കോട്ടയം : കൊവിഡ് പ്രതിരോധത്തിന് മാത്രമല്ല കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് പൊടിയിൽ നിന്നുള്ള രക്ഷകൂടിയാണ് ഇപ്പോൾ മുഖാവരണം. ബസ് ടെർമിനൽ പുനർനിർമ്മാണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി സന്ദർശനം നടത്തിയിരുന്നു. ഇതിന് മുന്നോടിയായി സ്റ്റാൻഡിലെ കുഴികൾ മണ്ണ് അടിച്ച് നികത്തിയിരുന്നു. ഇതാണ് ഇപ്പോൾ വിനയായി മാറിയത്. മണ്ണിട്ട് മൂടിയിരുന്ന കുഴികൾ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വീണ്ടും രൂപപ്പെടുകയായിരുന്നു. കനത്ത മഴയിൽ റോഡും സ്റ്റാൻഡും ചെളിക്കുളമാകും. ദിനംപ്രതി നൂറ് കണക്കിനു യാത്രക്കാരാണ് വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിന് എത്തുന്നത്. സ്റ്റാൻഡിൽ നിന്ന് ഒഴുകുന്ന വെള്ളം എം.എൽ റോഡിലേയ്ക്കാണ് എത്തുന്നത്. റോഡ് നിറയെ ചെളിയും മണ്ണും നിറയുന്നതിനാൽ ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നതും നിത്യസംഭവമാണ്. കാൽനടയാത്രയും അസാദ്ധ്യമായി. വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളിവെള്ളം യാത്രക്കാരുടെ ദേഹത്തേയ്ക്ക് തെറിക്കുന്നത് വാക്കേറ്റത്തിനും ഇടയാക്കുന്നുണ്ട്.
പൊടിയായാൽ പറയുകയേ വേണ്ട
മഴമാറി വെയിലായാൽ സ്റ്റാൻഡ് നിറയെ പൊടിമയമാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ പൊടി അന്തരീക്ഷത്തിലേയ്ക്ക് പടരുന്നു. ഇരുചക്രവാഹന - കാൽനടയാത്രിക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ശക്തമായി പൊടി ഉയർന്ന് യാത്രക്കാരുടെ കണ്ണുകളിലേയ്ക്ക് വീഴുന്നു. ഇത് അപകടത്തിനും ഇടയാക്കുന്നു.
സ്റ്റാൻഡിന്റെ നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണം. വല്ലാത്തൊരു ദുരിതം തന്നെയാണ് ബസ് കാത്തുനിൽക്കാൻ.
രാജേഷ്, യാത്രക്കാരൻ