തൃശൂർ: കെ.പി.സി.സി വിഭാവനം ചെയ്ത മൈക്രോ യൂണിറ്റ് പദ്ധതി പ്രകാരം ജില്ലയിൽ 14,000 കോൺഗ്രസ് യൂണിറ്റുകൾ രൂപീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. ഒല്ലൂർ നിയോജകമണ്ഡലം തല നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു മണ്ഡലം എന്ന രീതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ജില്ലയിലെ ഒല്ലൂർ മണ്ഡലമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതി പ്രകാരം 14,000 യൂണിറ്റുകളാണ് രൂപീകരിക്കുന്നത്. അടിത്തട്ടിലെ സംഘടനാ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. പൊതുസമൂഹം ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന അയൽക്കൂട്ട മൈക്രോ യൂണിറ്റ് രൂപീകരണം വിശദമായ പഠനങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷം കൃത്യമായ മുന്നൊരുക്കത്തോടെയാണ് നടപ്പാക്കുന്നത്. മുൻ ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് മുഖ്യാതിഥിയായി. ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, കെ.സി അഭിലാഷ്, സജീവൻ കുരിയച്ചിറ, എം.എൽ ബേബി, ലീലാമ്മ തോമസ് തുടങ്ങിയവർ പങ്കെടുത്തു. സ്റ്റേറ്റ് റിസോഴ്സ്പേഴ്സൺ വിനോദ് മേക്കോത്ത്, ടി.എം ചന്ദ്രൻ, പി.കെ രാജൻ, ടി.എം രാജീവ് എന്നിവർ ക്ലാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |