SignIn
Kerala Kaumudi Online
Thursday, 25 April 2024 7.07 AM IST

കഴുത്തിലണിയിച്ച കൊലക്കയർ പോലുള്ള പവിഴമാലകൾ പൊട്ടിച്ചെറിഞ്ഞ് പറക്കാൻ വെമ്പുന്ന അനേകം കേരള സ്ത്രീകളുടെ ആൾരൂപമാണ് മഞ്ജു വാര്യർ, പിറന്നാൾ ആശംസ നേർന്ന് ജി വേണുഗോപാൽ

manju-warrier-

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ ജന്മദിനമാണിന്ന്. താരത്തിന് ആശംസകളുമായി നിരവധി പേരാണ് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. അതിൽ ഹൃദയസ്പർശിയായ കുറിപ്പാണ് പ്രിയഗായകൻ ജി വേണുഗോപാൽ കുറിച്ചിട്ടുള്ളത്. മഞ്ജുവിന്റെ ജീവിതത്തിൽ ഉണ്ടായ ദുർഘടം പിടിച്ച സമയത്ത് അവർക്കൊപ്പം കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയിൽ വച്ച് കണാനിടയായപ്പോൾ ഉണ്ടായ സംഭവങ്ങൾ അദ്ദേഹം വിവരിക്കുന്നു. വിവാഹമെന്ന തടവിൽ നിന്നും മോചിതയായി ഉയരങ്ങളിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന അനേകം കേരള സ്ത്രീകളുടെ ആൾരൂപമാണ് മഞ്ജു വാര്യരെന്നാണ് താരത്തെ വേണുഗോപാൽ വിശേഷിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് മഞ്ജുവിൻ്റെ പിറന്നാൾ!
എക്കാലത്തെയും എൻ്റെ പ്രിയപ്പെട്ട രണ്ട് അഭിനേത്രികളാണ് ഉർവ്വശിയും മഞ്ജുവും. ഇവർ രണ്ട് പേരും അഭിനയിച്ചു എന്ന് പറയുന്നതിലും ശരി, ജീവിതത്തിൽ നമ്മൾ കണ്ടറിഞ്ഞ്, പരിചയപ്പെട്ട പലരേയും, ഓർമ്മയുടെ അതിർവരമ്പുകളിൽ നിന്ന് പൊടി തട്ടിയെടുത്ത് വീണ്ടും മുന്നിൽ ശ്വസിപ്പിച്ച്, ചിരിപ്പിച്ച്, കരയിച്ച്, കുസൃതിച്ച് നിർത്തി എന്നുള്ളതാണ്.
വർഷങ്ങൾക്ക് മുൻപ് കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയിൽ ചികിത്സയ്ക്ക് കയറുമ്പോൾ മഞ്ജു അവിടെയുണ്ട്. മഞ്ജുവിൻ്റെ ജീവിതത്തിലെ ഏറ്റവും ദുർഘടം പിടിച്ച ഒരു സമയം, ഏറ്റവും സമ്മർദ്ദം നിറഞ്ഞ ദിനങ്ങളായിരുന്നു അതെന്നു് പിന്നീട് പത്രവാർത്തകളിൽ നിന്നിറഞ്ഞു. അപ്പോഴും ഞങ്ങളുടെ സംസാരം സംഗീതത്തിലും സിനിമയിലും മാത്രമൊതുങ്ങി നിന്നു. സിനിമയിൽ നിന്നൊക്കെ വിട്ട് നിന്നിരുന്ന മഞ്ജു, ഒരുപക്ഷേ ആ മൂന്നാഴ്ചകളിലായിരിക്കണം വരാൻ പോകുന്ന വെല്ലുവിളികളെ, ജീവിതസമരങ്ങളെ, നേരിടാൻ വേണ്ട പടക്കോപ്പുകൾ സജ്ജമാക്കിയത്.
സിനിമയ്ക്കപ്പുറം മഞ്ജുവിൽ കലാകേരളത്തിൻ്റെ ഏറ്റവും മികച്ച ഒരു നർത്തകിയുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ജീവിതമുൾപ്പെടെ ഒന്നും വെറുമൊരു " സിനിമ " അല്ലായിരുന്നിരിക്കണം മഞ്ജുവിന് .
അതിന് ശേഷം ഞാൻ മഞ്ജുവിനെ നേരിട്ട് കണ്ടിട്ടില്ല. അപൂർവമായി ഫോണിൽ സംസാരിച്ചതല്ലാതെ.
ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു സിനിമാ ജീവിതം, അത് നിർത്തിവച്ച സമയത്തേക്കാൾ ഉജ്വലമായി തിരിച്ച് പിടിക്കാൻ സാധിച്ചെങ്കിൽ, ശാസ്ത്രീയ നൃത്തവേദികളിൽ ഏതൊരു ഇരുപത് വയസ്സ്കാരിയെയും ത്രസിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചെങ്കിൽ അവിടെ ഞാൻ കണ്ടത് ഒരു അസാമാന്യ കലാകാരിയെ മാത്രമല്ല. അനിതരണ സാധാരണമായ ധൈര്യവും, നിശ്ചയദാർഢ്യവും, ദിശാബോധവും, നേർക്കാഴ്ചയും, തന്ത്രവും ഒക്കെയൊത്തിണങ്ങിയ ഒരു സ്ത്രീയെയാണ്.
അന്ന് മഞ്ജുവുമൊത്തുള്ള ഈ പടം എൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തപ്പോൾ അതിന് താഴെ വന്ന കമൻ്റുകൾ എന്നെ അതിശയിപ്പിക്കുകയും, ദേഷ്യപ്പെടുത്തുകയും, ലജ്ജിപ്പിക്കുകയും ചെയ്തിരുന്നു. ജീവിതമദ്ധ്യത്തിൽ എന്തു ചെയ്യണമെന്നറിയാതെ ഉഴറുന്ന നിരാശ്രയയായ ഒരു സ്ത്രീയെ കുറ്റപ്പെടുത്താനും, ആഭാസിക്കാനും നിരവധി പേരുണ്ടായിരുന്നു.

ഇന്ന് അതേ കേരളത്തിൽ, രോഗം നിറഞ്ഞ ശരീരവും, തലച്ചോറും പേറുന്ന കേരളത്തിൽ മഞ്ജു ഒരു ഐക്കൺ ആണ്.
വ്യക്തിപരമായ ഒരു യുദ്ധം മാത്രമല്ലായിരുന്നു മഞ്ജുവിൻ്റെത് . അനേകമനേകം സ്ത്രീകളുടെ, കഴിവുള്ള അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ പ്രതിനിധിയായി മാറി മഞ്ജു.

മോതിരവിരലുകളിൽ കുടുക്കിയ അഹന്തയുടെ വജ്രമോതിരം വലിച്ചൂരി, കഴുത്തിലണിയിച്ച കൊലക്കയർ പോലുള്ള പവിഴമാലകൾ പൊട്ടിച്ചെറിഞ്ഞ്, ഉദയവാനിൽ ഉയർന്ന് പറക്കാൻ വെമ്പുന്ന അനേകം കേരള സ്ത്രീകളുടെ തനി ആൾരൂപം തന്നെയാണ് മഞ്ജു വാര്യർ !

ഈ ഒരു വിജയ യാത്രാപഥത്തിൽ എന്നും മഞ്ജുവിന് മനസ്സമാധാനവും സമാനഹൃദയരുടെ പിന്തുണയും അറിയിക്കുന്നു.
ആയുരാരോഗ്യ സൗഖ്യവും നന്മയും നേരുന്നു. VG
Happy Birthday Manju Warrier

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANJU WARRIOR, HAPPY BDAY, VENUGOPAL, SOCIAL MEDIA, FB POST, 2 MAOISTS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.