SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.44 PM IST

ദുരിതം തീരാത്ത ആദിവാസി കോളനികൾ പ്രതിബദ്ധത പാഴ്‌വാക്കാകുന്നു

photo

ഓൺലൈൻ പഠനം എളുപ്പമാക്കാനും കാര്യക്ഷമമാക്കാനും ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ചത് സ്കൂൾ അദ്ധ്യയന വർഷം തുടങ്ങുന്ന വേളയിലായിരുന്നു. കൊവിഡിൽ സ്കൂളുകൾ അടച്ചപ്പോൾ ഏറെ പ്രതീക്ഷയോടെയാണ് കേരളം ഈ പ്രഖ്യാപനം ഏറ്റെടുത്തത്. ഓണം കേറാമൂലയിൽ പോലും ഓൺലൈൻ സംവിധാനം വരുമെന്ന് കേട്ടപ്പോൾ വികസനം തിരിഞ്ഞു നോക്കാത്ത ആദിവാസി കോളനികളിലും സന്തോഷം നിറഞ്ഞു. എന്നാൽ ഇതൊക്കെ വെറും വാക്കായിരുന്നുവെന്ന് തിരിച്ചറിയാൻ അധികനാൾ വേണ്ടിവന്നില്ല. മൊബൈൽ ദാതാക്കളെ വിളിച്ചു ചേർത്ത് ജില്ലാ കളക്ടറും മറ്റും നടത്തിയ മാരത്തൺ ചർച്ചകളിൽ അവർ നൽകിയ ഉറപ്പും പാലിച്ചില്ല. മൊബൈൽ നെറ്റ് വർക്ക് കിട്ടാത്ത മേഖലകൾ കണ്ടെത്തി ടവർ സ്ഥാപിക്കുന്നതുൾപ്പടെയുള്ള സംവിധാനമൊരുക്കുമെന്നായിരുന്നു അവരുടെ വാഗ്ദാനം. ഇതിനിടെ മൊബൈൽ നെറ്റ് വർക്ക് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വരെ കത്തയച്ച സംഭവവും കണ്ണൂരിലുണ്ടായി.

നെറ്റ് വർക്ക് കിട്ടാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിയുടെ പോലും പഠനം മുടങ്ങില്ലെന്ന സർക്കാർ ഉറപ്പ് ആവർത്തിക്കപ്പെടുമ്പോഴാണ് കണ്ണവത്തെ പന്ന്യോട്ട് കോളനിയിൽ നിന്നു നാടിനെ നടുക്കിയ വാർത്ത പുറത്തെത്തുന്നത്. മൊബൈൽ നെറ്റ് വർക്ക് കിട്ടാതായപ്പോൾ മരത്തിൽ കയറിയ വിദ്യാർത്ഥിക്ക് വീണ് പരിക്കേറ്റുവെന്നതായിരുന്നു അത്.

മൊബൈൽ റെയ്ഞ്ച് കിട്ടാൻ ഏറുമാടത്തിലോ മരത്തിന്റെ മണ്ടയിലോ കയറേണ്ട സ്ഥിതിയാണ് ഇവിടെ. അനന്തുബാബുവെന്ന വിദ്യാർത്ഥി മരത്തിൽ നിന്നു വീണതോടെ അധികൃതർ നെട്ടോട്ടമായി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അനന്തുബാബുവിന്റെ രക്ഷിതാക്കളെ ഫോണിൽ വിളിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. മരത്തിൽ നിന്നു വീണത് ഒറ്റപ്പെട്ട സംഭവമാണെന്ന കണ്ടെത്തലായിരുന്നു അധികൃതരുടേത്. അധികൃതരുടെ വീഴ്ചയിൽ ഒരു വിദ്യാർത്ഥിയുടെ ഓൺലൈൻ പഠനം വഴിമുട്ടിയ സംഭവം നാടിനെ നാണംകെടുത്തുന്നതായിരുന്നു. മൊബൈൽ കമ്പനികളുടെ യോഗത്തിൽ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കാൻ അധികൃതർ തയ്യാറായിരുന്നുവെങ്കിൽ ഈ വീഴ്ച ഒരിക്കലുമുണ്ടാകില്ലായിരുന്നു. കമ്പനികൾ ജില്ലാ അധികൃതരെ കബളിപ്പിക്കുകയാണ് ചെയ്തത്. അത്തരം കമ്പനികളെ കൊണ്ട് പറഞ്ഞത് നടപ്പിലാക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. ആദിവാസിക്ഷേമത്തിനു വേണ്ടി കോടികൾ ഒഴുക്കുമ്പോഴും ചോർന്നൊലിക്കുന്ന കൂരയിൽ കഴിയേണ്ടി വരുന്ന ഈ പാവങ്ങളുടെ വേദന ഇവരാരും അറിയാറില്ല. കുട്ടികൾ മരത്തിൽ നിന്നു വീഴുമ്പോഴും കാട്ടാന ആക്രമണമുണ്ടാകുമ്പോഴും മാറാരോഗത്തിന്റെ പിടിയിലമരുമ്പോഴും ആദിവാസി ക്ഷേമം വാതോരാതെ പറയുന്നത് ശീലമാക്കിയവരാണ് അധികൃതർ.

സ്കൂളിലെത്താൻ എട്ട് കിലോ മീറ്റർ യാത്ര. പിഞ്ചു കു‌ഞ്ഞുങ്ങൾക്ക് അംഗൻവാടിയിലേക്ക് ആറ് കിലോ മീറ്റർ നടത്തം. ആദിവാസി കോളനിയുടെ അവസ്ഥയാണിത്. ഇവിടുത്തെ കുട്ടികൾ കൂട്ടമായി ഏറുമാടത്തിലിരുന്നാണ് പഠനം. മൊബൈൽ റെയ്ഞ്ച് കിട്ടുന്നതിനു പുറമെ കാട്ടാനകളിൽ നിന്നുള്ള സംരക്ഷണം കൂടി ഏറുമാടം കുട്ടികൾക്ക് ഉറപ്പ് നൽകുന്നു. ഈ കോളനിയിലെ 24 കുട്ടികൾ തങ്ങളുടെ പഠന ദുരിതങ്ങൾ വിവരിച്ച് കഴിഞ്ഞ മാസം ജില്ലാ കളക്ടർ ടി.വി. സുഭാഷിനു നിവേദനം നൽകിയിരുന്നു.

ഇതേത്തുടർന്ന് ജില്ലയിൽ നെറ്റ് വർക്ക് പ്രശ്നമുള്ള സ്ഥലങ്ങൾ കണ്ടെത്തി. അതു സംബന്ധിച്ച് മൊബൈൽ ദാതാക്കളുടെ ഉൾപ്പടെ യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർത്തെങ്കിലും നടപടിയായില്ല. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ആളുകൾ നേരിടുന്ന പ്രശ്നങ്ങൾ അദാലത്തിൽ ഫോൺവഴിയും ഫെയ്സ്ബുക്ക് സന്ദേശങ്ങളായുമാണ് ജില്ലാ കലക്ടറെ അറിയിച്ചത്.
നെറ്റ് വർക്ക് കവറേജ് ഇല്ലാത്ത ജില്ലയിലെ മുഴുവൻ പ്രദേശങ്ങളുടെയും പട്ടിക തയ്യാറാക്കി മൊബൈൽ, ഇന്റർനെറ്റ് സേവന ദാതാക്കളുമായി സഹകരിച്ച് ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് ജില്ലാ കളക്ടർ അദാലത്തിൽ നൽകിയ ഉറപ്പ്. ഇതിനായി ഒരു മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നൽകും. ആവശ്യമായ സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ നടപടിയെടുക്കും. നെറ്റ്‌വർക്ക് പ്രശ്നം പരിഹരിക്കുന്നതിൽ അടിയന്തര ഇടപെടൽ നടത്താമെന്ന് അദാലത്തിൽ പങ്കെടുത്ത മൊബൈൽ സേവനദാതാക്കളുടെ പ്രതിനിധികൾ ജില്ലാ കളക്ടർക്ക് ഉറപ്പുനൽകിയിരുന്നു. കേബിൾ ടിവി വഴിയുള്ള ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ജില്ലാ കളക്ടർ യോഗത്തെ അറിയിച്ചു.വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസു കൾക്കായി ചുരുങ്ങിയ ചെലവിൽ കൂടുതൽ ഡാറ്റ ലഭിക്കുന്ന രീതിയിലുള്ള സ്റ്റുഡൻസ് പാക്ക് റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് അദാലത്തിൽ ബി.എസ്എൻ.എൽ പ്രതിനിധി അറിയിച്ചത്.

എന്തൊക്കെയായിരുന്നു വാഗ്ദാനങ്ങൾ
പഠനസാമഗ്രികൾ ഇല്ലാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഓരോ കേസുകളുടെയും നിജസ്ഥിതി പരിശോധിച്ച് അവ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അദാലത്തിൽ ഉറപ്പുനൽകി. ജില്ലയിലെ പട്ടികജാതി പട്ടികവർഗ കോളനികളിലെയും മറ്റു ദുർബല വിഭാഗങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശവും നൽകിയിരുന്നു.

ജില്ലയിലെ പ്രധാന നഗരങ്ങളിൽ പോലും തടസ്സമില്ലാതെ വേഗമേറിയ ഇന്റർനെറ്റ് കണക്ടിവിറ്റി കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. ചിറ്റാരിപ്പറമ്പിലെ ചെന്നപ്പൊയിൽ, ചെമ്പുക്കാവ്, പറക്കാട്, കൊളപ്പക്കാട്, പെരുവ എന്നിവയ്ക്ക് പുറമെ ആറളം ഫാം പുനരധിവാസ മേഖല, ഉളിക്കലിലെ കോളിത്തട്ട്, കാലാങ്കി എന്നീ പ്രദേശങ്ങൾ ഇപ്പോഴും പൂർണമായും പരിധിക്ക് പുറത്താണ്.

റിസർവ് വനത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതു കൊണ്ട് ഇവർക്ക് നേരെ എന്നും വനപാലകരുടെ കണ്ണുമുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ ഒറ്റയടിപ്പാത ഒരു റോഡാക്കി മാറ്റാൻ ഇവർ മുട്ടാത്ത വാതിലുകളില്ല. എന്നാൽ ആരും തിരിഞ്ഞു നോക്കാറില്ല. എന്തെങ്കിലും പരാതിയുമായി ആരെയെങ്കിലും സമീപിച്ചാൽ കിട്ടിയതു കൊണ്ട് തൃപ്തിപ്പെട്ടാൽ മതിയെന്ന മറുപടിയും. പ്രശ്നപരിഹാരത്തിനായി ആരും മുൻകൈയെടുക്കാത്തതിൽ പ്രതിഷേധിച്ച് പലരും കോളനിവിട്ട് പോകുകയാണ്. 78 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ നൂറോളം വിദ്യാർത്ഥികളുണ്ട്. യാത്രാ സൗകര്യമില്ലാത്തതിനാൽ പലരും സ്കൂളുകളിൽ പോകാറില്ല. സ്കൂളിൽ നിന്നും കുട്ടികൾ തിരിച്ചെത്തുമ്പോൾ രാത്രി ഏഴ് മണിയാകും.1990ൽ അംബേദ്കർ കോളനിയായി പ്രഖ്യാപിച്ച ഈ കോളനി

ഒഡീഷയിലോ ബീഹാറിലോ അല്ല. കണ്ണവം ചെന്നപ്പൊയിൽ കോളനിയിലാണിത്. കോളനിയിലെ സംഭവത്തിനു ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ നേതൃത്വത്തിൽ മൊബൈൽ നെറ്റ് വർക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചുവെന്നത് ആശ്വാസകരം. കേരളവിഷനുമായി സഹകരിച്ച് 110 ഇടങ്ങളിൽ സൗജന്യ വൈഫൈ ഏർപ്പെടുത്താനുള്ള നീക്കങ്ങളാണ് ജില്ലാ പഞ്ചായത്ത് ആരംഭിച്ചത്. അനന്തുബാബുവിന്റെ വീഴ്ചയിൽ നിന്നും അധികൃതർ പഠിച്ച പാഠം ചെറുതൊന്നുമല്ലെന്നു വേണം കരുതാൻ.

പറച്ചിലല്ലാതെ നടപടിയില്ല

കണ്ണവം വനമേഖലയിൽ നെറ്റ് വർക്ക് കിട്ടാത്തതിനാൽ പഠനം ദുരിതത്തിലായ നിരവധി വിദ്യാർത്ഥികളുണ്ട്. ഇവിടെ ആവശ്യമായ കവറേജ് എത്തിക്കുമെന്ന് അധികൃതർ പറയുന്നതല്ലാതെ നടപടികളുണ്ടാകാറില്ല. കോളനി പ്രദേശം സന്ദർശിക്കാനോ ആവശ്യമായ നടപടികൾ സ്വീകരിക്കാനോ അധികൃതർ തയ്യാറായില്ല.

സുനിൽ ചെന്നപ്പൊയിൽ

പ്രദേശവാസി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRIBAL EDUCATION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.