കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ പ്രവർത്തനങ്ങൾക്ക് ഇന്ന് തിരിതെളിയും. പകൽ മൂന്നിന് പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് സർവകലാശാല യൂണിയൻ ചെയർമാൻ എം.കെ. ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കലാലയങ്ങളെ മതനിരപേക്ഷ–ജനാധിപത്യ കാമ്പസുകളാക്കി മാറ്റുന്നതിനായി വിദ്യാർത്ഥികളുടെ സർഗാത്മക വികാസത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾ സർവകലാശാല യൂണിയൻ ആരംഭിക്കും.
എല്ലാവർക്കും ഓൺലൈൻ പഠനസൗകര്യം ലഭ്യമാക്കുന്നതിനും വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക–ശാരീരിക പ്രയാസങ്ങളിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തും. പത്തിനും 11നും കാസർകോട് റാണിപുരത്ത് പരിസ്ഥിതി ക്യാമ്പ് നടത്തും. തുടർന്ന് സാഹിത്യോത്സവം, മീഡിയഫെസ്റ്റ്, പുസ്തകയാത്ര, ഫിലിംഫെസ്റ്റ് , കലാജാഥ, സെമിനാർ, വിദ്യാർത്ഥി കാർണിവൽ, നാടൻ കലാമേള എന്നിവയും സംഘടിപ്പിക്കും.
സർവകലാശാല യൂണിയൻ കലോത്സവം കൊവിഡ് ഭീതി ഒഴിവായാൽ വിപുലമായി നടത്തും. വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ.വി. ശിൽപ, ജോയിന്റ് സെക്രട്ടറി സച്ചിൻ ചാത്തോത്ത് എന്നിവരും സംബന്ധിച്ചു.