SignIn
Kerala Kaumudi Online
Friday, 29 March 2024 11.46 AM IST

സെൻട്രൽ ജയിലിൽ വൻ സുരക്ഷാ വീഴ്ച കോഴിക്ക് പോലും മതിൽ ചാടിക്കടക്കാം!!

cntrl

തിരുവനന്തപുരം: കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ജയിൽചാടി രക്ഷപ്പെട്ട തിരുവനന്തപുരം സെൻട്രൽ ജയിലിൽ വൻ സുരക്ഷാ വീഴ്ച. ജയിൽ സ്ഥിതിചെയ്യുന്ന മൂന്നേക്കറോളം സ്ഥലം ഒഴികെയുളള വളപ്പിൽ പലയിടത്തും മതിയായ മതിലോ വേലിയോ ഇല്ല. ജയിൽ വളപ്പിലെ പവ്വർ ലോൺട്രിയുടെ ഭാഗത്തെ പൊക്കമില്ലാത്ത മതിൽ ചാടിയാണ് കൊലക്കേസിൽ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശി ജാഹിർ ഹുസൈൻ കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്. ഇതുപോലെ ആർക്കും രക്ഷപ്പെടാൻ കഴിയുന്ന നിരവധി സ്ഥലങ്ങൾ നൂറേക്കറോളം സ്ഥലത്ത് വ്യാപിച്ചി കിടക്കുന്ന ജയിൽ വളപ്പിലുള്ളതായാണ് വിവരം. ജയിലിന് ചുറ്റും നൂറേക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ജയിൽ വളപ്പിൽ രാജീവ് ഗാന്ധി ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്,​ ഐ.എ.എസ് കോളനി,​ പരീക്ഷാഭവൻ,​ ജയിൽ ജീവനക്കാരുടെ ക്വാർട്ടേഴ്സ്,​ സെപ്ഷ്യൽ സബ് ജയിൽ,​ പെട്രോൾ പമ്പിന് സമീപത്തെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം അരപ്പൊക്കം പോലും കഷ്ടിച്ചില്ലാത്ത മതിലാണുള്ളത്. പതിറ്റാണ്ടുകൾക്ക് മുമ്പ് പാറക്കല്ലുകൊണ്ട് കെട്ടിതിരിച്ച മതിൽ ഭൂരിഭാഗവും തകർന്നു. പൊട്ടിപ്പൊളിഞ്ഞ വിടവുകളിലൂടെ ആർക്കും പുറത്ത് കടക്കാം. മതിൽ പൊളിയാത്ത സ്ഥലങ്ങളിൽ അതിന് മുകളിലൂടെയും പുറത്തിറങ്ങാം. ജയിലിൽ സി.സി ടി.വി കാമറകളും വൈദ്യുതി വേലിയും സെല്ലിലും പുറത്തും ജീവനക്കാരുടെ കാവലുമുള്ളതിനാൽ പലർക്കും ജയിലിനുള്ളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. കൊവിഡ് കാലത്തുപോലും പരോൾ അനുവദിക്കാത്തതിനാൽ ജയിലിനുള്ളിൽ പെട്ടുപോയ ജാഹിറിനെപ്പോലുള്ളവരാണ് രണ്ടും കൽപ്പിച്ച് ജയിൽചാടാൻ പദ്ധതിയിടുന്നത്. ഇത്തരക്കാർക്ക് ജയിൽ ചാടാനുള്ള പഴുതുകളാണ് ജയിൽ വളപ്പിലെ പൊക്കമില്ലാത്തതും പൊട്ടിപ്പൊളിഞ്ഞതുമായ മതിലുകൾ. അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് രണ്ട് വനിതാ തടവുകാർ ജയിൽ മതിലിനരികിലെ മരത്തിൽ ഷാൾ കെട്ടി അതുവഴി രക്ഷപ്പെടാനിടയായതിന് ശേഷം ജയിലുകളിൽ മതിലിനോട് ചേർന്ന് നിൽക്കുന്ന വൃക്ഷങ്ങൾ മുറിച്ച് മാറ്റിയും തടവുകാർക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുംവിധമുള്ള നി‌ർമ്മാണങ്ങൾ ഒഴിവാക്കിയും ജയിൽ സുരക്ഷ കാര്യക്ഷമമാക്കിയെങ്കിലും പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിലെ അരമതിലുകൾക്ക് ഉയരം കൂട്ടാനോ വേലിയോ മറ്രോ സ്ഥാപിച്ച് സുരക്ഷ വർദ്ധിപ്പിക്കാനോ യാതൊരുനടപടിയുമുണ്ടാകാതിരുന്നതിന്റെ ഫലമാണ് ജാഹിറിന്റെ തടവുചാട്ടം.

#പദ്ധതികൾ അനവധി

കാവലിന് ആളില്ല

വധശിക്ഷയ്ക്കും ജീവപര്യന്തമുൾപ്പെടെയുള്ള കഠിനതടവുകൾക്കും ശിക്ഷിക്കപ്പെട്ടിട്ടുള്ള പ്രതികളാണ് തിരുവനന്തപുരം സെൻട്രൽ ജയിലുള്ളത്. ക്രിമിനൽ ചിന്താഗതിയുള്ളവരും സ്ഥിരം കുറ്രവാളികളുമാണ് ഇവരിൽ ഭൂരിഭാഗം പേരും. ശിക്ഷിക്കപ്പെട്ട് കഴിയുന്ന ജയിൽപുളളികളെ വിവിധ തരം ജോലികൾക്കായി ജയിൽവളപ്പിലെ വിവിധ സ്ഥലങ്ങളിലാണ് നിയോഗിക്കുന്നത്. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 7.15 മുതൽ ഉച്ചയ്ക്ക് 11.30 വരെയും ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 3.30 വരെയുമാണ് ഇവരുടെ ജോലി സമയം. ജയിൽവളപ്പിലെ വർക്ക് ഷോപ്പ്,​ നെയ്ത്തുകേന്ദ്രം,​ കൃഷിത്തോട്ടം,​ പവ്വർ ലോൺട്രി ,​ കാലിവളർത്തൽ കേന്ദ്രം എന്നിങ്ങനെ വിവിധ ജോലികൾക്കാണ് തടവുകാരെ നിയോഗിക്കുക. എട്ട് തടവുകാ‌ർക്ക് ഒരു വാർഡനെയാണ് കാവലിന് നിയോഗിക്കുന്നത്. ഇത്തരത്തിൽ ജയിൽവാർഡനൊപ്പം പവ്വർ ലോൺട്രിയിൽ തുണി കഴുകാനായി എത്തിയപ്പോഴാണ് ജാഹിർ ജയിൽ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ജയിലുകളിൽ തടവുകാരെ നേർവഴിക്ക് നയിക്കാനും സ്വയം പര്യാപ്തരാക്കി നല്ലവരായി വളർത്തിയെടുക്കാനും നിരവധി വരുമാന ദായക പദ്ധതികളും തൊഴിൽ സംരംഭങ്ങളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ജയിൽചപ്പാത്തി,​ ബ്യൂട്ടിപാർലർ,​ കഫറ്റേരിയ,​ പെട്രോൾ പമ്പ് എന്നിവ അവയിൽ ചിലതാണ്. ജയിൽ ജീവനക്കാർക്ക് ഇവയുടെ അധിക ചുമതലകൂടി വന്നതോടെ തടവുകാരെ നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും മതിയായ മാനവശേഷിയില്ലാതായി. ജയിൽ പുള്ളികളിൽ തന്നെ സീനിയറായ മേശിരിമാരുടെ കൂടി സഹായത്തോടെയാണ് പല ജയിലുകളും ഇപ്പോൾ പ്രവർത്തിക്കുന്നത്. പുറം ജോലികൾക്കായി ജയിലിന് പുറത്തേക്ക് നിയോഗിക്കപ്പെടുന്ന തടവുകാരെ നിരീക്ഷിക്കാനും മതിയായ ജീവനക്കാരില്ലാത്ത സാഹചര്യമുണ്ട്. ഇത്തരം പഴുതുകൾ തടവുപുള്ളികൾ മുതലെടുക്കുന്നതാണ് ജയിൽചാട്ടംപോലുള്ള സംഭവങ്ങൾക്ക് കാരണമാകുന്നത്.

#മറ്റ് ജയിലുകളും

സുരക്ഷാഭീഷണിയിൽ

അതിസുരക്ഷാ ജയിലായ വിയ്യൂരൊഴികെ സംസ്ഥാനത്തെ മറ്റ് ജയിലുകളിലും സുരക്ഷ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സെൻട്രൽ ജയിലുകളിൽ പലയിടത്തും മെറ്റൽ ഡിറ്റക്ടർ പോലുമില്ല. അരഡസനിലധികം ജയിലുകളിൽ വീഡിയോ കോൺഫറൻസിംഗ് സംവിധാനം കേടായിക്കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. സി.സി ടി.വി നിരീക്ഷണ സംവിധാനം മിക്കയിടത്തും പ്രവർത്തനക്ഷമമല്ല.

ഹോസ്ദുർഗ് ജില്ലാ ജയിൽ, കോഴിക്കോട് സ്പെഷ്യൽ സബ് ജയിൽ, തിരുവനന്തപുരം വനിതാ ജയിൽ, നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിൽ എന്നിവിടങ്ങളിലാണ് കാമറകൾ പൂർണമായും പ്രവർത്തനക്ഷമമായുള്ളത്.

സംസ്ഥാനത്തെ ജയിലുകളിൽ വീഡിയോ കോൺഫറൻസിംഗ് സംവിധാനം സ്ഥാപിക്കാൻ നാലുവർഷം മുമ്പ് കേന്ദ്രസർക്കാരിൽ നിന്ന് 11 കോടിരൂപ പൊതുമരാമത്ത് വകുപ്പ് കൈപ്പറ്റിയിരുന്നെങ്കിലും പദ്ധതി ഭാഗികമായി മാത്രമാണ് നടപ്പായത്. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ സഹായത്തോടെ സ്ഥാപിച്ച സംവിധാനങ്ങൾ പന്ത്രണ്ടിടത്ത് കേടായിക്കിടക്കുകയാണ്. 23 ജയിലുകളിൽ ഇതു സ്ഥാപിച്ചിട്ടേയില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ ജയിലുകളിൽ നിന്ന് പിടികൂടിയത് 90 മൊബൈൽ ഫോണുകളും 72 സിം കാർഡുകളുമാണ്. തിരുവനന്തപുരം നെട്ടുകാൽത്തേരി, കാസർകോട് ചീമേനി തുറന്ന ജയിലുകളിൽ നിന്നുമാത്രം 47 ഫോണുകൾ പിടിച്ചു. വിവിധ ജയിലുകളിലായി 39 പേർക്കെതിരെ കേസെടുത്തു.

#ഹൈടെക്കായി വിയ്യൂർ

തടവുകാരെ പരിശോധിക്കാൻ ഫുൾബോഡി സ്കാനർ, ബാഗേജ് സ്കാനർ, ബയോ മെട്രിക് വെരിഫിക്കേഷൻ, പവർ ഫെൻസിംഗ്, കമ്പ്യൂട്ടർവത്കൃത ഡേറ്റ മാനേജ്മെന്റ്, 15 മീറ്റർ ഉയരത്തിൽ നാലു നൈറ്റ് വിഷൻ വാച്ച് ടവർ, ഹൈ ബീം സെർച്ച് ലൈറ്റ്, ഇരുനൂറ്റിയൻപതിലേറെ സി.സി ടി.വി കാമറകൾ, വ‍ീഡിയോ കോൺഫറൻസിംഗ് സംവിധാനം, തടവുകാരുടെ മനപരിവർത്തനത്തിന് മനഃശാസ്ത്ര ലാബുകൾ, സായുധ കാവൽ, പ്രത്യേക ട്രാൻസ്ജെൻഡർ ബ്ലോക്ക് എന്നിവയുള്ള വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ മാത്രമാണ് കേരളത്തിലെ ജയിലുകളിൽ ഹൈടെക്കായുള്ളത്.

മെറ്റൽ ഡിറ്റക്ടറില്ലാത്ത ജയിലുകൾ

1.ചീമേനി തുറന്ന ജയിൽ

2.വിയ്യൂർ വനിതാ ജയിൽ

3.എറണാകുളം സബ് ജയിൽ

4. പൊൻകുന്നം സ്പെഷ്യൽ സബ് ജയിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CENTRAL JAIL
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.