SignIn
Kerala Kaumudi Online
Friday, 19 April 2024 3.57 PM IST

കോൺഗ്രസിലെ കോലാഹലങ്ങൾ

kpcc

ഒടിഞ്ഞ വാളും ഉടഞ്ഞ ശംഖും അനന്തരവൻമാർക്കു നൽകി ചേരമാൻ പെരുമാൾ മക്കയ്‌ക്കു കപ്പൽ കയറിയെന്നാണ് ഐതിഹ്യം. അതുപോലൊരു അവസ്ഥയിലാണ് 2004 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട എ.കെ. ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് ഡൽഹിക്കു പോയത്. ആന്റണി പോയപ്പോൾ ഉമ്മൻചാണ്ടി പകരക്കാരനായി. അതോടെ കോൺഗ്രസിലും മുന്നണിയിലും സമവാക്യങ്ങൾ പാടേ മാറി. 2001 ൽ ആന്റണിയുടെ മന്ത്രിസഭയിലെ ഐ ഗ്രൂപ്പിൽ നിന്നുള്ള അംഗങ്ങളെ തീരുമാനിച്ചത് കെ. കരുണാകരനായിരുന്നു - കെ.വി. തോമസ്, പി. ശങ്കരൻ, കടവൂർ ശിവദാസൻ. എന്നാൽ 2004 ലെ ഉമ്മൻചാണ്ടിയുടെ മന്ത്രിസഭയിൽ ഐ ഗ്രൂപ്പ് പ്രതിനിധികളെക്കൂടി മുഖ്യമന്ത്രി തീരുമാനിച്ചു - അടൂർ പ്രകാശ്, ശക്തൻ നാടാർ, എ.പി. അനിൽകുമാർ. അങ്ങനെ കരുണാകരന്റെ നിയമനാധികാരം നഷ്ടപ്പെട്ടു. എന്നുമാത്രമല്ല, അദ്ദേഹത്തോട് അനുഭാവം പുലർത്തിയിരുന്ന ആർ. ബാലകൃഷ്‌ണപിള്ളയെയും ടി.എം. ജേക്കബിനെയും മന്ത്രിസഭയിൽ നിന്നൊഴിവാക്കി. 2005 മേയ് ആകുമ്പോഴേക്കും കരുണാകരനെയും മുരളിയെയും സിൽബന്ധികളെയും പാർട്ടിയിൽ നിന്ന് പുകച്ചു പുറത്താക്കുന്നതിലും ഉമ്മൻചാണ്ടി വിജയിച്ചു. അങ്ങനെ പാർട്ടിയും മന്ത്രിസഭയും പൂർണമായും ഉമ്മൻചാണ്ടിയുടെ വരുതിയിലായി. അവശിഷ്ട ഐ ഗ്രൂപ്പിന്റെയും നായർ സമുദായത്തിന്റെയും പ്രതിനിധിയായി രമേശ് ചെന്നിത്തലയെ ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെ കെ.പി.സി.സി അദ്ധ്യക്ഷനാക്കി വാഴിച്ചു. ആദ്യകാലത്ത് മുഖ്യമന്ത്രിയും പി.സി.സി പ്രസിഡന്റും തമ്മിലുള്ള ബന്ധം തികച്ചും മാതൃകാപരമായിരുന്നു. വെള്ളാപ്പള്ളി നടേശന്റെ ഭാഷയിൽ ഉമ്മൻചാണ്ടിയുടെ വാലായിരുന്നു ചെന്നിത്തല.

2006 ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും കോൺഗ്രസിനും വലിയ തിരിച്ചടിയുണ്ടായി. കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 63 ൽ നിന്ന് 24 ആയി കുറഞ്ഞു. പക്ഷേ, ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിനു നേരെ വെല്ലുവിളിയൊന്നും ഉയർന്നില്ല. അദ്ദേഹം പ്രതിപക്ഷനേതാവായും രമേശ് കെ.പി.സി.സി പ്രസിഡന്റായും സന്തോഷസമേതം തുടർന്നു. തെറ്റുതിരുത്തി മടങ്ങിവന്ന കരുണാകരനെ മാതൃസംഘടന മനസില്ലാ മനസോടെയെങ്കിലും സ്വീകരിച്ചു. എന്നാൽ മകൻ മുരളീധരനെ പടിക്കുപുറത്ത് നിറുത്തി. മുരളി വന്നാൽ അച്ചടക്കം ലംഘിക്കും, ഗ്രൂപ്പിസം മൂർച്ഛിക്കും എന്നൊക്കെയാണ് ഈ നേതാക്കന്മാർ അന്നു പറഞ്ഞ ന്യായം. വെറും മൂന്നു രൂപ മെമ്പർഷിപ്പിനു വേണ്ടി മുരളി മുട്ടാത്ത വാതിലുകൾ ഒന്നുമുണ്ടായില്ല. മകന്റെ മടങ്ങിവരവ് കാണാൻ കഴിയാതെ 2010 ഡിസംബർ 23 ന് കരുണാകരൻ കണ്ണടച്ചു. ഏതായാലും കരുണാകരന്റെ മരണശേഷം മുരളീധരനെ പാർട്ടിയിൽ തിരിച്ചെടുക്കാനും വട്ടിയൂർക്കാവ് സീറ്റു കൊടുക്കാനും അവർ ഹൃദയ വിശാലത കാണിച്ചു. 2011 ൽ യു.ഡി.എഫ് 'ദയനീയ വിജയം' നേടി അധികാരത്തിൽ തിരിച്ചെത്തി. മുന്നണിക്കു മൊത്തം 72 സീറ്റേ കിട്ടിയുള്ളൂ. അതിൽ 38 എണ്ണമായിരുന്നു കോൺഗ്രസിന്റെ സംഭാവന. അതിനുശേഷം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിൽ അകന്നു. രമേശിന് താക്കോൽ സ്ഥാനം നൽകാൻ ചാണ്ടി വിസമ്മതിച്ചു. ആഭ്യന്തരവകുപ്പു മുഖ്യമന്ത്രി തന്നെ കൈയാളണമെന്ന് ഉമ്മൻചാണ്ടിയും അതിൽ കുറഞ്ഞ മറ്റൊരു വകുപ്പ് താൻ സ്വീകരിക്കില്ലെന്ന് ചെന്നിത്തലയും ശഠിച്ചു. അങ്ങനെ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം മുടങ്ങി. അദ്ദേഹം കെ.പി.സി.സി അദ്ധ്യക്ഷനായി തുടർന്നു. 2013 മേയ് മാസത്തിൽ ഭിന്നത രൂക്ഷമായി. ആഭ്യന്തരവകുപ്പ് അല്ലെങ്കിൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് രമേശും അതു രണ്ടും സാദ്ധ്യമല്ലെന്ന നിലപാടിൽ ഉമ്മൻചാണ്ടിയും ഉറച്ചുനിന്നു. യാദൃശ്ചികമെന്നേ പറയേണ്ടൂ തൊട്ടടുത്ത മാസം സോളാർ വിവാദം ഉയർന്നു വന്നു. ഉമ്മൻചാണ്ടിയുടെ പ്രതിഛായ വല്ലാതെ മങ്ങി. ഒടുവിൽ 2014 ജനുവരി ഒന്നിന് ആഭ്യന്തര വകുപ്പിന്റെ ചുമതലക്കാരനാക്കി രമേശിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. 2016 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചരിത്ര പരാജയം നേരിട്ടു. യു.ഡി.എഫ് വെറും 41 സീറ്റിലൊതുങ്ങി. അതിൽ 22 പേരായിരുന്നു കോൺഗ്രസുകാർ. നിയമസഭാകക്ഷിയിൽ പോലും ഭൂരിപക്ഷം നഷ്ടപ്പെട്ട ഉമ്മൻചാണ്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം രമേശിന് കൈമാറേണ്ടി വന്നു. പാർട്ടിയും മുന്നണിയും പ്രതിപക്ഷത്തായിരുന്ന അഞ്ചുവർഷവും അദ്ദേഹം പ്രായേണ നിശബ്ദനായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രായാധിക്യവും അനാരോഗ്യവും മറന്ന് വീണ്ടും സജീവമായി. ക്രിസ്ത്യൻ വോട്ടുബാങ്കിലുണ്ടായ ചോർച്ച പരിഹരിക്കാൻ ഉമ്മൻചാണ്ടിക്കു മാത്രമേ കഴിയൂവെന്ന് ചില ഘടകകക്ഷി നേതാക്കളും മാദ്ധ്യമ സ്ഥാപനങ്ങളും കണ്ടുപിടിച്ചു. അങ്ങനെ അദ്ദേഹം പത്തംഗ സമിതിയുടെ അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായി പുനരവതരിച്ചു. എന്നാൽ അതുകൊണ്ടു പ്രത്യേകിച്ചു ഫലമൊന്നുമുണ്ടായില്ല. 2021 ൽ യു.ഡി.എഫും കോൺഗ്രസും പരാജയം ആവർത്തിച്ചു. കോൺഗ്രസിന്റെ സീറ്റുകൾ 22 ൽ നിന്ന് 21 ആയി കുറഞ്ഞു. ഉമ്മൻചാണ്ടിയുടെ തന്നെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു.

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പാച്ചുവും കോവാലനുമായി പാർട്ടിയെ ഒരു വഴിക്കാക്കിയെന്ന് സാധാരണ പ്രവർത്തകർപോലും തിരിച്ചറിഞ്ഞു. അപ്പോഴും യാഥാർത്ഥ്യം അംഗീകരിക്കാൻ നേതാക്കൾ കൂട്ടാക്കിയില്ല. തിരുവഞ്ചൂർ രാധാകൃഷ്‌ണനെ കൈയൊഴിഞ്ഞ് ഉമ്മൻചാണ്ടിയും എ ഗ്രൂപ്പ് മാനേജർമാരും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ നിർദ്ദേശിച്ചു. എന്നാൽ അതനുസരിക്കാൻ ഇരു ഗ്രൂപ്പിലും പെട്ട യുവ എം.എൽ.എമാർ കൂട്ടാക്കിയില്ല. അവർ ജാതി, മത, ഗ്രൂപ്പ് ഭേദമെന്യേ വി.ഡി സതീശനെ പിന്തുണച്ചു. ഹൈക്കമാൻഡിനും അതു ബോധിച്ചു. അങ്ങനെ സതീശൻ പ്രതിപക്ഷ നേതാവായി. ആദ്യം വി.എം. സുധീരനും പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സി പ്രസിഡന്റുമാരായി ഇരുന്നപ്പോൾ അവരോടു പരമാവധി നിസഹകരിക്കുകയും പാർട്ടി സംഘടന ദുർബലമാക്കുകയും ചെയ്ത മുതിർന്ന നേതാക്കൾ കെ. സുധാകരനെപ്പോലെ കരുത്തനായ ഒരാൾ വരുന്നതിനോടു തികച്ചും എതിരായിരുന്നു. എന്നാൽ എല്ലാ എതിർപ്പുകളെയും അതിജീവിച്ചു സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷനായി. അതോടെ ഗ്രൂപ്പ് മാനേജർമാരുടെ ഈ ർഷ്യയും വർദ്ധിച്ചു.

പാർട്ടിക്കകത്ത് സുധാകരൻ - സതീശൻ അച്ചുതണ്ട് ശക്തമായി. കെ.സി വേണുഗോപാൽ പ്രതിനിധീകരിക്കുന്ന ഹൈക്കമാൻഡിന്റെ ശക്തമായ പിന്തുണയും അവർക്ക് ലഭിച്ചു. അങ്ങനെ 14 ഡി.സി.സികളിലും പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. 2004 സെപ്തംബറിൽ ഉമ്മൻചാണ്ടി പയറ്റിയ അതേ അടവാണ് ഇപ്പോൾ സുധാകരൻ തിരിച്ചു പ്രയോഗിച്ചിട്ടുള്ളത്. എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും അർഹമായ പ്രാതിനിധ്യം നൽകി. എന്നാൽ ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ നിർദ്ദേശിച്ചവരല്ല, മറിച്ച് ഓരോ ഗ്രൂപ്പിൽ നിന്നും സുധാകരൻ - സതീശൻ ടീമിനു ബോധിച്ചവരെയാണ് ഡി.സി.സി അദ്ധ്യക്ഷന്മാരാക്കിയിട്ടുള്ളത്.

ചുരുക്കിപ്പറഞ്ഞാൽ പുതിയ ഡി.സി.സി പ്രസിഡന്റുമാരുടെ വിധേയത്വം ഇനി ഗ്രൂപ്പിനോടല്ല, പാർട്ടിയോടും പാർട്ടി അദ്ധ്യക്ഷനോടുമായിരിക്കും. അതുകൊണ്ടാണ് രമേശും ഉമ്മൻചാണ്ടിയും കുപിതരായത്. പരസ്യ പ്രതികരണം നടത്തിയ കെ.പി. അനിൽകുമാറിനെയും കെ. ശിവദാസൻ നായരെയും തൽക്ഷണം സസ്പെൻഡ് ചെയ്തുകൊണ്ട് സുധാകരൻ പിന്നെയും കരുത്തു തെളിയിച്ചു. ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും വേണമെങ്കിൽ സ്വന്തം പാർട്ടി ഉണ്ടാക്കി ജനപിന്തുണ തെളിയിക്കാം എന്ന അഭിപ്രായ പ്രകടനത്തിലൂടെ രാജ്മോഹൻ ഉണ്ണിത്താൻ എരിതീയിൽ എണ്ണ ഒഴിച്ചു. കോൺഗ്രസിലെ ശാക്തിക ചേരികൾ മാറിമറിഞ്ഞതും സന്തുലനാവസ്ഥ തകിടം മറിഞ്ഞതും പ്രാദേശിക നേതാക്കളും പ്രവർത്തകരും തിരിച്ചറിഞ്ഞിരിക്കുന്നു. അതനുസരിച്ചുള്ള മാറ്റം ഗ്രൂപ്പുകളിലും കാണാം. ഉമ്മൻചാണ്ടിയുടെ വിശ്വസ്തരായിരുന്ന തിരുവഞ്ചൂരും പി.ടി. തോമസും എന്നുവേണ്ട ടി. സിദ്ദിഖും ഷാഫി പറമ്പിലും വരെ കൂടുവിട്ട് കൂടുമാറി. ഐ ഗ്രൂപ്പിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. ചെന്നിത്തലയോടൊപ്പം ഇപ്പോൾ ജോസഫ് വാഴയ്ക്കൻ മാത്രമേയുള്ളൂ. ഉമ്മൻചാണ്ടിക്കൊപ്പം കെ. ബാബുവും കെ.സി. ജോസഫും. എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ചു നിൽക്കുന്നതിന്റെ രഹസ്യവും മറ്റൊന്നുമല്ല.

1995 ൽ കരുണാകരനെ താഴെയിറക്കിയതു മുതൽ ഓരോ ഘട്ടത്തിലും മുസ്ളിംലീഗിനെ ഏണിയാക്കിയാണ് ഉമ്മൻചാണ്ടി തന്റെ താത്പര്യങ്ങൾ നേടിയെടുത്തത്. 2004 ൽ ആന്റണിയെ കെട്ടുകെട്ടിച്ചതും 2013 ൽ രമേശിന് ഉപമുഖ്യമന്ത്രിസ്ഥാനം നിഷേധിച്ചതും 2018 ൽ മാണിഗ്രൂപ്പിനെ മുന്നണിയിൽ തിരിച്ചു കൊണ്ടുവന്ന് പി.ജെ. കുര്യന്റെ രാജ്യസഭാ സീറ്റ് തട്ടിത്തെറിപ്പിച്ചതും ഏറ്റവും ഒടുവിൽ ക്രിസ്ത്യൻ വോട്ടുബാങ്ക് എന്ന ഉമ്മാക്കി കാട്ടി പത്തംഗ കമ്മിറ്റിയുടെ അദ്ധ്യക്ഷ സ്ഥാനത്തു കയറിപ്പറ്റിയതുമൊക്കെ കുഞ്ഞാലിക്കുട്ടിയുടെ അതിശക്തമായ പിന്തുണ കൊണ്ടായിരുന്നു. ‌എന്നാൽ ഇക്കുറി മുസ്ളിംലീഗിന്റെ ഇടപെടൽ പോലും അവഗണിക്കത്തക്ക നിലയിലേക്ക് കോൺഗ്രസ് നേതൃത്വം പ്രബലമായിരിക്കുന്നു. മറുവശത്ത് മുസ്ളിം ലീഗും വലിയ പ്രതിസന്ധിയിലാണ്. അവിടെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ സംജാതമായിരിക്കുന്നു.

കോൺഗ്രസിലെ മാറ്റം 14 ഡി.സി.സി അദ്ധ്യക്ഷരിൽ ഒതുങ്ങുകയില്ല. കെ.പി.സി.സിയുടെയും ഡി.സി.സികളുടെയും സഹ ഭാരവാഹികളെ നിശ്ചയിക്കുമ്പോഴും ഇതേ സമവാക്യം നടപ്പിലാക്കാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ വ്യവസ്ഥാപിതമായ ഗ്രൂപ്പുകൾക്ക് പ്രസക്തി ഇല്ലാതാകും. പുതിയ സന്തുലന സിദ്ധാന്തങ്ങൾ നിലവിൽ വരും. ഒരുപക്ഷേ കോൺഗ്രസ് പാർട്ടി രക്ഷപ്പെടാൻ പോലും സാദ്ധ്യതയുണ്ട്. സമൂലമായ പരിവർത്തനത്തിലൂടെയും സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെയും മാത്രമേ കോൺഗ്രസിന് ഇനി നിലനിൽക്കാൻ കഴിയുകയുള്ളൂ, ദേശീയതലത്തിലായാലും കേരളത്തിലായാലും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.