SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.19 AM IST

'ഫിലിം എഡിറ്റർ, സംവിധായകൻ, തിരക്കഥാകൃത്ത് സിനിമയിൽ ഒരുപാട് പേരെ കൊണ്ടുവന്ന് കൈതാങ്ങി നിർത്തിയ വലിയ മനുഷ്യൻ '; പി ആർ നായരെ അനുസ്‌മരിച്ച് സതീഷ് പൊതുവാൾ

editor

1987 തൊട്ട് ഞാൻ കിഴക്കോട്ടയിലെ ശ്രീ പത്മനാഭന്റെ നടയിലുള്ള രാമേട്ടന്റെ മുറിയിലെ സന്ദർശകനായിരുന്നു. കുടുസു മുറിയുടെ കിഴക്കേ ചുമരിനോട് ചേർന്ന് പത്മനാഭനെപ്പോലത്തന്നെ കിടന്ന രീതിയിൽ സ്ഥിരമായി പ്രതിഷ്ടിക്കപ്പെട്ട രമേട്ടന്റെ ആത്മമിത്രമായ പ്രഭാകരൻ നായർ , രാമേട്ടൻ അനിയനെപ്പോലെ കരുതൽ കാണിച്ച എഡിറ്റർ സുരേഷ് ബാബു, എം സുകുമാരന്റെ വിഖ്യാത കഥയായ 'ശേഷക്രിയ' വെള്ളിത്തിരയിലെത്തിച്ച രവി ആലുമ്മൂട്. വത്സല ശിഷ്യനും പ്രതിഭാശാലിയായ ചിത്രസംയോജകനുമായ വേണു, പാണ്ഡവപുരം, ഏകാകിനി തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയ സിനിമകളിലൂടെ സമാന്തരസിനിമയുടെ ശക്തനായ വക്താവായിത്തീർന്ന സംവിധായകൻ ജി.എൻ പണിക്കർ, രാമേട്ടന്റെ ആദ്യ സിനിമയായ 'സ്വർണ്ണപ്പക്ഷികൾ ' ളുടെ നിർമ്മാതാവും പ്രമുഖ നടനുമായ ശ്രീകുമാറേട്ടൻ , പിന്നെ സിനിമയിലും സാഹിത്യത്തിലും തൽപ്പരരായ മറ്റനേകം പേരറിയാത്തവരും.

ചില വേളകളിൽ ഞാനവിടുത്തെ നിത്യ സന്ദർശകനുമായിരുന്നു. ഏതെങ്കിലും വർക്കിന് തിരുവനന്തപുരം വിട്ട് പോകുന്നതിന് മുമ്പും കഴിഞ്ഞു വന്ന ഉടനെയും രമേട്ടനെ സന്ദർക്കുക ഒരു കാലത്ത് പതിവുണ്ടായിരുന്നു.


പി. ആർ. നായർ എന്ന രാമേട്ടൻ ഫിലിം എഡിറ്റർ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ മാത്രമല്ല , സിനിമയിൽ ഒരുപാട് പേരെ കൊണ്ടുവരികയും കൈതാങ്ങി നിർത്തുകയും ചെയ്ത വലിയ മനുഷ്യൻ എന്ന നിലയിൽക്കൂടിയായിരിക്കും എന്റെ തലമുറ അദ്ദേഹത്തെ സ്മരിക്കുക.


രാമേട്ടനോടൊപ്പം കെ.ആർ. മോഹനേട്ടൻ കെഎസ്‌എഫ്‌ഡിസിയ്‌ക്ക് വേണ്ടി ചെയ്ത പല ഡോക്യുമെന്ററികളിലും സഹകരിക്കുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഒരേയൊരു സിനിമയിൽ മാത്രമേ വർക്കു ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. കെ.പി.ശശിയുടെ 'ഇലയും മുള്ളും'.


രാമേട്ടനെക്കുറിച്ച് മറക്കാനൊക്കാത്ത ഒരുപാട് ഓർമ്മകളുണ്ട് ; എന്നെപ്പോലെ പലർക്കും. രാമേട്ടന്റെ ഫിലിമോഗ്രാഫിയൊന്നും ഇവിടെ വിവരിക്കുന്നില്ല. ബാലചന്ദ്രമേനോന്റെ ആദ്യ സിനിമയായ 'ഉത്രാടരാത്രി ' തൊട്ട് ചിന്ത രവിയേട്ടന്റെ അവസാന ചിത്രമായ 'ഒരേ തൂവൽപ്പക്ഷി ' വരെ അത് നീളും .


തൊണ്ണൂറുകളുടെ തുടക്കം. ഞാൻ തൈക്കാട് പോലീസ് ട്രെയിനിങ്ങ് കേളേജിനടുത്തുള്ള മാസവാടകമുറിയിൽ താമസിക്കുന്ന കാലം. കെ.ആർ.മോഹനേട്ടന്റെയോ കെ.മോഹൻകുമാറിന്റേയോ വല്ലപ്പോഴും കിട്ടുന്ന ഡോക്യുമെന്ററികളിലെ അസിസ്റ്റന്റ് പണി മാത്രം. സാമാന്യം പട്ടിണിയാണെന്നർത്ഥം. ഒരിക്കൽ നിരാഹാരം ഒരു ദിവസം കടന്നപ്പോൾ രക്ഷയില്ലാതെ മുറി മുഴുവൻ അരിച്ചുപെറുക്കി ഞാൻ രണ്ടു രൂപ കണ്ടെടുത്തു. അക്കാലം ചായക്ക് ഒരു രൂപ . കിഴക്കെകോട്ടയിലെ പട്ടര് ഹോട്ടലിൽ അന്ന് ഊണിന് അഞ്ചു രൂപ മതി. ബാക്കി മൂന്ന് രൂപയ്ക്ക് തൊട്ടടുത്ത് രാമേട്ടനുണ്ടല്ലൊ എന്ന സമാധാനത്തോടെ തിരക്കിട്ട് അങ്ങോട്ട് വച്ചുപിടിച്ചു .

മുറിയിൽ ബനിയനും പാന്റുമണിഞ്ഞ് രമേട്ടൻ ആ വീതി കുറഞ്ഞ കട്ടിലിൽ നീണ്ടു നിവർന്ന് കിടക്കുന്നുണ്ട്. സ്ഥിരപ്രതിഷ്ടയായ പ്രഭാകരൻ നായർ പോലും അവിടെയില്ല. ചെന്നപാടെ ഞാൻ രമേട്ടനോട് ആവശ്യം പറഞ്ഞു. രാമേട്ടൻ സ്വതസിദ്ധമായ അച്ചടി ഭാഷയിൽ ചോദിച്ചു 'സതീഷിന്റെ കയ്യിൽ രണ്ട് രൂപ ഉണ്ടെന്നല്ലെ പറഞ്ഞത് ?' ഞാൻ അതെ എന്ന് പറഞ്ഞപ്പോൾ രാമേട്ടൻ പെട്ടെന്ന് എഴുന്നേറ്റ് ഷർട്ടിട്ട് കുടയുമെടുത്ത് (വെയിലായാലും മഴയായാലും രണ്ടുമല്ലെങ്കിലും രമേട്ടൻ കുടയെടുത്തിരിക്കും) മുറി പൂട്ടി ഇറങ്ങി . തൊട്ടുതാഴത്തെ ഹോട്ടലിൽ കയറി അൽപം അക്ഷമയോടെ ഇരിപ്പുപിടിച്ചു.

വെയിറ്റർ വന്നു. രമേട്ടൻ പറഞ്ഞു. 'രണ്ട് ചായ ' ഞാൻ അന്തംവിട്ടു .പക്ഷെ അത്ഭുതപ്പെട്ടില്ല . രമേട്ടനും അന്ന് അതേ വരെ ഒന്നും കഴിച്ചിട്ടില്ലായിരുന്നു. അതും എന്നെപ്പോലെ മുറിയിൽ കിടന്നു കൊണ്ടല്ല. അന്ന് പകൽ മുഴുവൻ സതേൺ ഇൻസ്റ്റിറ്റിയൂട്ടിലെ ഏതോ ഫ്രാഡിനു വേണ്ടി എഡിറ്റ് ചെയ്യുകയായിരുന്നു.

കാലത്ത് സ്റ്റുഡിയോയിൽ ചെന്ന രമേട്ടന് ഭക്ഷണത്തിനു കാശ് കൊടുക്കാൻ പോലും അയാൾ വന്നില്ല . അന്ന് സെൽഫോണൊന്നുമില്ലല്ലോ . കണക്കിലേറെ അഭിമാനിയായ രാമേട്ടൻ സ്റ്റുഡിയോയിൽ ആരോടും ഒന്നും പറഞ്ഞതുമില്ല. ചായ കുടി ബലഹീനതയായിരുന്ന, പ്രായം ചെന്ന ആ മനുഷ്യൻ വൈകുംവരെ ചായ പോലും കുടിക്കാതെ പണിയെടുത്തിട്ടും നിർമ്മാതാവും സംവിധായകനുമായ യുവാവിനെ കണ്ടില്ല. അയാളെ പ്രതീക്ഷിച്ച് സ്റ്റുഡിയോ ബസ്സിന്റെ സിറ്റി യിലേക്കുള്ള പതിവ് ട്രിപ്പും ഒഴിവാക്കി. പിന്നെ സ്റ്റുഡിയോയിൽ നിന്നിറങ്ങി അഞ്ചാറ് കിലോമീറ്റർ നടന്നു വന്ന് തളർന്നു കിടക്കുകയായിരുന്നു ആ വലിയ മനുഷ്യൻ.

മങ്കമ്മയുടെ സെറ്റ് വർക്കിനു വേണ്ടി കഞ്ചിക്കോട്ടേക്ക് പോകുന്ന പോക്കിൽ പതിവുതെറ്റിക്കാതെ രാമേട്ടനെ കാണാൻ ചെന്നു . കോട്ടയ്ക്കകത്തെ ഒരു ആശുപത്രിയിൽ. അപ്പോഴേക്കും അദ്ദേഹം രോഗത്തോട് ഏതാണ്ട് അടിയറവ് പറഞ്ഞു കഴിഞ്ഞിരുന്നു. അന്ന് എനിക്ക് ഒരിക്കലും മറക്കാനാകാത്ത മറ്റൊരു കാര്യവും സംഭവിച്ചു. യാത്ര പറഞ്ഞ് വാതിലിനടുത്തേക്കെത്തി ഒന്ന് തിരിഞ്ഞു നോക്കിയ എന്നെ രാമേട്ടൻ അടുത്തേക്ക് കൈകാട്ടിവിളിച്ചു. ഞാൻ ചെവി കൂർപ്പിച്ച് അടുത്തേക്ക് ചെന്നു.

തളർന്ന് വിറയാർന്ന ശബ്ദത്തിൽ രാമേട്ടൻ പറഞ്ഞു . ' എന്തെങ്കിലും വർക്ക് വന്നാ സുരേഷിനെ വിളിക്കാന്നോക്കണം' തനിക്ക് ഇനി അധികമില്ലെന്ന് വ്യാകുലപ്പെടേണ്ട സമയത്തും മറ്റുള്ളവനെക്കുറിച്ച് ഓർക്കുന്ന രമേട്ടന്റെ മനസ്സിനു മുന്നിൽ ഞാൻ അന്തം വിട്ടു പോയി. പിൽക്കാലത്ത് ഇത് പറയുമ്പോൾ സ്വതവേ ഒരുതരത്തിലുള്ള വികാര പ്രകടനങ്ങൾക്കും വഴങ്ങാത്ത സുരേഷ് പലവട്ടം കരഞ്ഞുപോയിട്ടുണ്ട്.


രാമകഥ ശോകന്തമാകാതിരിക്കാൻ ഒരു മേമ്പൊടി


ഒരിക്കൽ ഒരു സംവിധായകൻ ഷൂട്ട് കഴിഞ്ഞ് എഡിറ്റിങ്ങിനായി റഷസും കൊണ്ടുവന്ന് ചിത്രാജ്ഞലിയിലെ ലാംബിനോട് ചേർന്ന തിയേറ്ററിൽ എഡിറ്ററായ രാമേട്ടന് വേണ്ടി പ്രൊജക്‌ട് ചെയ്യുന്നു. ഒരു ഷോട്ടിനുപോലും വാലും തലയുമില്ലാത്ത വല്ലാത്തൊരു സംഭവം !! സംസ്ഥാന സർക്കാറിന്റെ സബ്സിഡി കൂട്ടിയ കാലം. ഉടനടി സബിസിഡിക്കു വേണ്ടി മാത്രം തട്ടിക്കൂട്ടുന്ന പടങ്ങൾ അനവധിയുണ്ടായി.

ക്യാമറയുടെ ലെഫ്‌റ്റും റൈറ്റുമറിയാതെ ചെയ്തു വച്ച ഭീമാബദ്ധങ്ങളും പമ്പര വിഡ്ഡിത്തങ്ങളുമത്രയും 'ദാർശ്ശനിക സാന്ദ്രവും അതിനാൽത്തന്നെ സാധാരണ പ്രേക്ഷകന് ദുർഗ്രഹവും ' ആയ ആർട്ട് സിനിമയുടെ അക്കൗണ്ടിൽ കയറ്റാം എന്ന സൗകര്യവും അന്നുണ്ടായിരുന്നു. അതിനോടൊപ്പം ചെറിയൊരു താടിയും തട്ടിക്കൂട്ടി പുകചുറ്റിയ കണ്ണുകളിൽ സർവ്വ പുച്ഛത്തിന്റെ മേമ്പൊടിയും ചേർത്ത് എളുപ്പത്തിൽ ഏത് കടും പൊട്ടനും കനത്ത ബുദ്ധിജീവുകയും ചെയ്യാം എന്നൊരു ബോണസ്സുകൂടി ഇവിടെയുണ്ട്. അത്രയുമൊപ്പിൽപ്പിന്നെ വലിയ പ്രയാസമില്ലാതെ യശ:ക്കുതുകികളോ കാശ് മണത്തവരോ ആയ സിൽബന്തികൾ തൈരിൽ വെണ്ണയെന്ന പോലെ ഉറന്ന് വന്ന് ചുറ്റിലും അടിഞ്ഞ് കൂടും. പിന്നീടങ്ങോട്ട് കുറേക്കാലത്തേക്കുള്ള ചക്കാത്ത് കള്ളുകുടിയെക്കുറിച്ചുള്ള ആശങ്കയേ വേണ്ടഎന്നതാണ് ഇതിന്റെ ഏറ്റവും ആകർഷകമായ ദീർഘകാല നേട്ടം. ഞാൻ പ്രകൃതത്തിലേക്ക് തിരിച്ചു വരാം .

ഇവിടെ, റഷസ് കാണാൻ നിർമ്മാതാവും ക്യാമറാമാനും പ്രൊഡക്ഷൻ കൺട്രോളറും മറ്റ് സിൽബന്തികളുമായി പത്തോളം പേരുണ്ട്. പ്രൊജക്ഷൻ കഴിഞ്ഞ് ലൈറ്റ് തെളിഞ്ഞപ്പോൾ എല്ലാവരും സ്വാഭാവികമായും വിലയേറിയ അഭിപ്രായമറിയാൻ എഡിറ്ററുടെ നേരെ ആകാംക്ഷയോടെ നോക്കി . രാമേട്ടൻ അക്കാലം കലശലായ ബീഡിവലിയിൽ നിന്നും രക്ഷ നേടാർ വെറ്റില മുറുക്ക് ശീലിക്കാൻ തുടങ്ങിയതേയുള്ളൂ . രാമേട്ടൻ കസേര വിട്ട് എഴുന്നേറ്റ്, 'ഇത് ..... ' എന്ന് പറഞ് ഒന്ന് നിർത്തി 'ഘർർർ ... ' എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട് തുപ്പാനായി പുറത്തേക്കിറങ്ങി. സംഘം അക്ഷമരായി ഇരുന്നു.

രാമേട്ടൻ പുറത്തിറങ്ങി തുപ്പി. മുറ്റത്തപ്പോൾ സ്റ്റാർട്ടു ചെയ്തു നിർത്തിയിരിക്കുന്ന സ്റ്റുഡിയോ ബസ്സ് നിൽക്കുന്നതു കണ്ടു. നേരെ അതിൽ കയറി ഇരുന്നു. കിഴക്കേക്കോട്ടയിലിറങ്ങി മുറിയിലേക്ക് പോയി സ്വസ്ഥമായി വിശ്രമിച്ചു.പലപ്പോഴും തൊട്ടടുത്ത നേരത്തെ ഭക്ഷണത്തിന് പാങ്ങില്ലെങ്കിലും രമേട്ടൻ അങ്ങനെയേ ചെയ്യൂ. അതാണ് പി.രാമൻ നായർ എന്ന അന്തസ്സുള്ള കലാകാരൻ.


ഇന്ന് രമേട്ടന്റെ ചരമദിനമാണെന്ന് ഓർമ്മിപ്പിച്ചത് അദ്ദേഹത്തിന്റെ സ്ഫടിക സദൃശമായ മനസ്സിന്റെ സ്‌നേഹം അനുഭവിച്ചറിഞ്ഞ ശിഷ്യനും അനുഗ്രഹീത നടനും എന്റെ പ്രിയപ്പെട്ട അനിയനുമായ ശ്രീ ബൈജുവാണ്. ബൈജുവിന് നന്ദി. രാമേട്ടന്റെ ഓർമ്മയ്ക്കു മുന്നിൽ പ്രണാമം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PR NAIR, FILM EDITOR, REMEMBERING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.