ലണ്ടൻ : ബ്രിട്ടീഷ് രാജ്ഞി അന്തരിച്ചാലുടൻ സ്വീകരിക്കേണ്ട വിശദമായ നടപടികളുടെ മാർഗരേഖ സംബന്ധിച്ച രഹസ്യരേഖ പുറത്ത്. ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ് എന്നാണ് ഈ രഹസ്യരേഖയിൽ രാജ്ഞി അന്തരിച്ച് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലും തൊട്ടടുത്ത ദിവസങ്ങളിലും സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെ പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 95 വയസ്സായ രാജ്ഞിക്ക് കാര്യമായ ആരോഗ്യ പ്രശ്നമൊന്നുമില്ലെങ്കിലും നടപടിക്രമങ്ങളെല്ലാം നിശ്ചയിച്ചു കഴിഞ്ഞു. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മാദ്ധ്യമ സ്ഥാപനത്തിനാണ് രഹസ്യരേഖയുടെ വിശദാംശങ്ങൾ ചോർന്ന് കിട്ടിയത്. ചാൾസ് രാജകുമാരന്റെ സ്ഥാനാരോഹണ നടപടികളുടെ വിവരവും ഇതിൽ പെടുത്തിയിട്ടുണ്ട്. രാജ്ഞി മരിക്കുന്ന ദിവസത്തെ 'ഡി ഡേ' എന്നാവും വിശേഷിപ്പിക്കുക. രാജ്ഞി അന്തരിച്ചു എന്നതിന് പകരം 'ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൗൺ' എന്ന സന്ദേശമാണ് പ്രധാനമന്ത്രിക്കു നൽകേണ്ടത്. ഈ സന്ദേശം ലഭിച്ച് കഴിഞ്ഞ് 10 മിനിറ്റിനുള്ളിൽ പതാക പകുതി താഴ്ത്തിക്കെട്ടണം. കൊട്ടാരത്തിന്റെ വെബ്സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണവിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പ് നൽകും. സർക്കാർ വെബ്സൈറ്റുകളിലും സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലും കറുത്ത ബാനർ ഉപയോഗിക്കും. രാജ്ഞിയുടെ മൃതദേഹം അടങ്ങിയ പെട്ടി ബക്കിങ്ങാം കൊട്ടാരത്തിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. 3 ദിവസത്തേക്കു 23 മണിക്കൂർ വീതം പൊതുദർശനം. 10 ദിവസം കഴിഞ്ഞ് ഔദ്യോഗിക ചടങ്ങുകളോടെ സംസ്കാരകർമങ്ങൾ നിർവഹിക്കും. രാജ്ഞിയുടെ സംസ്കാര ദിവസം രാജ്യത്ത് ദുഖാചരണ ദിവസമായി ആചരിക്കും. രാജ്ഞിയുടെ സംസ്കാരത്തിന് മുൻപുള്ള ദിവസങ്ങളിൽ മകനും കിരീടാവകാശിയുമായ ചാൾസ് രാജകുമാരൻ യു.കെയിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |