത്ഥിന്റെ ആദ്യ തട്ടകം. 2008ൽ ബാബുൾ കാ ആംഗൺ ഛൂട്ടേ നാ എന്ന സീരിയലിലൂടെ അഭിനയജീവിതം ആരംഭിച്ചു. സി.ഐ.ഡി, ബാലിക വധു, ലവ് യൂ സിന്ദഗി തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2014ൽ ഹംപ്റ്റി ശർമ കി ദുൽഹനിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഫിയർ ഫാക്ടർ: ഖത്രോൻ കെ ഖിലാഡി എന്ന റിയാലിറ്റി ഷോയിലും വിജയിയായി. ബ്രോക്കൻ ബട്ട് ബ്യൂട്ടിഫ്യുൾ 3 എന്ന വെബ്സീരിസിലാണ് അവസാനമായി അഭിനയിച്ചത്. അശോക് ശുക്ല, റിത ശുക്ല എന്നിവരാണ് മാതാപിതാക്കൾ. ഒരു സഹോദരിയുണ്ട്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനടക്കം നിരവധി പ്രമുഖർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |