ചേർപ്പ്: പെരുമ്പിള്ളിശേരി സബ് സ്റ്റേഷൻ റോഡിൽ തെരുവ് നായ്ക്കളുടെ കടിയേറ്റും ഉറുമ്പ് അരിച്ചും കണ്ടെത്തിയ ആൺമയിലിന് പുതുജന്മം. അവശത അനുഭവപ്പെട്ട മയിലിനെ നാട്ടുകാരും ചേർപ്പ് മൃഗാശുപത്രി ജീവനക്കാരും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ് സംഭവം.
മൃഗാശുപത്രിയിൽ എത്തിച്ച മയിലിന് അധികൃതർ കുത്തിവയ്പ്പും മരുന്നുകളും നൽകി. ഡോ.കെ.ജെ. നീന, കെ.സി. ഇന്ദു , നാട്ടുകാരായ ഹരി ആറ്റുപുറത്ത്, നാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് മയിലിന് ചികിത്സ നൽകിയത്. ആൺമയിലിന്റെ ഇണയും പ്രദേശത്ത് നിൽപ്പുണ്ടായിരുന്നു. മൃഗാശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് മാന്ദാമംഗലം സെക്ഷൻ ഓഫീസർമാരായ കെ.എം. ജോസഫ്, മനോജ്, വിജയകുമാർ തുടങ്ങിയവരെത്തി മയിലിനെ കൊണ്ടുപോയി. കൂട്ടിലെ പരിചരണത്തിന് ശേഷം മയിലിനെ കാട്ടിൽ വിട്ടയക്കുമെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |