SignIn
Kerala Kaumudi Online
Saturday, 20 April 2024 12.23 AM IST

എന്നും പൂനെയിലേക്ക് ഓടാനാണ് വിധി

virology

കൊവിഡിനൊപ്പം ഓടിത്തളർന്നു നിൽക്കുന്ന ആരോഗ്യവകുപ്പിന് കോഴിക്കോട്ടെ നിപബാധ കടുത്ത വിഷമസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മൂന്നുവർഷം മുൻപ് നാടിനെ ഞെട്ടിച്ചെത്തിയ നിപ ഇരുപത്തൊന്നു പേരെയും കൊണ്ടാണ് വിട്ടുപോയത്. അതിന്റെ ഭയാനക ഓർമ്മകൾ മനസിലേക്കു കൊണ്ടുവരുന്നു കോഴിക്കോട്ടു തന്നെ വീണ്ടും പ്രത്യക്ഷമായ നിപ ബാധ. ഏതു മഹാവ്യാധിയുടെ മുമ്പിലും ആദ്യം തളരുമെങ്കിലും അതിജീവനത്തിന്റെ മഹാപാഠങ്ങൾ മനുഷ്യൻ വശത്താക്കിയിട്ടുള്ളതിനാൽ അത് മറികടക്കാനുള്ള വഴികൾ കണ്ടുപിടിക്കും. 2018 മേയിൽ പൊട്ടിപ്പുറപ്പെട്ട നിപ ആഴ്ചകൾക്കകം നിയന്ത്രണ വിധേയമാക്കാൻ ആരോഗ്യവകുപ്പിനു കഴിഞ്ഞു. അതിനു സ്വീകരിച്ച നടപടികൾ അന്താരാഷ്ട്ര തലത്തിൽപ്പോലും പ്രകീർത്തിക്കപ്പെട്ടിരുന്നു . ഇനിയൊരു നിപ ബാധ ഉണ്ടായാൽ അനായാസം നേരിടാനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് അന്ന് തീരുമാനമെടുത്തതാണ്. നിർഭാഗ്യമെന്നു പറയട്ടെ രോഗസ്ഥിരീകരണത്തിന് പ്രഥമവും പ്രധാനവുമായ പരിശോധനാ സൗകര്യങ്ങളൊരുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഗുരുതരമായ ഈ വീഴ്ച ഇവിടത്തെ സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയെയാണു എടുത്തുകാട്ടുന്നത്.

കോഴിക്കോട് പാഴൂർ മുന്നൂർ ഗ്രാമത്തിലെ പന്ത്രണ്ടുകാരനാണ് നിപ ബാധിച്ച് മരിച്ചത്. 2018-ലേതു പോലെ ഇത്തവണയും വൈറസിന്റെ ഉറവിടം ഏതെന്നു കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിവിപുലമായ അന്വേഷണങ്ങളും പരിശോധനകളും നടക്കുന്നതേയുള്ളൂ. കുട്ടിയുമായി അടുത്തു ബന്ധപ്പെട്ട മാതാപിതാക്കൾ ഉൾപ്പെടെ എട്ടുപേരുടെ പരിശോധനാഫലം നെഗറ്റീവാണെന്നത് ഏറെ ആശ്വാസം പകരുന്നു. ഏതാനും ഫലങ്ങൾ കൂടി അറിയാനുണ്ട്. നിരീക്ഷണത്തിൽ കഴിയുന്ന ഇരുനൂറോളം പേരുണ്ട്. നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും അവരും കർശന നിരീക്ഷണത്തിലാണ്.

പലവിധ പകർച്ചവ്യാധികൾ കേരളത്തിന് അന്യമല്ലാതായ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ വൈറോളജി ലാബ് ഇവിടെയുണ്ടാകണമെന്ന ആവശ്യം വർഷങ്ങൾക്കുമുമ്പേ ശക്തമായത്. 2018-ലെ നിപ ബാധ ഈ ആവശ്യത്തിനു പൂർവാധികം ശക്തി പകർന്നു. രോഗസ്ഥിരീകരണത്തിന് ഓരോ തവണയും സാമ്പിളുകൾ പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുകയാണു ചെയ്യുന്നത്. എല്ലാ സജ്ജീകരണങ്ങളുമുള്ള ലാബും യോഗ്യതയുള്ള ജീവനക്കാരും ഇവിടെയുണ്ടെങ്കിൽ സാമ്പിളുകൾ അന്യദേശത്തേക്ക് അയയ്ക്കേണ്ടിവരില്ല. ആലപ്പുഴയിൽ വൈറോളജി ലാബുണ്ടെങ്കിലും എല്ലാ പരീക്ഷണങ്ങളും നടത്താൻ സജ്ജീകരണങ്ങളും സൗകര്യവുമില്ല. ഇതു കണക്കിലെടുത്താണ് വലിയ പ്രതീക്ഷകളുയർത്തി തിരുവനന്തപുരത്ത് തോന്നയ്ക്കലിലെ വിശാലമായ ലൈഫ് സയൻസ് പാർക്കിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. കെട്ടിടം നിർമ്മിച്ച് ഉദ്ഘാടനം നടന്നതല്ലാതെ ലാബുകൾ പൂർണനിലയിൽ പ്രവർത്തിപ്പിക്കാനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്ന് മാലോകർ അറിയുന്നത് ഇപ്പോൾ നിപ ബാധ പൊട്ടിപ്പുറപ്പെട്ടപ്പോഴാണ്. ഉദ്ഘാടനം നടന്ന് രണ്ടുവർഷമായിട്ടും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം തുടങ്ങാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സാധിച്ചില്ല. അതിന്റെ കാരണം അന്വേഷിക്കാനോ തടസങ്ങളുണ്ടെങ്കിൽ പരിഹരിക്കാനോ സർക്കാർ താത്‌പര്യമെടുക്കുന്നില്ല. ആയിരത്തോളം വിദഗ്ദ്ധ ജീവനക്കാർ പ്രവർത്തിക്കുന്ന ഏറ്റവും നിലവാരമുള്ള രാജ്യാന്തര സ്ഥാപനമായി ഈ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിനെ മാറ്റിയെടുക്കുമെന്നായിരുന്നു ഉദ്ഘാടനവേളയിലെ പ്രഖ്യാപനം. പരിചയസമ്പന്നരായ വിദഗ്ദ്ധരുടെ അഭാവം കൊണ്ടല്ല, നിയമന നടപടികളാകാത്തതാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവൃത്തിപഥത്തിലെത്താത്തതിന് പ്രധാന കാരണം. കോഴിക്കോട്ട് ഇപ്പോൾ നിപ ബാധയെത്തുടന്ന് മരണമടഞ്ഞ കുട്ടിയുമായി സമ്പർക്കം പുലർത്തിയവരായി 250 ലേറെ പേരുണ്ട്. ഇവരിൽ നിന്നൊക്കെ രക്തവും സ്രവവുമൊക്കെ പൂനെയിലെത്തിച്ചു പരിശോധനാഫലം കാത്തിരിക്കേണ്ടിവരുന്നത് ഇവിടെ അതിനുതക്ക ലാബില്ലാത്തതുകൊണ്ടാണ്. നിപ ബാധയുടെ വെളിച്ചത്തിലെങ്കിലും ലൈഫ് സയൻസ് പാർക്കിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ശാപമോക്ഷം നൽകാൻ സർക്കാർ മുന്നോട്ടുവരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIROLOGY LAB
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.