SignIn
Kerala Kaumudi Online
Saturday, 20 April 2024 8.15 AM IST

വേണ്ടത് കൂടുതൽ ജാഗ്രത

covid

സമ്പൂർണ ലോക്‌ഡൗൺ ഒഴിവാക്കി ഒക്ടോബർ നാല് മുതൽ മെഡിക്കൽ കോളേജുകളിലെ അവസാന വർഷ ക്ളാസുകൾ, എൻജിനിയറിംഗ്, പോളിടെക്‌നിക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ തുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗമാണ് യാഥാർത്ഥ്യബോധത്തോടെയുള്ള ഈ തീരുമാനമെടുത്തത്. ലോക്‌ഡൗണും കർഫ്യൂവും തുടരുന്നതുകൊണ്ട് കൊവിഡിനെ വിചാരിക്കുന്നതു പോലെ പിടിച്ചുനിറുത്താൻ കഴിയില്ലെന്ന് വിദഗ്ദ്ധർ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല ശനിയും ഞായറും അടച്ചിട്ടിട്ട് തുറക്കുമ്പോൾ ജനത്തിരക്ക് കുറയുകയല്ല കൂടുകയാണ് ചെയ്യുന്നതെന്നും കാണുകയുണ്ടായി. കൊവിഡിനൊപ്പം ജാഗ്രതയോടെ ജീവിക്കുക എന്നതാണ് വേണ്ടതെന്നും അടച്ചിടൽ പ്രായോഗികമല്ലെന്നും തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കോളേജുകൾ ഉൾപ്പെടെയുള്ളവ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. മെഡിസിൻ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം കൊണ്ട് മാത്രം കാര്യങ്ങൾ ഗ്രഹിക്കാനാകില്ല. പ്രാക്‌ടിക്കൽ പഠനം അവരെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഒരിക്കലും ഓൺലൈൻ പഠനം അതിന് പകരമാവില്ല. എൻജിനിയറിംഗ്, പോളിടെക്നിക് തുടങ്ങിയവയിലെ പഠനത്തിനും പ്രാക്ടിക്കൽ അത്യന്താപേക്ഷിതമാണ്. അത്തരം പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ പഠനനിലവാരം കൊവിഡ് കാരണം കുറഞ്ഞുപോകാൻ പാടില്ല. ഇതോടൊപ്പം ബിരുദ, ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികൾക്കും പഠനം നടത്താൻ അനുവാദം നൽകിയിരിക്കുകയാണ്. കൂടാതെ 10, 12 ക്ളാസുകളും താമസിയാതെ ആരംഭിക്കും. അതിനാൽ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അദ്ധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് വാക്‌സിനേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. ഇപ്പോൾ വിദേശത്ത് പോകുന്നവർക്ക് വാക്സിൻ ഇടവേളയിൽ ഇളവ് അനുവദിക്കുന്നുണ്ട്. ഈ പരിഗണന അദ്ധ്യാപകർക്കും 18 വയസ് കഴിഞ്ഞ വിദ്യാർത്ഥികൾക്കും കൂടി നൽകാവുന്നതാണ്. തീവ്രവ്യാപനമുള്ള ഡെൽറ്റാ വൈറസിന്റെ സാന്നിദ്ധ്യമുള്ളതിനാൽ ഈ സന്ദർഭത്തിൽ ജനങ്ങൾ വളരെയേറെ ജാഗ്രത പുലർത്തുകയും സ്വയം നിയന്ത്രണം ഏർപ്പെടുത്തുകയും വേണം. കൊവിഡിനെ തളയ്ക്കാനുള്ള പരിശ്രമങ്ങൾക്കിടെ സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. അതിനാൽ ലോക്‌ഡൗൺ പിൻവലിച്ചെന്ന് കരുതി പഴയതുപോലെ ജീവിച്ചുകളയാമെന്ന ഒരു മാനസികാവസ്ഥയിലേക്ക് ആരെങ്കിലും പോകുന്നത് ആപത്തുകൾ വർദ്ധിക്കാനേ ഇടയാക്കൂ. അതിനാൽ പൊതുസമൂഹം കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണിത്. കൊവിഡ് മുക്ത കേരളം സമീപഭാവിയിലെങ്കിലും യാഥാർത്ഥ്യമാക്കണമെങ്കിൽ അതാവശ്യമാണ്. ഈ സമയവും കടന്ന് പോകാതിരിക്കില്ല. പക്ഷേ അതുവരെ സൂക്ഷിച്ചേ മതിയാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.