SignIn
Kerala Kaumudi Online
Thursday, 25 April 2024 1.50 PM IST

സ്വാതന്ത്ര്യാഭിനിവേശത്താൽ ജ്വലിച്ച് , ഫ്രഞ്ച് കവിതകളെ സ്നേഹിച്ച്.....

mangalatt

തലശ്ശേരി:1948 ഒക്ടോബർ 21പകൽ. ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് ഇന്ത്യ മോചിതമായിട്ടും തങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കാത്തതിൽ കുപിതരായ മയ്യഴിയിലെ വിമോചന പോരാളികൾ,തിരഞ്ഞെടുപ്പ് കൃത്രിമം നടത്തിയ ഫ്രഞ്ച് അധികാരികൾക്കെതിരെ അടങ്ങാത്ത അമർഷവുമായി 'മെറി' ( നഗരസഭാ കാര്യാലയം) ആപ്പീസിലേയ്ക്ക് സംഘടിച്ചെത്തുന്നു.മൂപ്പൻ സായ്പിനൊപ്പം കൊമ്മീസേർ ബസവയുടെ നേതൃത്വത്തിൽ നിറത്തോക്കുകളുമായി ഫ്രഞ്ച് മിലിട്ടറി പൊലീസുകാർ അവർക്ക് മുന്നിലുണ്ടായിരുന്നു. പിരിഞ്ഞ് പോയില്ലെങ്കിൽ വെടിവെക്കുമെന്ന് കൊമ്മീസ്സേർ ജനക്കൂട്ടത്തിന് മുന്നറിയിപ്പ് നൽകി. ഒട്ടും ഭയക്കാതെ ഒരു ചെറുപ്പക്കാരൻ നെഞ്ച് വിരിച്ച് കാട്ടി, തോക്കിന്റെ കാഞ്ചിയിൽ വിരൽ വച്ച് നിന്ന പട്ടാളത്തിന്റെ അകമ്പടയിൽ നിന്ന ഫ്രഞ്ച് മേധാവികളോട് . 'വെക്കെടാ വെടി ഈ നെഞ്ചിലേക്ക് എന്ന് ആക്രോശിക്കുകയായിരുന്നു...' മൂപ്പൻ സായ്പ്പിനെയും, പൊലീസ് മേധാവിയേയും ഞെട്ടിച്ച ഇടിമുഴക്കം പോലുള്ള ആ ധീരശബ്ദം ഇന്നലെ വിട്ടുപിരിഞ്ഞ മംഗലാട്ട് രാഘവന്റെതായിരുന്നു.

ധീരനായ സ്വാതന്ത്രസമര സേനാനിയും നിർഭയനായ പത്രപ്രവർത്തകനും, പ്രഗത്ഭനായ വാഗ്മിയും സർഗ്ഗധനനായ കവിയുമൊക്കെയായ മംഗലാട്ട് രാഘവൻ നൂറാം വയസ്സിലും യൗവ്വ നോർജ്ജം കൈവിട്ടിട്ടിരുന്നില്ല..തലശ്ശേരി ചേറ്റംകുന്നിലെ ലതാ നികേതനിൽ ശാരീരികാവശതകൾക്കിടയിലും എഴുത്തിന്റെ വഴിയിലായിരുന്നു അദ്ദേഹം. മയ്യഴി സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള സമഗ്രമായ ചരിത്രവും, മയ്യഴി ഗാന്ധി ഐ.കെ.കുമാരൻ മാസ്റ്ററുടെ ജീവചരിത്രവും ഏതാണ്ട് എഴുതിക്കഴിഞ്ഞു.
ഫ്രഞ്ച് മയ്യഴിയിലെ പ്രമുഖമായ മംഗലാട്ട് തറവാട്ടിൽ ചന്തുവിന്റെയും, കുഞ്ഞിപ്പുരയിൽ മാധവിയുടേയും മകനായി 1921 സെപ്തംബർ 20ന് ജനിച്ച മംഗലാട്ട് രാഘവന് മാഹി പുത്തലം ക്ഷേത്രാങ്കണത്തിൽ വച്ച് അച്ഛന്റെ കൈ പിടിച്ച് ഗാന്ധിജിയെ കണ്ടത് അവസാനകാലം വരെ ഓർമ്മയിലുണ്ടായിരുന്നു.
സുഹൃദ് സംഘം എന്ന അർഥത്തിലുള്ള 'യൂന്യോം അമിക്കാൽ 'എന്ന പുരോഗമന യുവജന സംഘടനയിൽ മംഗലാട്ട് സജീവ സാന്നിദ്ധ്യമായി.1943ൽ മയ്യഴി വിമോചന പ്രസ്ഥാനമായ മഹാജനസഭയിൽ വിദ്യാർത്ഥിയായിരിക്കെ തന്നെ അംഗമായി. കേരള നേതാക്കളായ കേളപ്പജി യോടും സി.കെ.ജി.യോടും ഹൃദയബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്.1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തെ തുടർന്ന് ചോമ്പാലിലെ റെയിൽ തീവെപ്പ് കേസിൽ ഫ്രഞ്ച് പോലീസ് മംഗലാട്ടിനെ അറസ്റ്റ് ചെയ്തു.അതി കഠിനമായ മർദ്ദനം മംഗലാട്ടിന്റെ ആരോഗ്യം തകർത്തു. ഫ്രഞ്ച് ഭരണം താൽക്കാലികമായി അട്ടിമറിച്ച 1948 ഒക്ടോബർ 21 ന്റെ ജനകീയ വിപ്ലവനായകനായിരുന്ന മംഗലാട്ടിന് ഫ്രഞ്ചുകാർ ഭരണം തിരിച്ചുപിടിച്ചതോടെ ഒളിവിൽ പോകേണ്ടി വന്നു.

1948ലെ വിപ്ലവ ഗവൺമെന്റിലും, 1954 ലെ സ്വതന്ത്ര മയ്യഴി ഭരണ സമിതിയിലും മംഗലാട്ട് അംഗമായിരുന്നു.

ജീവിതത്തിലുടനീളം ഫ്രഞ്ച് കവിതകളോടുള്ള പ്രണയം കൊണ്ടുനടന്നിരുന്നു അദ്ദേഹം. അവസാനകാലത്തും പുതിയ ഫ്രഞ്ച് കവിതകളുടെ പരിഭാഷയുടെ പണിപ്പുരയിലായിരുന്നു..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.