സൗജന്യമല്ലാത്ത കൊവിഷീൽഡ് വാക്‌സിന്റെ ഇടവേള 28 ദിവസമാക്കും വിധം കൊവിഡ് പോർട്ടലിൽ മാറ്റം വരുത്താൻ ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഈ നിർദ്ദേശം കേന്ദ്രത്തിന് അത്രകണ്ട് സ്വീകാര്യമാവണമെന്നില്ല. ഒന്നാമത് വാക്‌സിൻ ക്ഷാമത്തിന്റെ പേരിൽ കേന്ദ്രം വെട്ടിലാകും. പക്ഷേ സംസ്ഥാനങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ചും കേരളത്തെ സംബന്ധിച്ച് ഇത് വളരെ ഗുണകരമായി മാറും. കാരണം ഇപ്പോൾ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഏറ്റവും ഉയർന്നു നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ആദ്യഘട്ടത്തിലെന്നപോലെ കൊവിഷീൽഡിന്റെ ഇടവേള 48 ദിവസമായി തുടർന്നിരുന്നെങ്കിൽ കേരളത്തിലെ 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ ഏതാണ്ട് പൂർത്തിയാകുമായിരുന്നു. രോഗവ്യാപനം കൂടിനിൽക്കുന്നതിനാൽ എല്ലാവർക്കും എത്രയും വേഗം വാക്‌സിനേഷൻ പൂർത്തിയാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനാൽ കൊവിഡ് പോർട്ടലിൽ മാറ്റം വരുത്താൻ കേന്ദ്രം നിർബന്ധിതമാവുകയാണെങ്കിൽ സൗജന്യമായി നൽകുന്ന കൊവിഷീൽഡും കേരളം കുറഞ്ഞ ഇടവേളയിൽ നൽകാൻ തീരുമാനിക്കുന്നത് രോഗവ്യാപനം കുറയ്ക്കാൻ വളരെയധികം ഉപകരിക്കുമെന്ന് കരുതാം.
നാലാഴ്ച കഴിഞ്ഞ് കൊവിഷീൽഡ് രണ്ടാം ഡോസ് എടുത്താൽ സംരക്ഷണം ലഭിക്കുമെങ്കിലും 84 ദിവസം കഴിഞ്ഞെടുത്താൽ കൂടുതൽ മികച്ച സംരക്ഷണം ലഭിക്കുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇടവേള ദീർഘിപ്പിച്ചത്. ഫലത്തിൽ ഇത് കേരളം പോലുള്ള ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയായാണ് ഭവിച്ചത്. ഇടവേള ദീർഘിപ്പിച്ചപ്പോൾ വാക്സിൻ ക്ഷാമം എന്ന മുറവിളി ഏറെക്കുറെ ഇല്ലാതാക്കാനും കേന്ദ്രത്തിന് കഴിഞ്ഞു.
കേരളത്തിൽ 18 വയസിന് മുകളിലുള്ള 2.87 കോടി പേർക്കാണ് വാക്‌സിൻ നൽകേണ്ടത്. ഇതൽ 2.15 കോടി പേർക്ക് ആദ്യ ഡോസും 80 ലക്ഷം പേർക്ക് രണ്ട് ഡോസും എടുത്തുകഴിഞ്ഞു. ഒരു മാസം 70 ലക്ഷം ഡോസ് വാക്‌സിൻ വീതം എടുത്താലെ ഡിസംബറോടെ വാക്‌സിൻ യജ്ഞം അവസാനിക്കൂ. ഇതിനിടയിൽ 18നും 12നും ഇടയിലുള്ളവർക്ക് കൂടി വാക്സിൻ നൽകാൻ കേന്ദ്രം തീരുമാനിക്കുകയാണെങ്കിൽ ഡിസംബർ കഴിഞ്ഞും ഇത് നീണ്ടുപോകാനാണ് സാദ്ധ്യത. കൊവിഷീൽഡിന്റെ ആദ്യത്തെ ഇടവേളയും ശാസ്ത്രീയമായ അടിസ്ഥാനത്തിൽ നിശ്ചയിച്ചതാണ്. അതിനാൽ അത് സ്വീകരിക്കുന്നതുകൊണ്ട് സംസ്ഥാനത്തിന് ഗുണമല്ലാതെ ദോഷമൊന്നും വരില്ല. മാത്രമല്ല വിദേശത്തേക്ക് പോകുന്നവർക്ക് ഇപ്പോൾത്തന്നെ അങ്ങനെ നൽകുന്നുണ്ടെന്നത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കേന്ദ്രം അപ്പീൽ നൽകാൻ ഒരുങ്ങുന്നതായാണ് വാർത്തകൾ. കേരളം ഇതിൽ കക്ഷിചേർന്ന് ഇടവേള 28 ദിവസമായി നിജപ്പെടുത്തുന്നതിനെ അനുകൂലിക്കുകയാണ് വേണ്ടത്.