SignIn
Kerala Kaumudi Online
Wednesday, 25 May 2022 1.29 PM IST

കൊവിഡിന് ആയുർവേദം: ചികിത്സ തേടിയവർ നാലരലക്ഷം ; പഠനഫലങ്ങൾ അന്താരാഷ്ട്ര ജേണലിലേക്ക്

ayurveda

തൃശൂർ: സംസ്ഥാനത്ത് ആയുർവേദ മരുന്ന് കഴിച്ച കൊവിഡ് ബാധിതർ നാലരലക്ഷം കവിയുമ്പോൾ, രോഗികളിലും ക്വാറന്റൈനിലുമുള്ളവരിലെ ആയുർവേദത്തിന്റെ ഫലസിദ്ധി സംബന്ധിച്ച പഠനറിപ്പോർട്ട് അന്താരാഷ്ട്ര ജേണലുകളിലേക്ക്. ജേണലുകളിൽ പ്രസിദ്ധീകരിച്ച ശേഷം പഠനഫലം പൊതുജനങ്ങളിലെത്തിക്കും. അതോടെ പകർച്ചവ്യാധി പ്രതിരോധത്തിൽ ആയുർവേദത്തിന് കൂടുതൽ ആധികാരികത വരുമെന്നും കൊവിഡിന്റെ മൂന്നാം തരംഗം പ്രതിരോധിക്കാനും ഈ ഫലം സഹായകരമാകുമെന്നാണ് ആയുർവേദ വിദഗ്‌ദ്ധരുടെ വിലയിരുത്തൽ.

പഠനറിപ്പോർട്ട് ജനങ്ങളിലെത്തിയിട്ടില്ലെന്ന് നിയമസഭയിൽ ആരോഗ്യമന്ത്രി സമ്മതിച്ചിരുന്നു. ആയുഷ് വകുപ്പിന്റെ കീഴിലെ സംസ്ഥാന ആയുർവേദ കൊവിഡ് റെസ്‌പോൺസ് സെല്ലിന്റെ നേതൃത്വത്തിൽ ആദ്യം, ക്വാറന്റൈനിലുളളവർക്ക് ആയുർവേദമരുന്ന് നൽകുന്ന അമൃതം പദ്ധതിയുടെ ഗുണഫലങ്ങളാണ് പഠിച്ചത്. ആയുർവേദചികിത്സ ഫലപ്രദമാണെന്ന് പഠനത്തിലൂടെ വ്യക്തമായിട്ടും ചികിത്സാനുമതി ലഭിക്കാതിരുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു. തുടർന്ന് കൊവിഡ് രോഗികളിൽ ആയുർവേദ ചികിത്സയ്‌ക്കുള്ള അനുമതി ലഭ്യമായി. കഴിഞ്ഞ ഡിസംബറിൽ കൊവിഡ് രോഗികളിൽ ആയുർവേദത്തിന്റെ ഫലപ്രാപ്തിയും പഠനവിധേയമാക്കി. കൊവിഡിന് സമാനമായുള്ള രോഗം വരുമ്പോൾ ചികിത്സാപദ്ധതി തയ്യാറാക്കാൻ ഡോക്യുമെന്റേഷനും ഗവേഷണവും വേണമെന്ന അഭിപ്രായമാണ് ആയുർവേദ വിദഗ്‌ദ്ധർക്കുള്ളത്. മരുന്ന് എത്രത്തോളം ഫലപ്രദമായെന്നും കണ്ടെത്താനാകണം. ഗവേഷണ സ്ഥാപനങ്ങളുടെ കീഴിൽ പഠനം വേണം. കഴിഞ്ഞവർഷം ജനുവരി 30ന് കൊവിഡ് രാജ്യത്താദ്യമായി തൃശൂരിൽ സ്ഥിരീകരിച്ചെങ്കിലും രോഗികളിൽ ആയുർവേദചികിത്സ തുടങ്ങിയത് നവംബറിലായിരുന്നു. രാജ്യാന്തര തലത്തിൽ ആയുർവേദത്തിന് സ്വീകാര്യത ലഭിച്ചതിന് കേരളത്തിലെ പഠനറിപ്പോർട്ട് ഗുണകരമായെന്നും അഭിപ്രായമുയർന്നിരുന്നു.

(പഠനറിപ്പോർട്ടുകളിൽ ഫലപ്രാപ്തി ഉണ്ടെന്ന് കണ്ടെത്തിയോ എന്ന കെ.കെ. രമയുടെ ചോദ്യത്തിന്
ആരോഗ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച വിവരങ്ങൾ)

കൊവിഡ് രോഗികളിലെ പഠനഫലം

(കാലയളവ്: 2020 ഡിസംബർ 1 മുതൽ 2021 ജനുവരി 15 വരെ)

  • ഗുരുതരാവസ്ഥയിലല്ലാത്ത 9855 കൊവിഡ് രോഗികളിൽ ഭേദമായത്: 95.87%
  • റഫയർ ചെയ്യേണ്ടിവന്നത്: 44 (0.45%)

ക്വാറന്റൈനിലിരുന്നവരുടെ പഠനഫലം:

(കാലയളവ്: 2020 മേയ് 21 മുതൽ ജൂലായ് 4 വരെ )

  • പഠനത്തിന് വിധേയമായവർ: 1,01,218
  • പോസിറ്റീവ് ആയത്: 0.34%
  • ആയുർവേദമരുന്ന് ഉപയോഗിക്കാതെ പോസിറ്റീവ് ആയവർ: 1.67%

മരുന്ന് വിതരണം സെപ്തംബർ രണ്ട് വരെ:

  • ഭേഷജം വഴി (രോഗികൾക്ക്) മരുന്ന് നൽകിയത്: 4.54 ലക്ഷം
  • അമൃതം (ക്വാറന്റൈനിലുള്ളവർക്ക്): 8.09 ലക്ഷം
  • സ്വാസ്ഥ്യം (രോഗപ്രതിരോധം)12.51 ലക്ഷം
  • സുഖായുഷ്യം (വയോജനങ്ങളിൽ പ്രതിരോധം):7.88 ലക്ഷം
  • പുനർജനി ( കൊവിഡാനന്തരചികിത്സ):5.33 ലക്ഷം

നിരീക്ഷണത്തിലിരിക്കെ ആയുർവേദ മരുന്നുപയോഗിക്കുകയും പോസിറ്റീവ് ആകുകയും ചെയ്തവരിൽ രോഗലക്ഷണ തീവ്രത കുറവായിരുന്നു. നിരീക്ഷണത്തിലിരിക്കെ കൂടുതൽ ദിവസം ആയുർവേദ മരുന്ന് കഴിച്ചവരിൽ കഴിക്കാത്തവരെ അപേക്ഷിച്ച് ലക്ഷണം കുറവായിരുന്നു. പോസിറ്റീവ് ആയവരിൽ ആരും ഗുരുതരാസ്ഥയിലേക്കെത്തിയിരുന്നില്ല.

വീണാ ജോർജ്ജ്,

ആരോഗ്യമന്ത്രി (നിയമസഭയിൽ )

'' പഠന റിപ്പോർട്ടുകൾ അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും ഉടനെ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആയുർവേദത്തിൽ പഠന, ഗവേഷണം നടക്കുന്നില്ല എന്ന ആരോപണങ്ങൾക്കുള്ള മറുപടിയാണ് ഈ റിപ്പോർട്ട്. ''

ഡോ. ഡി. രാമനാഥൻ
ജനറൽ സെക്രട്ടറി
ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, AYURVEDA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.