മലയാളസിനിമയായ റെഡ് ചില്ലീസിലൂടെയായിരുന്നു നടിയെന്ന നിലയിൽ ലീന മരിയാ പോളിന്റെ അരങ്ങേറ്റം. കൊച്ചിയിൽ ബ്യൂട്ടിപാർലർ നടത്തിവരവെ അധോലോക നായകൻ രവി പൂജാരിയും സംഘവും അവിടെ നടത്തിയ വെടിവയ്പ്പ് ലീനയ്ക്ക് കുപ്രസിദ്ധി നേടിക്കൊടുത്തു.ഇപ്പോൾ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്യുമ്പോൾ ലീനയുടെ ഇതുവരെ കാണാത്ത മുഖമാണ് അനാവരണം ചെയ്യപ്പെടുന്നത്
നടിയാണെങ്കിലും സിനിമാക്കഥയെ വെല്ലുന്ന ജീവിതമാണ് ലീനാ മരിയാ പോൾ നയിച്ചുവന്നത്.ഗ്ളാമറിന്റെ ലോകത്ത് നിറഞ്ഞാടിയ അവർ അഭിനയിച്ചത് വിരലിലെണ്ണാവുന്ന ചിത്രങ്ങളിലാണെങ്കിലും ചലച്ചിത്ര താരമെന്ന ഖ്യാതി പലവാതിലുകളും അവർക്കു മുന്നിൽ തുറന്നുകൊടുത്തു.സാധാരണക്കാർ കേട്ടാൽ ഞെട്ടുന്ന കോടികളുടെ ഇടപാടുകളിലാണ് അവർ വിരാജിച്ചുവന്നത്. ഇത്രയുമൊക്കെ തട്ടിപ്പുകൾ ആരോപിക്കപ്പെട്ടെങ്കിലും ലീന അറസ്റ്റിലാകാൻ വൈകിയത് എന്താണെന്നത് അഞ്ജാതമാണ്.ഉന്നതരംഗത്തെ പിടിപാടുകളും അധികാരകേന്ദ്രങ്ങളെ മയക്കുന്ന സൗന്ദര്യലഹരിയും അവരുടെ ആയുധങ്ങളായിരുന്നു.
റെഡ് ചില്ലീസ്
ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി അഭിനയിച്ച റെഡ്ചില്ലീസ് എന്ന മലയാളചിത്രത്തിലൂടെയായിരുന്നു 2009 ൽ സിനിമയിലെ അരങ്ങേറ്റം.രഞ്ജിനിജോസും ,ധന്യ മേരി വർഗീസുമടക്കം ഒരു സംഘം യുവനടിമാർക്കൊപ്പം ഒരു റോളിൽ ലീനയും പ്രത്യക്ഷപ്പെട്ടു.പിന്നീട് ഹസ്ബൻഡ്സ് ഇൻ ഗോവ, മമ്മൂട്ടി നായകനായ കോബ്ര,തമിഴ് ചിത്രമായ ബിരിയാണിയിലും വേഷമിട്ടു.ഷൂജിത് സർക്കാരിന്റെ മദ്രാസ് കഫെയിൽ ഒരു തമിഴ് റിബലായും വേഷമിട്ടു.
കോടികളുടെ തട്ടിപ്പ്
ഇരുനൂറു കോടിരൂപയുടെ പണാപഹരണക്കേസിലാണ് ലീനാ മരിയ പോൾ കഴിഞ്ഞ ദിവസം അറസ്റ്റിലായത്.ഡെന്റിസ്റ്റായി ബംഗലൂരുവിൽ പ്രാക്ടീസ് ചെയ്തുവന്ന ലീന സിനിമയോടുള്ള അഭിനിവേശത്താലാണ് ആ രംഗം വിട്ടതെന്നാണ് ഒരു കഥ. പക്ഷേ സിനിമയിൽ വലിയരീതിയിൽ ശോഭിക്കാൻ കഴിഞ്ഞില്ലെങ്കിലും വൻ ബന്ധങ്ങൾ ലീന നേടിയെടുത്തു.തന്റെ പരിചയക്കാരനായ സുകേഷ് ചന്ദ്രശേഖറുമായി വ്യാപാര പങ്കാളിത്തത്തിലൂടെ പല തട്ടിപ്പുകളിലേക്കും ലീന കടന്നുചെന്നു.കാലാന്തരത്തിൽ സുകേഷ് ലീനയുടെ ബോയ്ഫ്രണ്ടായി മാറിയെന്നാണ് പൊലീസിന്റെ നിഗമനം.അതല്ല ഭാര്യയാണെന്നും ചിലർ പറയുന്നു.ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടർ ശിവീന്ദർസിംഗിന്റെ ഭാര്യ അദിഥി സിംഗിൽ നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ജയിലിൽക്കഴിയുകയാണ് സുകേഷ് ചന്ദ്രശേഖർ. സുകേഷിനെ സഹായിച്ചതിനാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്.രണ്ടാഴ്ച മുമ്പ് സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി ലീനയെ ചോദ്യം ചെയ്തിരുന്നു.വൻതട്ടിപ്പിനൊരുങ്ങുന്ന വേളയിലാണ് സുകേഷും സംഘവും പിടിയിലായത്.
5000 രൂപമുതൽ അഞ്ച് ലക്ഷം വരെ നിക്ഷേപിക്കുന്നവർക്ക് വൻതുക മടക്കിനൽകാമെന്ന വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പെന്ന് അന്വേഷണ ഏജൻസി പറയുന്നു.2013 ൽ 19 കോടി രൂപയുടെ ബാങ്ക് തട്ടിപ്പിൽ അറസ്റ്റിലായിട്ടുള്ള ലീന ആഡംബര ജീവിതമാണ് നയിച്ചുവന്നത്.ചെന്നൈയിൽ കോടികൾ വിലമതിക്കുന്ന വീട്ടിലായിരുന്നു താമസം.റോൾസ് റോയിസടക്കം പത്ത് മുന്തിയ കാറുകൾ കൈവശമുണ്ടായിരുന്നു.ഉന്നത ഉദ്യോഗസ്ഥ ശ്രേണിയിലടക്കം ലീനയ്ക്ക് വൻ ബന്ധങ്ങളുണ്ടെന്നാണ് അറിയുന്നത്.
ലീനയുടെ സ്വദേശം തൃശൂർ നഗരമാണെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. ദുബായിയിലാണ് ജനിച്ചതെന്ന് എഫ്.ബി.യിൽ പറയുന്നു.പഠിക്കുന്ന കാലത്തുതന്നെ വൻ കൂട്ടുകെട്ടുകളിൽ ആകൃഷ്ടയായിരുന്നു.അടുത്തിടപഴകുമ്പോഴും തന്നെക്കുറിച്ച് അധികം വിവരങ്ങൾ വെളിപ്പെടുത്താറില്ലായിരുന്നു.
നെയിൽ ആർട്ടിസ്ട്രി
കൊച്ചിയിലെ പനമ്പള്ളിനഗറിൽ ദി നെയിൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടിപാർലർ നടത്തിയാണ് ലീന ശ്രദ്ധേയായത്. മലയാളത്തിലെ യുവനടിമാരിൽ പലരും ഇവിടുത്തെ സന്ദർശകരായിരുന്നുവത്രേ.
പൂജാരിയും വെടിവയ്പ്പും
ലീനയുടെ ബ്യൂട്ടിപാർലറിൽ രവി പൂജാരിയും സംഘവും നടത്തിയ വെടിവയ്പ്പാണ് കുപ്രസിദ്ധി നേടിക്കൊടുത്തത്.അധോലാക നായകനായ പൂജാരിയുമായി സാമ്പത്തിക ഇടപാടിലുണ്ടായ പോരായിരുന്നു ഇതിനു കാരണം.ആ സംഭവത്തിൽ രവി പൂജാരി അറസ്റ്റിലായിരുന്നു.
കുടുക്കിയതെന്ന് ലീന
എന്നാൽ തന്നെ കുടുക്കിയതാണെന്നാണ് ലീനയുടെ വാദം.സുകേഷ് തന്റെ ബോയ്ഫ്രണ്ടല്ലെന്നും ലീന പറയുന്നു. പതിനഞ്ച് ദിവസത്തേക്ക് ഡൽഹി പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ലീനയെ.