SignIn
Kerala Kaumudi Online
Saturday, 20 April 2024 9.39 AM IST

സാറും മാഡവും നാടുവിടുമ്പോൾ

photo

പാലക്കാട് മാത്തൂർ ഗ്രാമപ്പഞ്ചായത്ത് സാറിനെയും മാഡത്തെയും പടിയടച്ച് പുറത്താക്കിയപ്പോൾ എന്തൊരാശ്വാസം. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉടനെ പറഞ്ഞു, ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സാർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിയ മാത്തൂർ ഗ്രാമപഞ്ചായത്തിന്റെ മാതൃക കോൺഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുമെന്ന്. അതിന് നേതൃത്വം നൽകാൻ ഡി.സി.സി പ്രസിഡന്റുമാർക്ക് നിർദ്ദേശവും നൽകി. തൊട്ടുപിന്നാലെ,​ കോട്ടയം പനച്ചിക്കാട് പഞ്ചയത്തും ഉഴവൂർ പഞ്ചായത്തും അതു നടപ്പാക്കി. പറവൂർ, അങ്കമാലി ബ്ലോക്ക് പഞ്ചായത്തുകളും അത് സ്വീകരിച്ചു. പകരം എന്തു വിളിക്കും? കമ്മ്യൂണിസ്റ്റുകാർ ഭരിക്കുന്ന സ്ഥാപനങ്ങളിലാണെങ്കിൽ എല്ലാവരെയും സഖാവ് എന്ന് വിളിക്കാമായിരുന്നു. അധികാരത്തുടർച്ച നേടിയ സർക്കാർ എന്ന നിലയിൽ എല്ലാ ഓഫീസുകളിലും സഖാവേ എന്ന് വിളിച്ചുവേണം സംബോധന ചെയ്യാൻ എന്നൊരു ഉത്തരവ് പ്രതീക്ഷിക്കാവുന്നതാണ്.

മൗലികാവകാശപ്പട്ടികയിൽ സർക്കാർ ജീവനക്കാരെയും ഭരണാധികാരികളെയും മാത്രമല്ല മാതാപിതാക്കളെയും ഗുരുക്കന്മാരെയും എന്തു വിളിക്കണമെന്നും പറഞ്ഞിട്ടില്ല. പച്ചമലയാളത്തിൽ പകരം പദം കണ്ടെത്തുമെന്നാണ് മാത്തൂരിലെ ഭരണതന്ത്രജ്ഞന്മാർ ആദ്യം പറഞ്ഞത്. ഇപ്പോഴുള്ള പൊതുധാരണ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പേരോ പദവിയോ വിളിച്ച് സംബോധന ചെയ്യാമെന്നാണ്. അതിനിടയിൽ ചിലർക്ക് മറ്റൊന്നുകൂടി തോന്നി. അദ്ധ്യാപകരെയും അദ്ധ്യാപികമാരെയും പേര് വിളിക്കുന്ന സാഹചര്യം വേണമെന്ന്. ഒരു കോളേജ് അദ്ധ്യാപകൻ അതിന് മെമ്മോറാണ്ടവും നൽകി. തൊട്ടുപിന്നാലെ ഗുരുശ്രേഷ്ഠരായ സാനുമാഷും ലീലാവതി ടീച്ചറും കാലം മാറുമ്പോൾ അതിലും കുഴപ്പമില്ല എന്നും പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിനെയും ഇന്ത്യൻ പ്രധാനമന്ത്രിയെയും മാത്രമല്ല ദൈവത്തെയും പേര് വിളിച്ചാണല്ലോ സംബോധന ചെയ്യുന്നത് എന്ന ന്യായീകരണവും അതിന് താങ്ങായി പറയാവുന്നതാണ്. അതിനും മടിക്കില്ല അഭിനവ ബുദ്ധിജീവികൾ.

കൊളോണിയൽ ഹാങ്ങോവറിനെ കുടഞ്ഞുകളയാനും അധികാരവികേന്ദ്രീകരണം ഏറ്റവും പാവപ്പെട്ടവരിലേക്കും എത്തിക്കാനും ജനാധിപത്യത്തിന്റെ അന്തസന്ത സഫലമാക്കാനും ഈ തീരുമാനം വഴിവയ്ക്കുമെന്നാണ് ചിലരുടെ വാദം. അതിനെ തള്ളിപ്പറയുന്നില്ല. പക്ഷേ,​ ചില സംശയങ്ങൾ സാധാരണ മനുഷ്യർക്ക് തോന്നിയേക്കാം. ഒരാൾ മറ്റുള്ളവരെ എന്ത് വിളിക്കണമെന്ന് തീരുമാനിക്കുന്നത് ആരാണ്?​ പരാമാവധി അഞ്ചുവർഷത്തേക്കു മാത്രം അധികാരമുള്ള മാത്തൂരിലെ പഞ്ചായത്ത് ഭരണാധികാരികളാണോ? കോൺഗ്രസോ സി.പി.എമ്മോ ബി.ജെ.പിയോ മറ്റ് ജാതിമത സംഘടനകളോ ആണോ?​ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ കയറിച്ചെല്ലുന്നവർ മാത്രമല്ല,​ അവിടെ ജോലിചെയ്തും ചെയ്യാതെയും എന്തിനും കൈക്കൂലിവാങ്ങിച്ചും കഴിയുന്ന മനുഷ്യരും ഇന്ത്യയിലെ പൗരന്മാരാണ്. അവർക്കുമുണ്ട് മൗലികാവകാശങ്ങളും ആത്മാഭിമാനവും ജൂനിയർ സീനിയർ വിചാരങ്ങളുമെല്ലാം.

അമ്പലമുറ്റത്തായാലും പള്ളിമുറ്റത്തായാലും ഉത്സവപ്പറമ്പിലോ ചാലക്കമ്പോളത്തിലോ ആയാലും ഭിക്ഷ യാചിക്കുന്നവർക്ക് ഒറ്റ ലക്ഷ്യമേ ഉള്ളൂ,​ എന്തെങ്കിലും കിട്ടണം. കൂടുതൽ പണം നൽകുന്നവനാണ് അവർക്ക് അന്നത്തെ സാറും മാഡവും. കിട്ടിയ പണം മുന്തിയിൽ വച്ച് മടങ്ങുമ്പോൾ അവർ വിചാരിക്കുന്നത് ഭിക്ഷതരുന്ന തെണ്ടികളുമുണ്ട്,​ തരാത്ത തെണ്ടികളുമുണ്ട് എന്നാവാം. ഭിക്ഷാടനം പോലും ചിലപ്പോൾ ബിസിനസായി മാറിയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ആ നിലയിലേക്ക് സകല മനുഷ്യരും മാറണമെന്നാണോ സാറിനെയും മാഡത്തെയും പുറത്താക്കുന്നവർ ആഗ്രഹിക്കുന്നത്. ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ പലപ്പോഴും കളിയാടുന്നത് ദുർബുദ്ധിയാണ്. പിണറായി വിജയന്റെ ഭാഷാരീതി കടമെടുത്തു പറഞ്ഞാൽ,​ സാധാരണനിലയിൽ നമ്മുടെ നാട്ടിൽ ജനപ്രതിനിധികളെ മെമ്പർ,​ എം.എൽ.എ,​ മന്ത്രി,​ സി.എം എന്നിങ്ങനെയാണ് സംബോധനചെയ്യുന്നത്. പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്തവർക്കും ക്രിമിനലുകൾക്കുമെല്ലാം ഈ പദവിയിലെത്താം. അതിന് പ്രത്യേകിച്ച് ഒരു പരീക്ഷയും പാസാവേണ്ടതില്ല. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പലപ്പോഴും ഓഫീസ് ജീവനക്കാരെ സാർ എന്ന് വിളിക്കേണ്ടി വന്നേക്കാം. ഓരോരോ ആവശ്യങ്ങൾക്കായി എത്തുന്നവരും അങ്ങനെയാണ് വിളിക്കുന്നത്. അവരുടെ മുന്നിൽവച്ചു ജനപ്രതിനിധികളെ പേരോ മെമ്പർ എന്നോ ആവും വിളിക്കുക. ഈ കോംപ്ലക്സിനെ അതിജീവിക്കാനുള്ള കുറുക്കുവഴിയാണ് സാറിനെയും മാഡത്തെയും പുറത്താക്കിയതിലൂടെ സാധിച്ചതെന്ന് ആർക്കെങ്കിലും തോന്നിയാൽ അദ്ഭുതപ്പെടേണ്ടതില്ല. മാത്രമല്ല,​ ഓഫീസുകളിലെത്തുന്നവർ ഇനിമേൽ ജീവനക്കാരെ സാർ എന്നോ മാഡം എന്നോ വിളിച്ചാൽ അവർക്കുമേൽ നടപടി ഉണ്ടാകുമോ?​ അവരുടെ ആവശ്യം തള്ളിക്കളയുമോ?​

കേരളം എന്ന സംസ്ഥാനം താരതമ്യേന വളരെ ചെറുതാണെങ്കിലും അതിനുള്ളിൽ ഒരുപാട് ഭാഷാഭേദങ്ങളുണ്ട്. നമ്മുടെ തദ്ദേശമന്ത്രിയായ എം.വി. ഗോവിന്ദനെ ഗോവിന്ദൻ മാസ്റ്റർ എന്നാണ് വിളിച്ചുപോരുന്നതും അറിയപ്പെടുന്നതും. കെ.കെ.ശൈലജയെ ശൈലജടീച്ചർ എന്നാണ് വിളിക്കുന്നത്. പത്രറിപ്പോർട്ടുകളിൽപോലും ഗോവിന്ദൻ മാസ്റ്റർ,​ ശൈലജടീച്ചർ എന്നിങ്ങനെ അടിച്ചുവരാറുണ്ട് ഇപ്പോഴും. മന്ത്രിമാരായെങ്കിലും അവർക്കും അങ്ങനെ വിളിക്കുന്നത് കേൾക്കാനാവും ഇഷ്ടം. കേരളത്തിൽ എല്ലായിടത്തും അദ്ധ്യാപരെയും ഇതര ഉദ്യോഗസ്ഥരെയും സാർ എന്നോ മാഡം എന്നോ മാത്രമല്ല വിളിക്കുന്നത്. മാഷ്,​ താങ്കൾ,​നിങ്ങൾ എന്നിങ്ങനെയും പദവികൾ ചേർത്തും സൗകര്യപ്രദമായി വിളിക്കാറുണ്ട്. കൊളോണിയൽ സംസ്കാരം മൊത്തം കുടഞ്ഞുകളയുകയാണ് ലക്ഷ്യമെങ്കിൽ ആദ്യം വേണ്ടത് നമ്മുടെ ചാനൽ വാർത്താ വായനക്കാരുടെയും അവതാരകരുടെയും വേഷവും ഭാഷയും മാറ്റുകയാണ്. ഇത്രയേറെ കൊളോണിയൽ സംസ്കാരം തോളിലേറ്റിയ മറ്റൊരു മേഖലയും കേരളത്തിലില്ല.

സാധാരണ മനുഷ്യർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രണ്ട് മേഖലകളാണ് പഞ്ചയത്ത്,​ വില്ലേജ്,​ ബ്ലോക്ക്,​ താലൂക്ക് ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും. അവിടങ്ങളിലെ യഥാർത്ഥ പ്രശ്നം അവിടെ എത്തുന്നവർക്ക് സാർ,​ മാഡം,​ ടീച്ചർ എന്നൊക്കെ വിളിക്കേണ്ടിവരുന്നു എന്നതാണോ?​ പത്താം ക്ളാസ് പാസാവാത്ത ഒരു ജനപ്രതിനിധി ചെന്ന് എച്ച്.എമ്മിനെയൊ പ്രിൻസിപ്പാളയൊ പേരോ നീ എന്നോ വിളിക്കാൻ കഴിയണം എന്നാണോ ന്യൂജൻ രാഷ്ട്രീയം ആവശ്യപ്പെടുന്നത്. എന്താണ് ഇത്തരക്കാരുടെ ഉദ്ദേശ്യമെന്ന് തെളിയുന്നില്ല.

മാതാ പിതാ ഗുരു ദൈവം എന്ന സങ്കല്പം ബ്രിട്ടീഷുകാർ ഉപേക്ഷിച്ചു തന്നതല്ല,​ നമ്മുടെ തനത് സംസ്കാരമാണത്. അതിനെ തകിടം മറിക്കാനുള്ള പല കുറുക്കുവഴികളും തത്പരകക്ഷികൾ ഒളിഞ്ഞും തെളിഞ്ഞും പയറ്റുന്നുണ്ട്. അതിൽ അറിഞ്ഞും അറിയാതെയും വീഴുന്നവരെക്കുറിച്ച് ഓർക്കുമ്പോൾ ലജ്ജിക്കാതെ തരമില്ല.

മുതിർന്നവരെയും പല സാഹചര്യങ്ങളാൽ ഓരോരൊ പദവിവികളിലിരിക്കുന്നവരെയും ബഹുമാനിക്കുന്നതോ ആദരിക്കുന്നതോ നമസ്കരിക്കുന്നതോ ഒരു കുറ്റമല്ല,​ അങ്ങനെ തോന്നുന്നത് തീർച്ചയായും നല്ല ലക്ഷണവുമല്ല. ഏതോ വൈകല്യത്തിന്റെ വൈറസ് വകഭേദമാണത്. ജീവജാലങ്ങൾക്കും വൈറസുകൾക്കും മാത്രമല്ല പരിണാമമുള്ളത്. ചൈനയിൽ പിറന്നതെന്ന് ആരോപിതമായ കൊറോണ വൈറസിന് ഇന്ത്യക്കാരനെന്നോ ഇംഗ്ലീഷുകാരനെന്നോ വകഭേദമുമുണ്ടായില്ല. എവിടെയും അത് വ്യാപിച്ചു. ഭാഷയിൽ വാക്കുകൾക്കും അവയുടെ അ‌ർത്ഥങ്ങൾക്കും പരിണാമമുണ്ടാകും. രാജ്യങ്ങൾ ഭേദിച്ച് അത് വ്യാപിക്കുന്നത് മോശമാവുന്നതെങ്ങനെ?​ കൊളോണിയൽ സംസ്കാരത്തെ കുടഞ്ഞെറിയാനാണെങ്കിൽ അതിനുപയോഗിക്കുന്ന മീഡിയകൾ വരെ നമ്മൾ ഉപേക്ഷിക്കേണ്ടിവരും. സ്വന്തം മക്കളുടെ ജീവിതം ഇംഗ്ലണ്ടിലേക്കോ അമേരിക്കയിലേക്കോ തരപ്പെടുത്തുന്നതിൽ ഒരു കൊളോണിയലിസവും നമ്മൾ ദർശിക്കുന്നില്ല. വിപ്ളവമെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഈ സ്യൂഡോപരിഷ്കാരങ്ങൾ ശരിയായ നിലയിൽ വിലയിരുത്തപ്പെടേണ്ടതുണ്ട്. നമ്മുടെ കുട്ടികൾ ബഹുമാനിക്കേണ്ടവരെ ബഹുമാനിച്ചും മാനിക്കേണ്ടവരെ മാനിച്ചും ആദരിക്കേണ്ടവരെ ആദരിച്ചും തന്നെ വളരണം. അത് പ്രകടമാക്കാനുള്ള മാദ്ധ്യമമാണ് വാച്യഭാഷയും ശരീരഭാഷയും. അത് കൊളോണിയലിസമല്ല,​ ശരിയായ ഭാരതീയതയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALLUM NELLUM, SIR MADAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.