SignIn
Kerala Kaumudi Online
Friday, 19 April 2024 12.00 PM IST

കസേര ഇല്ലേ, പാർട്ടിക്ക് ഇരിക്കട്ടെ അന്ത്യാഞ്ജലി

rajeev

എലിയെ പേടിച്ച് ഇല്ലം ചുടുന്നുവെന്ന ചാെല്ല് സാധാരണമാണ്. പ്രസിഡന്റ് പദവി കിട്ടാത്തതിന് പാർട്ടിയെ കൊല്ലുന്നുവെന്ന് കേട്ടിട്ടുണ്ടോ ? പത്തനംതിട്ട ഡി.സി.സി ഓഫീസായ രാജീവ് ഭവനിലാണ് അത്തരമൊരു നാടകം അരങ്ങേറിയത്. പാർട്ടി പദവികൾ കിട്ടാത്തവർ പോസ്റ്റർ ഒട്ടിക്കുന്നതും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നതും കോൺഗ്രസിലെ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് അഭിമാനിക്കുന്നവരുണ്ട്. പക്ഷെ, പദവി കിട്ടാത്തവർ പാർട്ടിയുടെ മരണം പ്രഖ്യാപിച്ചാലോ. ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക തിരുവനന്തപുരത്ത് പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് നേരം വെളുത്തപ്പോൾ രാജീവ് ഭവനിൽ കരിങ്കൊടി ഉയർത്തി പാർട്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു ചില നേതാക്കൾ. പാർട്ടി ഓഫീസിന്റെ പൂമുഖത്ത് സ്ഥാപിച്ച കൊടിമരത്തിലെ ത്രിവർണ പാതാക താഴ്ത്തി മുകളിൽ കരിങ്കൊടി ഉയർത്തുകയായിരുന്നു. രാവിലെ ഡി.സി.സി ഓഫീസ് തുറക്കാനെത്തിയവരാണ് കരിങ്കൊടി മുകളിൽ കെട്ടിയതു കണ്ടത്. ഓഫീസിന്റെ ഭിത്തിയിൽ പോസ്റ്ററുകളും പതിച്ചു. കരിങ്കൊടിക്കും പോസ്റ്ററുകൾക്കും അൽപ്പായുസേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സോഷ്യൽ മീഡിയകളിൽ വലിയ തരംഗമായി. പ്രശ്നം എ.ഐ .സി.സി വരെയെത്തിയെന്നാണ് സൂചന.

ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വടംവലിയിൽ പൊതുവെ വാശി കുറഞ്ഞ ജില്ലയായിരുന്നു പത്തനംതിട്ട. എ ഗ്രൂപ്പിന് തന്നെ പദവി കിട്ടുമെന്ന് ഉറപ്പായിരുന്നു. ഗ്രൂപ്പിനുള്ളിൽ നിന്ന് ഉയർന്നുവന്ന പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന് കാര്യമായി എതിരാളികളുമുണ്ടായില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും അടക്കമുള്ള മുതിർന്ന നേതാക്കൾ സതീഷ് കൊച്ചുപറമ്പിലിനെ എതിർത്തതുമില്ല. ഒടുവിൽ, പ്രഖ്യാപനം വന്നപ്പോഴാണ് പൊട്ടിത്തെറി അന്ത്യാഞ്ജലിയായി പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകളോട് അണികൾക്കും നേതാക്കൾക്കും വലിയ പ്രിയമാണെങ്കിലും കരിങ്കൊടി ഉയർത്തൽ പലർക്കും സഹിക്കാവുന്നതായിരുന്നില്ല. ആർക്കാണ് അതിനുള്ള ധൈര്യം വന്നത് എന്ന അന്വേഷണത്തിലാണ് എ വിഭാഗത്തിലെ നേതാക്കൾ. എ ഗ്രൂപ്പിലെ തന്നെ അസംതൃപ്തരും ഐ ഗ്രൂപ്പുമാണ് സംശയ നിഴലിൽ. അണിയറ വർത്തമാനങ്ങളിൽ ചില എ ഗ്രൂപ്പ് നേതാക്കളുടെ പേരുകളാണ് ആദ്യം പുറത്തുചാടിയത്. അധികാരമില്ലാതെ അന്തിയുറങ്ങാനാവാത്ത പത്തനംതിട്ട നഗരത്തിലെ നേതാവാണ് കരിങ്കൊടിക്ക് പിന്നിലെന്ന് ഐ വിഭാഗം അടക്കം പറയുന്നു. തെളിവ് എവിടെ എന്നു ചോദിച്ചാൽ കൊടുക്കാനില്ലാത്തതുകൊണ്ട് പേര് പരസ്യപ്പെടുത്താതെ ഐക്കാർ ഉൾവലിയുന്നു. ഡി.സി.സി ഓഫീസിന് മുന്നിൽ സി.സി.ടി.വി ക്യാമറയുണ്ടായിരുന്നെങ്കിൽ പ്രശ്നം ആളിക്കത്തേണ്ടതായിരുന്നു.

കരുത്ത് കാട്ടി കുര്യനും ആന്റോയും

പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിനെ ഡി.സി.സി പ്രസിഡന്റായി പ്രഖ്യാപിച്ചതോടെ കരുത്തൻമാരായത് മുതിർന്ന നേതാവ് പ്രൊഫ. പി.ജെ കുര്യനും ആന്റോ ആന്റണി എം.പിയുമാണ്. കൊച്ചുപറമ്പിലിന്റെ പേര് എതിരില്ലാതെ എ.ഐ.സി.സി വരെ എത്തിച്ച് അംഗീകരിപ്പിച്ചത് കുര്യനും ആന്റോയുമാണ്. അതുകൊണ്ടു തന്നെ എതിരാളികൾ കുര്യനും ആന്റോയ്ക്കുമെതിരെ പോസ്റ്ററുകൾ പതിച്ചു. ഏറക്കൊലമായി പത്തനംതിട്ട ഡി.സി.സിയുമായി അകന്നു നിൽക്കുകയായിരുന്നു ആന്റോ ആന്റണി. സമരങ്ങളിലും പൊതുപരിപാടികളിലും പങ്കെടുത്തിരുന്നില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്നാമതും സ്ഥാനാർത്ഥിയായതിന് ആന്റോയ്ക്കെതിരെ ഡി.സി.സി കടുത്ത പ്രതിഷേധത്തിലായിരുന്നു. ഏതാണ്ട് പതിനഞ്ച് വർഷത്തോളമായി എം.പിയും ഡി.സി.സിയും തമ്മിൽ നടന്ന പോരിനാണ് പുതിയ പ്രസിഡന്റ് പ്രഖ്യാപനത്തോടെ അറുതിയായത്.

സൗമ്യതയുടെ മുഖം

നാല് പതിറ്റാണ്ടിലേറെയായി സൗമ്യമായ നിലപാടുകളിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ജില്ലയിലെ നിറസാന്നിധ്യമാണ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ. കളങ്കിതമല്ലാത്ത നേതൃപാടവവും വിദ്യാസമ്പന്നതയും കൊണ്ട് അദ്ദേഹം പൊതുസമ്മതനായ രാഷ്ട്രീയ നേതാവായി. രാഷ്ട്രീയത്തിൽ ഗ്രൂപ്പുകൾക്ക് അതീതമായ ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ സാധിച്ചു. സംഘാടന മികവ് തെളിയിച്ച് കെ.പി.സി.സി സെക്രട്ടറി വരെയായ നേതാവാണ്. എം.സി.ചെറിയാനും പ്രൊഫ.പി.ജെ കുര്യനും അഡ്വ.കെ.ശിവദാസൻനായർക്കും പി.മോഹൻരാജിനും ബാബുജോർജ്ജിനും പിന്നാലെയാണ് ജില്ലയിലെ കോൺഗ്രസിനെ നയിക്കാൻ സതീഷ് കൊച്ചുപറമ്പിൽ എത്തുന്നത്. രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധം കാത്ത് സൂക്ഷിക്കുന്ന സതീഷ് കൊച്ചുപറമ്പിൽ സാമൂഹികമേഖലയിലെ നിറസാന്നിദ്ധ്യമാണ്. ഗ്രൂപ്പുകൾക്ക് അതീതമായി ജില്ലയിലെ കോൺഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ സതീഷ് കൊച്ചുപറമ്പിലിന് സാധിക്കുമെന്ന് അണികൾ ഉറച്ചു വിശ്വസിക്കുന്നു. കാൽനൂറ്റാണ്ടിലേറെ പരുമല ദേവസ്വം ബോർഡ് പമ്പ കോളേജിലെ രസതന്ത്ര അധ്യാപകനായിരുന്നു.

കടപ്ര കൊച്ചുപറമ്പിൽ പരേതനായ കെ.എസ്.ഇ.ബി റിട്ട. എൻജിനിയർ നാരായണന്റെയും കണ്ണശ്ശ ഗവ. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക ജാനകിയുടെയും മകനാണ്. സഹോദരൻ അഡ്വ.എൻ.ഷൈലാജ് കെ.പി.സി.സി സെക്രട്ടറിയാണ്. പത്തനംതിട്ട ജില്ല രൂപപ്പെടും മുമ്പ് 1980ൽ കായംകുളം എം.എസ്എം.കോളേജിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് യൂത്ത്‌കോൺഗ്രസ് തിരുവല്ല ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്,കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാകോൺഗ്രസ് ജനറൽ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, കെ.പി.സി.സി. നിർവാഹക സമിതി അംഗം എന്നീ പദവികൾ വഹിച്ചു. മൂന്നുതവണ മഹാത്മാഗാന്ധി സർവകാശാല സിൻഡിക്കേറ്റ് അംഗമായി. പന്ത്രണ്ട് വർഷക്കാലം എസ്.എൻ.ഡി.പിയോഗം ഡയറക്ടർ ബോർഡ് അംഗമായുംസേവനമനുഷ്ഠിച്ചു. പുളിക്കീഴ്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേന്ദ്ര ചെറുകിട വ്യവസായ കമ്മിറ്റിഅംഗം, റെയിൽവേ അഡ്വൈസറി കമ്മിറ്റി അംഗം, ജില്ലാ വികസനസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DCC PTA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.