നമ്പർ വിട്ടു നൽകി എഡിസൺ കവാനി
മാഞ്ചസ്റ്റർ:അകാംഷയ്ക്കും അഭ്യൂഹങ്ങൾക്കും അവസാനം. ലോകമെമ്പാടുമുള്ള ആരാധകരുടേയും അഭ്യുദയകാംഷികളുടേയും ആഗ്രഹം പോലെ ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിലും തന്റെ ട്രേഡ്മാർക്ക് ജേഴ്സി നമ്പറായ 7 ലഭിക്കും. കഴിഞ്ഞ ദിവസമാണ് റൊണാൾഡോയുടെ ജേഴ്സിനമ്പർ 7 തന്നെ ആയിരിക്കുമെന്ന് യുണൈറ്റഡ് മാനേജ്മെന്റ് സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകളിലൂടെ ഔദ്യോഗികമായി അറിയിച്ചത്.
നിലവിൽ യുണൈറ്റഡിന്റെ ഏഴാം നമ്പർ ജേഴ്സി അണിഞ്ഞിരുന്നത് എഡിസൺ കവാനി ആയിരുന്നു. അദ്ദേഹം ഏഴാം നമ്പർ ജേഴ്സി റൊണാൾഡോയ്ക്ക് വിട്ടുനൽകാൻ സമ്മതമാണെന്ന് വ്യക്തമാക്കിയതോടെയാണ് പ്രശ്ന പരിഹാരം ഉണ്ടായത്. പ്രിമിയർ ലീഗ് അധികൃതർ അംഗീകാരം നൽകിയതോടെ കാര്യങ്ങൾക്ക് ശുഭ പര്യവസാനമായി.കവാനിക്ക് ഉറുഗ്വെ ദേശീയ ടീമിൽ അദ്ദേഹം ഉപയോഗിക്കുന്ന നമ്പറായ 21 ലഭിക്കും.യുണൈറ്റഡിൽ 21 -ാം നമ്പർ ഉപയോഗിച്ചിരുന്ന ഡാനിയേൽ ജെയിംസ് ഈ സീസണിൽ ലീഡ്സ് യുണൈറ്റഡിലേക്ക് പോയതിനാൽ അക്കാര്യത്തിൽ വേറെ തടസങ്ങൾ ഉണ്ടായില്ല.ഏഴാം നമ്പർ ജേഴ്സി തനിക്ക് വിട്ടു നൽകാൻ മനസ് കാണിച്ച കവാനിയോട് റൊണാൾഡോ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |