SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.21 PM IST

മമ്മൂട്ടി എന്ന സുന്ദരപുരുഷൻ

kk

നടൻ മമ്മൂട്ടി എഴുപതിലെത്തിയെന്ന് അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന

മലയാളികൾ ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല.പൗരുഷത്തിന്റെ പ്രതീകമായ മമ്മൂട്ടിക്ക് ഇപ്പോഴും പ്രായം മുപ്പതോ പരമാവധി നാൽപ്പതോ മാത്രമെ ആയിട്ടുണ്ടാവുകയുള്ളുവെന്ന് കരുതാനാണ് പൊതുവെ പ്രേക്ഷകർ ആഗ്രഹിക്കുന്നത്.കഴിഞ്ഞ അരനൂറ്റാണ്ടായി മമ്മൂട്ടിയുടെ മുഖം മലയാളികൾക്കു മുന്നിലുണ്ട്.ദീർഘമായ ഈ കാലയളവിൽ ഒരിക്കൽപ്പോലും നടനെന്ന നിലയിൽ മമ്മൂട്ടി ആരെയും മടുപ്പിച്ചിട്ടില്ല.ഓരോ കഥാപാത്രവും നല്ല ഗൃഹപാഠത്തോടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അവയെല്ലാം വിജയമായതിന്റെ രഹസ്യവും മറ്റൊന്നല്ല. അത്ര ശ്രദ്ധേയമായ അഭിനയമാണ് ഓരോ സിനിമയിലും കാഴ്ചവച്ചത്.തനിക്ക് അനുയോജ്യമാകുന്ന ഏത് കഥാപാത്രത്തെയും പരീക്ഷിക്കാൻ തയ്യാറാകുന്നതിനൊപ്പം സ്വയം പുതുക്കാനുള്ള ഒരു മനസ്സും മമ്മൂട്ടിക്ക് സ്ഥായിയായുണ്ട് .

ഒരു നടൻ ജനിക്കുകയാണെന്നാണ് പറയാറുളത്. ഇംഗ്ളീഷിൽ ബോൺ ആക്ടർ എന്നു വിശേഷിപ്പിക്കുന്നതുപോലെ അഭിനയം എന്ന കല ജന്മസിദ്ധമാണ് .എന്നാൽ താൻകഠിനാദ്ധ്വാനത്തിലൂടെയാണ് നടനായതെന്ന് മമ്മൂട്ടി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.നിതാന്തപരിശ്രമത്തിലൂടെയാണ് മമ്മൂട്ടിയിലെ നടനെ സ്ഫുടം ചെയ്തെടുത്തത്.അതിനുവേണ്ടി അദ്ദേഹം അനുഷ്ഠിച്ച ത്യാഗവും പരിശീലനവുമാണ് മഹാനടനെന്ന കീർത്തിയിലേക്ക് പി.ഐ.മുഹമ്മദ്കുട്ടിയെന്ന മമ്മൂട്ടിയെ കൊണ്ടെത്തിച്ചത്.പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ആ ശീലമൊന്നും ഉപേക്ഷിക്കാൻ തയ്യാറായില്ലെന്നതാണ് മമ്മൂട്ടിയുടെ മഹത്വം.കൃത്യമായ നിഷ്ഠകളിലൂടെയാണ് തന്റെ ശരീരവും ശാരീരവും അദ്ദേഹം കരുതലോടെ സംരക്ഷിച്ചുപോരുന്നത്.ഏതൊരു കർമ്മരംഗത്ത് നിൽക്കുന്നവർക്കും മാതൃകയാക്കാവുന്ന അർപ്പണ മനോഭാവമുള്ള വ്യക്തിയാണ് മമ്മൂട്ടി.

മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ തികച്ചും വ്യത്യസ്തങ്ങളായിരുന്നു അവ ഓരോന്നുവെന്നും നിസ്സംശയം പറയാൻ കഴിയും. വടക്കൻ വീരഗാഥയിലെ ചന്തുവും,പൊന്തൻമാടയിലെ മാടയും ,വിധേയനിലെ പട്ടേലരും , മതിലുകളിലെ ബഷീറും,മൃഗയയിലെ വാറുണ്ണിയും പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റിലെ പ്രാഞ്ചിയേട്ടനും ഒക്കെ അഭിനയത്തിന്റെ താരതമ്യമില്ലാത്ത റേഞ്ച് പ്രകടമാക്കിയ വേഷങ്ങളാണ്.ചരിത്രപുരുഷനായ അംബദ്കറെ അവതരിപ്പിക്കാൻ ലോകമൊട്ടാകെ നടത്തിയ അന്വേഷണത്തിനൊടുവിൽ സംവിധായകൻ ജബ്ബാർപട്ടേൽ കണ്ടെത്തിയത് മമ്മൂട്ടിയെയായിരുന്നു .മൂന്നുവട്ടം മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിയെ തേടിയെത്തിയതിൽ ഒട്ടും അത്ഭുതപ്പെടാനില്ല.അതിലും കൂടുതൽ തവണ ആ ബഹുമതി നേടാൻ എന്തുകൊണ്ടും അർഹനായിരുന്നു മമ്മൂട്ടി എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവുകയില്ല..

അതുല്യനായ ഈ കലാകാരൻ മികച്ച നടനെന്നതിനൊപ്പം ദക്ഷിണേന്ത്യയിലൊട്ടാകെ താരമൂല്യമുള്ള സൂപ്പർസ്റ്റാറുമാണ് .താരപദവി നിലനിറുത്തുകയെന്നത് ഒട്ടും എളുപ്പമുള്ള ഒരുകാര്യമല്ലെങ്കിലും മമ്മൂട്ടിയിലെ താരത്തിന് ഒരിക്കലും ഒളിമങ്ങിയിട്ടില്ല.യവനികയിലെ പൊലീസ് ഓഫീസറിൽ തുടങ്ങിയ മമ്മൂട്ടിയുടെ പൊലീസ് വേഷത്തെ ഇഷ്ടപ്പെടാത്ത പ്രേക്ഷകരുണ്ടാവുകയില്ല.ഇൻസ്പെക്ടർ ബൽറാമായാലും,സി.ബി.ഐ ഡയറിക്കുറിപ്പിലെ സേതുരാമയ്യരായാലും പൊലീസ് വേഷം മമ്മൂട്ടിയോളം ഇണങ്ങുന്ന നടൻമാർ അപൂർവ്വമാണ്.കൂടെവിടെയിലെ പട്ടാളക്കാരനും അവിസ്മരണീയമായിരുന്നു. വിഖ്യാത ചലച്ചിത്രകാരനായ അടൂർ ഗോപാലകൃഷ്ണൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ സിനിമയാക്കിയപ്പോൾ ബഷീറിനെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്തത് മമ്മൂട്ടിയെയായിരുന്നു.ആ ചിത്രം കണ്ടിട്ടാണ് മലയാളത്തിന്റെ പ്രിയ കഥാകാരനായ ബഷീർ ജീവിതത്തിൽ മാത്രമല്ല അഭിനയത്തിലും മമ്മൂട്ടി സുന്ദരപുരുഷനാണെന്ന് വിശേഷിപ്പിച്ചത്..മതിലുകൾക്കു പുറമെ അടൂരിന്റെ അനന്തരത്തിലും വിധേയനിലും മമ്മൂട്ടി അഭിനയിച്ചു.

കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയെന്ന നടന്റെ മുഖം ആദ്യമായി വെള്ളിത്തിരയിൽ തെളിഞ്ഞത്. എം.ടി.വാസുദേവൻനായരുടെ ദേവലോകം എന്ന സിനിമയിലായിരുന്നു ആ പേര് ആദ്യം പതിഞ്ഞത്..ആ ചിത്രം റിലീസ് ചെയ്യപ്പെട്ടില്ലെങ്കിലും തുടർന്ന് എം.ടിയെഴുതിയ അനവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മമ്മൂട്ടിക്ക് അവസരം ലഭിച്ചു.വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ആൾക്കൂട്ടത്തിൽ തനിയെ, അക്ഷരങ്ങൾ, അടിയൊഴുക്കുകൾ,വടക്കൻ വീരഗാഥ തുടങ്ങി പഴശ്ശിരാജ വരെ എം.ടിയുടെ നായകൻമാരെ അനശ്വരമാക്കിയ നടനാണ് മമ്മൂട്ടി.പുതുമുഖ സംവിധായകർക്കൊപ്പം കാലത്തിനനുസരിച്ചുള്ള മാറ്റം ഉൾക്കൊള്ളാൻ ഒരു മടിയും കാട്ടാത്തതാണ് ഇന്നും താരപദവിയോടെ ശോഭിക്കാൻ മമ്മൂട്ടിയെ പ്രാപ്തനാക്കുന്നത്.

നടനെന്ന നിലയിൽ ഗ്ളാമറിന്റെ ലോകത്താണെങ്കിലും ഭൂമിയിൽ ചുവടുറപ്പിച്ച് നിൽക്കുന്ന ഒരു സാധാരണ മനുഷ്യനാണ് മമ്മൂട്ടി. സഹജീവി സ്നേഹവും അനുകമ്പയും പ്രകടിപ്പിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും അദ്ദേഹം പാഴാക്കാറില്ല.പക്ഷേ അതിനൊന്നും പ്രചാരം നൽകാറില്ലെന്നുമാത്രം. സിനിമയുടെ ലൊക്കേഷനിൽ കൃത്യസമയത്തെത്തുക,വലിപ്പച്ചെറുപ്പമില്ലാതെ പെരുമാറുക ,അനുകരണീയമാം വിധം മികച്ച കുടുംബജീവിതം നയിക്കുക തുടങ്ങി മമ്മൂട്ടി പുലർത്തുന്ന അച്ചടക്കം കണ്ടുപഠിക്കേണ്ട ഒന്നാണ്. അഭിനയരംഗത്ത് ഇതിനോടകം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാനും ആ വഴിക്കുതന്നെയാണ് സഞ്ചരിക്കുന്നതെന്നത് ആഹ്ലാദകരമാണ്.

മലയാളത്തിനു പുറമെ ദക്ഷിണേന്ത്യയിലെ ഇതരഭാഷകളിലും ഹിന്ദിയിലും,ഇംഗ്ളീഷിലും അഭിനയിച്ച മമ്മൂട്ടി ഇന്ത്യൻ സിനിമയിൽ മലയാളത്തിന്റെ അഭിമാനമായി തിളങ്ങുന്ന നടനാണ്.പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ടെങ്കിലും അതിലും വലിയ ബഹുമതികൾക്ക് അർഹനാണ് മമ്മൂട്ടിയെന്ന കാര്യത്തിൽ മറുവാദമുണ്ടാവുകയില്ല. ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്ന നാൾ മുതൽ ഞങ്ങളുടെ പ്രിയസുഹൃത്തും അഭ്യുദയകാംക്ഷിയുമാണ് മമ്മൂട്ടി. എഴുപതിന്റെ നിറവിലെത്തിയ മലയാളത്തിന്റെ ഈ വലിയ നടന് ആയുരാരോഗ്യ സൗഖ്യവും മികച്ച വേഷങ്ങളും ആശംസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.