തിരുവനന്തപുരം: സഹകരണവകുപ്പിന്റെ പുതിയ പദ്ധതിയായ യുവജന സഹകരണ സംഘങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 6ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് കേന്ദ്രമാക്കി രജിസ്റ്റർ ചെയ്ത യൂത്ത് ബ്രിഗേഡ് സംരംഭക സഹകരണ സംഘത്തിലാണ് ചടങ്ങ്. സഹകരണ മേഖലയിലേക്ക് യുവജനങ്ങളെ കൂടുതൽ ആകർഷിക്കാൻ ഇതിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ഐ.ടി, നിർമ്മാണം, കാർഷികം, മാലിന്യ നിർമാർജനവും പുനരുപയോഗവും, വാണിജ്യം, ഉത്പാദനം, വിപണനം, സിനിമ, ഇക്കോ ടൂറിസം തുടങ്ങിയ മേഖലകളിലായി 26 യുവജന സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സംഘങ്ങളിൽ വായ്പാ പ്രവർത്തനങ്ങളില്ല. സംരംഭകരായാണ് പ്രവർത്തിക്കുന്നത്. 18 വയസു മുതൽ 45 വരെയുള്ളവർക്കായിരിക്കും അംഗത്വം നൽകുക. ഇപ്പോൾ രജിസ്റ്റർ ചെയ്ത മേഖലയാണ് പ്രവർത്തന പരിധിയായി നിശ്ചയിച്ചിട്ടുള്ളത്. കൂടുതൽ സംഘങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ പരിധി പുനർനിശ്ചയിക്കും. കാർഷിക മേഖലയിൽ കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്നതിന് സഹകരണ വകുപ്പ് ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |