പേരാമ്പ്ര:കോൺക്രീറ്റ് സ്ലാബ്ല് തകർന്ന് സെപ്റ്റിക് ടാങ്കിൽ താഴ്ന്നു പോയ സഹോദരങ്ങളെ പേരാമ്പ്ര
ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങൾ രക്ഷിച്ചു. മേപ്പയ്യൂർ പഞ്ചായത്തിലെ ചങ്ങരംവള്ളിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ചങ്ങരംവള്ളി ചെറുവത്ത് മീത്തൽ രാജന്റെ മകൻ അഭിജിത്ത് (18) കോൺക്രീറ്റ് സ്ലാബ്ല് തകർന്ന് കുഴിയിലേയ്ക്ക് വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച അനുജിത്തും (27 ) ഒപ്പം കുഴിയിലേയ്ക്ക് താഴ്ന്നു പോയി. .ഉടൻ നാട്ടുകാർ പേരാമ്പ്ര ഫയർഫോഴ്സിൽ വിവരമറിയിച്ചു. വൈകാതെ സ്ഥലത്തെത്തിയ യൂണിറ്റ് യൂണിറ്റ് അംഗങ്ങളുടെ സമയോചിതമായ ഇടപെടലിൽ രണ്ടു പേരെയും രക്ഷിക്കാൻ കഴിഞ്ഞു. സ്റ്റേഷൻ ഓഫീസർ സി.പി ഗിരീശന്റെയും എസ്.എഫ്.ആർ.ഒ പ്രേമൻ. പി.സി എന്നിവരുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ സംവിധാനം ഒരുക്കി സിലിൻഡർ തുറന്ന് വിട്ട് കുഴിയിൽ വായുസഞ്ചാരം ലഭ്യമാക്കുകയായിരുന്നു ആദ്യം. പിന്നീട് ഐ.ഉണ്ണികൃഷ്ണൻ, ജിനേഷ് എന്നിവർ ബി.എ സെറ്റ് ധരിച്ച് കുഴിയിൽ ഇറങ്ങി രണ്ടു പേരേയും പുറത്തെടുത്ത് ഉടൻ പേരാമ്പ്ര ഗവ.ഹോസ്പിറ്റലിൽ എത്തിച്ചു.
യൂണിറ്റിലെ സജീവൻ സി,ബിനീഷ്കുമാർ,സുധീഷ്, ഷൈജേഷ് എ.പി.,സാരംഗ് ,അൻവർ സാലിഹ് ,ഹോം ഗാർഡുമാരായ വിജയൻ,രാജേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.