തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലാ കളക്ടർമാരെയടക്കം 15 ഐ.എ.എസുകാരെ മാറ്റി. എറണാകുളത്ത് ജില്ലാ വികസന കമ്മിഷണറായിരുന്ന അഫ്സാനാ പ്രവീണിനെ കൊല്ലത്തും എൻട്രൻസ് കമ്മിഷണറായിരുന്ന എ.ഗീതയെ വയനാട്ടിലും ഐ.ടി മിഷൻ ഡയറക്ടർ എസ്.ചന്ദ്രശേഖറിനെ കണ്ണൂരിലും എംപ്ലോയ്മെന്റ് ഡയറക്ടർ വി.ആർ. പ്രേംകുമാറിനെ മലപ്പുറത്തും കളക്ടർമാരാക്കി.
വനിതാ ശിശുക്ഷേമ ഡയറക്ടറായിരുന്ന ടി.വി. അനുപമയെ പട്ടികവർഗ്ഗ ഡയറക്ടറാക്കി. എൻട്രൻസ് കമ്മിഷണറുടെ ചുമതലയും അനുപമയ്ക്കാണ്. ഐ.ടി വകുപ്പ് അഡി.സെക്രട്ടറിയായിരുന്ന മുഹമ്മദ് വൈ.സഫീറുള്ളയെ ജി.എസ്.ടി സ്പെഷ്യൽ കമ്മിഷണറാക്കി. ഇ-ഹെൽത്ത് പ്രോജക്ട് ഡയറക്ടറുടെയും ധനകാര്യ റിസോഴ്സ് സെക്രട്ടറിയുടെയും അധികചുമതലയുമുണ്ട്. സർവേ ഡയറക്ടർ ശ്രീറാം സാംബശിവ റാവുവിന് കെ.എസ്.ടി.പി സി.ഇ.ഒയുടെയും കെ.എസ്.ഐ.ടി.ഐ.എൽ എം.ഡിയുടെയും അധികചുമതല നൽകി. വയനാട് കളക്ടറായിരുന്ന അദീലാ അബ്ദുള്ളയെ വനിതാ ശിശുവികസന ഡയറക്ടറാക്കി. ജെൻഡർപാർക്ക് സി.ഇ.ഒ, ലോട്ടറിവകുപ്പ് ഡയറക്ടർ എന്നീ അധികചുമതലയുമുണ്ട്.
തൊഴിലുറപ്പ് പദ്ധതി ഡയറക്ടർ എസ്.ഷാനവാസിനെ കൊച്ചി സ്മാർട് മിഷൻ സി.ഇ.ഒയാക്കി. വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി എം.ഡി, കൊച്ചി മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടി എം.ഡി എന്നീ അധികചുമതലയുമുണ്ട്. കൊല്ലം കളക്ടറായിരുന്ന അബ്ദുൾ നാസറിനെ തൊഴിലുറപ്പ് പദ്ധതി ഡയറക്ടറാക്കി. സിവിൽ സപ്ലൈസ് ഡയറക്ടർ ഡി.സജിത്ബാബുവിന് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ അധികചുമതല നൽകി. മലപ്പുറം കളക്ടറായിരുന്ന കെ.ഗോപാലകൃഷ്ണനെ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടറാക്കി. അക്കാഡമി ഒഫ് സ്കിൽ എക്സലൻസ് എം.ഡിയുടെ അധികചുമതലയുമുണ്ട്.
കണ്ണൂർ കളക്ടറായിരുന്ന ടി.വി.സുഭാഷിനെ കാർഷിക വികസന വകുപ്പ് ഡയറക്ടറാക്കി. ഹൗസിംഗ് കമ്മിഷണറായിരുന്ന എൻ.ദേവിദാസിന് പിന്നാക്ക വിഭാഗ വികസനവകുപ്പ് ഡയറക്ടറുടെ അധികചുമതല നൽകി. കണ്ണൂർ ജില്ലാ വികസന കമ്മിഷണറായിരുന്ന സ്നേഹിൽ കുമാർ സിംഗിനെ ഐ.ടി മിഷൻ ഡയറക്ടറാക്കി. ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സി-ഡിറ്റ് ഡയറക്ടർ അധികചുമതലയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |