തൃശൂർ: കൊവിഡ് വ്യാപനത്തിന് ലോക്കിടാൻ നൂറ് കണക്കിന് വാർഡുകൾ കത്രികപ്പൂട്ടിട്ട് പൂട്ടിയിട്ടും കിതപ്പില്ലാതെ പായുകയാണ് കൊവിഡ്. നാനൂറോളം വാർഡുകളിൽ അടച്ചുപൂട്ടി കർശന നിയന്ത്രണം കൊണ്ടുവന്നെങ്കിലും രോഗ വ്യാപനം കുറയുന്നില്ല. കോർപറേഷൻ പരിധിയിലെ മുക്കാട്ടുക്കര, നെട്ടിശേരി, വളർക്കാവ്, അഞ്ചേരി ഉൾപ്പെടെ 397 വാർഡുകളിലാണ് ചൊവ്വാഴ്ച മുതൽ ട്രിപ്പിൾ ലോക് ഡൗൺ എർപ്പെടുത്തിയത്. രോഗ വ്യാപന തോത് ആയിരത്തിൽ ഏഴു പേർക്ക് എന്ന രീതിയിൽ സ്ഥിരീകരിച്ചതിനാലാണ് നിയന്ത്രണം. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രി വൈകിയായിരുന്നു ഉത്തരവ്. കൊടുങ്ങല്ലൂർ, കുന്നംകുളം, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാവക്കാട്, ചാലക്കുടി, ഗുരുവായൂർ മുനിസിപ്പാലിറ്റികളിലും നിരവധി പഞ്ചായത്തുകളിലെയും വാർഡുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചൊവ്വാഴ്ച കൂടുതൽ ടി.പി.ആർ കാറളം പഞ്ചായത്തിലാണ്. 87 പേരെ പരിശോധിച്ചതിൽ 45 പേർക്ക് രോഗം ബാധിച്ചു. പോസിറ്റിവിറ്റി നിരക്ക് 51.72 ആണ്.
ഏഴ് ദിവസം, കാൽ ലക്ഷത്തോളം രോഗികൾ
ഏഴ് ദിവസത്തിൽ ജില്ലയിലെ പ്രതിദിന കൊവിഡ് കണക്ക് 24,654 ആണ്. ഇതിൽ ഒരു ദിവസം നാലായിരത്തിന് മുകളിലും ബാക്കിയുള്ള ദിവസങ്ങളിൽ മൂവായിരത്തിന് മുകളിലുമാണ്. ഇന്നലെ മാത്രമാണ് 2500ൽ എത്തിയത്. 90 ശതമാനത്തിലേറെ വാർഡുകളിലും കൊവിഡ് രോഗികളുണ്ട്. മരണ നിരക്കിലും കുറവില്ല. ആറ് ദിവസം നൂറോളം പേരാണ് കൊവിഡ് ചികിത്സയിലിരിക്കേ മരിച്ചത്. ജില്ലയിലെ ആകെ മരണം 2400 കടന്നു.
വാക്സിനേഷനിൽ സുതാര്യതയില്ല
വ്യാപാര സഥാപനങ്ങളിലെ അടക്കം ജീവനക്കാർക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലും സുതാര്യതയില്ല. അതുകൊണ്ട് കടകളിൽ അടക്കം വ്യാപക ഭീഷണിയുണ്ട്. പുറത്തിറങ്ങുന്നവർ വാക്സിൻ എടുക്കണമെന്ന നിബന്ധനയും പാലിക്കപ്പെടുന്നില്ല. വാക്സിൻ ക്ഷാമം ഒരു ഭാഗത്ത് വല്ലാത്ത പ്രശ്നമാണ്. ഏറെ ദിവസങ്ങൾക്ക് ശേഷമാണ് ജില്ലയിൽ ഇന്നലെ വാക്സിനെത്തിയത്.
നിരീക്ഷണ സംവിധാനം പാളി
കൊവിഡ് ബാധിച്ചവരുമായി നേരിട്ട് സമ്പർക്കമുള്ളവർ പോലും സമ്പർക്ക വിലക്കിൽ ഇരിക്കുന്നില്ലെന്ന പരാതിയേറെയാണ്. ഇത് നിരീക്ഷിക്കാൻ പൊലീസോ ആരോഗ്യ വകുപ്പോ തയ്യാറാകുന്നുമില്ല. കൊവിഡ് ബാധിച്ചവരും മുറിക്കുള്ളിൽ ഇരിക്കണമെന്ന നിർദ്ദേശം പാലിക്കുന്നില്ല. ആർ.ആർ.ടിമാരും സജീവമല്ല. രാത്രികാല കർഫ്യൂ ഏർപ്പെടുത്തി പൊലീസ് എയ്ഡ് പോസ്റ്റുകൾ വീണ്ടും സ്ഥാപിച്ചുവെങ്കിലും കാര്യമായ മാറ്റമില്ല. ലംഘനങ്ങളിൽ പൊലീസ് കേസെടുക്കുന്നുണ്ട്.