SignIn
Kerala Kaumudi Online
Friday, 19 April 2024 5.52 AM IST

കോൺഗ്രസ് സെമി കേഡർ ആകുമ്പോൾ

cartoon

സംസ്ഥാനത്തെ കോൺഗ്രസിൽ ഒരു വലിയ ദിശാമാറ്റം സംഭവിക്കുകയാണിപ്പോൾ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി സംസ്ഥാന കോൺഗ്രസിനെ നയിച്ചുപോന്നിരുന്ന ഉമ്മൻ ചാണ്ടി- രമേശ് ചെന്നിത്തല യുഗത്തിന് അന്ത്യമായിരിക്കുന്നു. പുതുയുഗപ്പിറവിയിൽ ആ കോൺഗ്രസിന്റെ തലപ്പത്ത് കെ. സുധാകരനും വി.ഡി. സതീശനുമാണ്. ഈ മാറ്റത്തെ സാങ്കേതികാർത്ഥത്തിൽ തലമുറമാറ്റമെന്ന് വിശേഷിപ്പിക്കുക ബുദ്ധിമുട്ടാണ്. പ്രായം കൊണ്ട് തലമുറമാറ്റമുണ്ടായിട്ടില്ല.

ഉമ്മൻ ചാണ്ടിക്കിപ്പോൾ പ്രായം 78 ആയി. കെ. സുധാകരന് പ്രായം 73 ഉണ്ട്. രണ്ടായിരാമാണ്ടിന്റെ ആദ്യ ദശകത്തിന്റെ പകുതിയിൽ കെ.പി.സി.സി അദ്ധ്യക്ഷനായി അവരോധിക്കപ്പെട്ട രമേശ് ചെന്നിത്തലയ്ക്കിപ്പോൾ പ്രായം 64 ആണെന്ന് അദ്ദേഹം തന്നെയാണ് ഈയിടെ കോട്ടയത്ത് വച്ച് പരസ്യമാക്കിയത്. കെ.പി.സി.സി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷനേതാവുമൊക്കെയായി പ്രവർത്തിച്ചതോടെ രമേശ് ചെന്നിത്തല മുതിർന്ന നേതാവായി മാറിയതാണ്. കെ. സുധാകരന് പ്രായം 73 ആണെങ്കിലും വിശാല ഐ ഗ്രൂപ്പിനെ നയിച്ച രമേശ് ചെന്നിത്തലയ്ക്ക് കീഴിൽ ഗ്രൂപ്പണി മാത്രമായി പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ടതിനാൽ രമേശിനോളം മുതിർന്നതായില്ല. രമേശിനും വി.എം. സുധീരനും ശേഷം കെ.പി.സി.സി പ്രസിഡന്റായെത്തിയ മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം മാത്രമാണ് കെ.പി.സി.സിയുടെ വർക്കിംഗ് പ്രസിഡന്റാവാനുള്ള നിയോഗം കെ. സുധാകരനുണ്ടായത്. (എഴുപതുകളിൽ ലീഡർ കെ. കരുണാകരനോടൊപ്പം പോരാട്ടം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവായ മുല്ലപ്പള്ളി രാമചന്ദ്രൻ പോലും കെ.പി.സി.സിയുടെ വൈകിയെത്തിയ പ്രസിഡന്റായതിനാൽ രമേശിനോളം മുതിർന്നതായി പരിഗണിക്കപ്പെട്ടുവെന്ന് തോന്നുന്നില്ല!)

അതായത്, സ്വയം ആഗ്രഹിക്കാതെ മുതിർന്ന നേതാവായ ഹതഭാഗ്യനാണ് താനെന്നാണ് രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോൾ തോന്നുന്നതെന്ന് സാരം. അങ്ങനെ മൂക്കാതെ മുതിർന്നുപോയ അവസ്ഥയാണ് ഇപ്പോൾ കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതൃസ്ഥാനത്ത് നിന്ന് തെറിക്കാൻ പോലും കാരണമായതെന്ന് രമേശ് ചെന്നിത്തല ന്യായമായും കരുതുന്നു. ആ വേദന കടിച്ചുനിറുത്താൻ സാധിക്കാത്തതിനാൽ കൂടിയാണ് താൻ മുതിർന്ന നേതാവൊന്നുമായിട്ടില്ലെന്ന് കോട്ടയത്ത് വച്ച് അദ്ദേഹം തുറന്നു പറഞ്ഞത്.

അതവിടെ നിൽക്കട്ടെ. നേതാക്കളുടെ പ്രായക്കണക്ക് വച്ച് നോക്കുമ്പോൾ കോൺഗ്രസിൽ ഇപ്പോഴുണ്ടായത് തലമുറമാറ്റമാണെന്ന് പറയുക വയ്യ. കോൺഗ്രസിൽ പ്രായത്തെ വെല്ലുന്ന ഊർജ്ജം പകരാൻ കഴിയുന്ന നേതൃത്വം ഉണ്ടായിരിക്കുന്നു എന്ന് താഴെത്തട്ടിലുൾപ്പെടെ പ്രവർത്തകർ വിശ്വസിക്കുന്ന സ്ഥിതി സംജാതമായെന്ന് പറയാം. അതിന് കാരണക്കാർ തീർച്ചയായും വി.ഡി. സതീശനും കെ. സുധാകരനും മാത്രമാണ്.

73 കാരനായ കെ. സുധാകരനും 57കാരനായ വി.ഡി. സതീശനും ചേർന്നുണ്ടാക്കുന്ന വിപ്ലവത്തിന് നടുവിലാണിപ്പോൾ സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടി. അവരുടെ ഊർജ്ജത്തിന് മുന്നിൽ ഉമ്മൻചാണ്ടി - രമേശ് ചെന്നിത്തല സ്കൂൾ പഴഞ്ചനായിപ്പോകുന്നുണ്ട്. ഉർവശീശാപം ഉപകാരമായെന്ന് ചിന്തിക്കാൻ കോൺഗ്രസുകാരെ പ്രേരിപ്പിക്കുന്നത് പോലും അതാണ്. എല്ലാറ്റിനും നിമിത്തമായത് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തോല്‌വിയായിരുന്നല്ലോ. കാര്യത്തിലേക്ക് വരാം. സംസ്ഥാന കോൺഗ്രസിൽ സമൂലപരിഷ്കരണം പ്രഖ്യാപിച്ച് കളികൾ ആരംഭിച്ച സുധാകരൻ - സതീശൻ ദ്വയം പാർട്ടിയെ സെമി കേഡർ സംവിധാനത്തിലേക്ക് ഉയർത്തിയേ അടങ്ങൂവെന്ന ശപഥത്തിലാണ്. കോൺഗ്രസ് പാർട്ടിയെ നിരീക്ഷിക്കുന്ന ഏത് രാഷ്ട്രീയ വിദ്യാർത്ഥിയിലും കൗതുകം ജനിപ്പിക്കുന്ന പ്രഖ്യാപനങ്ങളും പരിപാടികളുമാണ് ഇപ്പോൾ ആ പാർട്ടിയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ഗ്രൂപ്പ് യോഗങ്ങൾ കർശനമായി വിലക്കുമെന്ന പ്രഖ്യാപനം സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയത് ശ്രദ്ധേയമാണ്. അദ്ദേഹം പരസ്യമായി പറഞ്ഞില്ലെങ്കിലും ഇനി ഗ്രൂപ്പ് യോഗം വിളിച്ചുചേർക്കാൻ തുനിയുന്ന ഏത് കൊലകൊമ്പനും ഷോകോസ് നോട്ടീസ് നൽകാൻ തന്നെയാണ് കെ. സുധാകരനെന്ന കെ.പി.സി.സി പ്രസിഡന്റ് തീരുമാനിച്ചിരിക്കുന്നത്. അതായത് ഉമ്മൻ ചാണ്ടിയായാലും രമേശ് ചെന്നിത്തലയായാലും ഗ്രൂപ്പ് യോഗം വിളിക്കാൻ മെനക്കെടേണ്ടതില്ലെന്ന് പറയാതെ പറയുകയാണദ്ദേഹം. ഇങ്ങനെ പറയുമ്പോൾ തന്നെയാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസ്ഥാന കോൺഗ്രസിന്റെ അവിഭാജ്യഘടകങ്ങളാണെന്ന് പുകഴ്ത്തി അവരെ വരുതിയിൽ കൊണ്ടുവരാൻ നടത്തുന്ന നീക്കങ്ങളും. ഇരുവരെയും അനുനയിപ്പിച്ച് കൂടെ നിറുത്തി പാർട്ടിയിൽ അസ്വാരസ്യങ്ങൾക്ക് ശമനമുണ്ടാക്കുന്നതിലും സതീശന്റെയും സുധാകരന്റെയും തന്ത്രപരമായ നീക്കങ്ങൾക്ക് സാധിച്ചിരിക്കുന്നു. അത് മാത്രമോ, ഡി.സി.സി പ്രസിഡന്റ് നിയമനത്തിന് ശേഷം കോൺഗ്രസിൽ ഉരുണ്ടുകൂടിയ അസ്വസ്ഥതയുടെ കാർമേഘങ്ങളിൽ നിരാശപൂണ്ട് പൊട്ടിത്തെറിച്ച ആർ.എസ്.പി അടക്കമുള്ള ഘടകകക്ഷികളെയും മെരുക്കി പാട്ടിലാക്കാൻ പുതിയ നേതൃത്വത്തിന് സാധിച്ചിരിക്കുന്നു. ഒരു പക്ഷേ, കേരള കോൺഗ്രസിലെ തർക്കം പോലും സമയത്തിന് തീർക്കുന്നതിൽ പരാജയപ്പെട്ട രമേശ് ചെന്നിത്തല- ഉമ്മൻ ചാണ്ടി- മുല്ലപ്പള്ളി നേതൃത്രയത്തെ തോല്പിക്കും വിധമുള്ള പ്രകടനമാണ് പുതിയ നേതൃത്വം കാഴ്ചവയ്ക്കുന്നത്.

കേരള കോൺഗ്രസ് -എമ്മിലെ തർക്കം തീർക്കുന്നതിൽ തോൽവിയേറ്റു വാങ്ങുക മാത്രമല്ല രമേശിന് സംഭവിച്ച പാളിച്ച. മദ്ധ്യതിരുവിതാംകൂറിലെ പ്രബലരും യു.ഡി.എഫിന്റെ നട്ടെല്ലുമായിരുന്ന കെ.എം. മാണിയുടെ മകൻ ജോസ് കെ.മാണിയെയും കൂട്ടരെയും പുകച്ച് പുറത്തുചാടിച്ചതും കൂടിയാണ്. മുന്നണി ചെയർമാനെന്ന നിലയിൽ രമേശിന് പിഴച്ചുപോയ കളിയായിരുന്നു ജോസിന്റെ പുറത്തുപോകലിലേക്ക് കാര്യങ്ങളെത്തിച്ചത്. അത് ഇടതുപക്ഷത്തിന് മികച്ച അവസരമായി മാറിയപ്പോൾ ജോസ് ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായി മാറി.

അത്തരമൊരു സന്ദിഗ്ദ്ധാവസ്ഥ ഇപ്പോൾ ആർ.എസ്.പി കലാപമുയർത്തിയപ്പോഴും സംഭവിക്കേണ്ടതായിരുന്നു. പക്ഷേ ആർ.എസ്.പി പോയില്ലെന്നത് രമേശ് ചെന്നിത്തലയിൽ നിന്ന് വി.ഡി. സതീശനിലേക്കുള്ള ദൂരം വ്യക്തമാക്കിത്തരുന്നുണ്ട്. അങ്ങനെ നിരാശരായ അണികളിൽ പ്രതീക്ഷയുടെ മുകുളങ്ങൾ സമ്മാനിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയാണ് കോൺഗ്രസിന്റെ പുതിയ അമരക്കാർ. ആ നേതൃത്വമാണിപ്പോൾ സംസ്ഥാന കോൺഗ്രസിനെ സെമി കേഡർ സംവിധാനത്തിലേക്കുയർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി പാർട്ടിയുടെ വിവിധ പദവികളിൽ നിയോഗിക്കപ്പെടുന്നവരുടെ പ്രവർത്തനം ആറ് മാസത്തിലൊരിക്കൽ വിലയിരുത്തും. ചുമതല നിറവേറ്റുന്നതിൽ പരാജയപ്പെടുന്നവരെ മാറ്റുമെന്നാണ് പ്രഖ്യാപനം.

പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്ക് ഒരു ക്ഷാമവുമില്ലാത്ത പാർട്ടിയാണ് ജനമനസിലെ കോൺഗ്രസ്. വായിൽ തോന്നുന്നത് കോതയ്‌ക്ക് പാട്ട് എന്നാണ് മട്ട്. ഫേസ്ബുക് പോലുള്ള സമൂഹമാദ്ധ്യമങ്ങൾ ഇത്തരക്കാർക്ക് ചാകരയാണ്. ആർക്കും എന്തും വിളിച്ചുപറയാമെന്ന നില ഇനിയുണ്ടാകില്ലെന്നതാണ് പുതിയ നേതൃത്വം നൽകുന്ന ശക്തമായ മുന്നറിയിപ്പ്. അതായത് സമൂഹമാദ്ധ്യമങ്ങളിലടക്കം പരസ്യവിമർശനം നടത്തി അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ കർശനനടപടിയുണ്ടാകുമെന്ന്. അത് വെറും വാക്കല്ല എന്നതിന് തെളിവാണ്, സമീപദിവസങ്ങളിൽ ചില മുൻനിര നേതാക്കൾക്കെതിരെയുണ്ടായ അച്ചടക്കനടപടികൾ.

കമ്മ്യൂണിസ്റ്റ് പാർട്ടി സംവിധാനങ്ങളെ പോലെ പാർട്ടിയിൽ മുഴുവൻസമയ കേഡർമാരെ നിയോഗിക്കുമെന്നും പുതിയ നേതൃത്വം വ്യക്തമാക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനങ്ങളിലും മറ്റും കാണാറുള്ള ചുവപ്പ് വോളണ്ടിയർ സേനയെ പോലെ വെള്ളയുടുപ്പിട്ട സേവാദൾ വോളണ്ടിയർമാരെ ഇക്കഴിഞ്ഞ ദിവസം നെയ്യാർഡാമിലെ രാജീവ്ഗാന്ധി പഠനഗവേഷണകേന്ദ്രത്തിൽ കണ്ടു. അവിടെ ഡി.സി.സി പ്രസിഡന്റുമാർക്കായുള്ള രണ്ട് ദിവസത്തെ ശില്പശാല നടക്കുകയായിരുന്നു.

വ്യക്തികൾക്ക് പ്രാമുഖ്യം നൽകിയുള്ള ഫ്ലക്സ് ബോർഡുകൾ ആവശ്യമില്ലാതെ പ്രദർശിപ്പിക്കുന്നത് വിലക്കുമെന്നത് ശ്രദ്ധേയമായ പ്രഖ്യാപനമാണ്. കോൺഗ്രസ് അറിയപ്പെടുന്നത് തന്നെ ഫ്ലക്സ് പാർട്ടി എന്ന നിലയിലാകുമ്പോൾ പ്രത്യേകിച്ചും. അതുപോലെ കോൺഗ്രസിലെ മറ്റൊരു എടുത്തുപറയേണ്ട കാഴ്ചയാണ് വേദികളിലും മറ്റും നേതാക്കൾക്ക് പിറകിൽ അണികൾ തിക്കിത്തിരക്കി കൂട്ടംകൂടി നിൽക്കുന്നത്. ഇതും കർശനമായി വിലക്കുമെന്നാണ് പ്രഖ്യാപനം.

പാർട്ടി പഠനപരിശീലന പരിപാടികൾ സജീവമാക്കാനായി പാർട്ടി സ്കൂൾ സ്ഥാപിക്കാനും പുതിയ തലമുറ മറന്നുതുടങ്ങിയ ഗാന്ധിജിയെയും നെഹ്റുവിനെയുമൊക്കെ ഓർമ്മിപ്പിക്കാനും പുതിയ നേതൃത്വം നടത്തുന്ന ശ്രമങ്ങളും സംസ്ഥാന കോൺഗ്രസിനെ വേറൊരു ഗൗരവമാർന്ന തലത്തിലേക്കുയർത്തുകയാണ്. തീർച്ചയായും പ്രതീക്ഷാനിർഭരമാണ് പുതിയ നേതൃത്വത്തിന്റെ നീക്കങ്ങൾ. അടുത്ത ആറ് മാസത്തിൽ ഇതെത്ര കണ്ട് പ്രാവർത്തികമാകും എന്നതിനെ ആശ്രയിച്ചാകും ഫലപ്രാപ്തി. കടൽപ്പരപ്പിലും പുഴപ്പരപ്പിലും നീന്തിനടക്കുന്ന മീനിനെ പിടിച്ച് കരയിലിട്ടാൽ ശ്വാസംമുട്ടി മരിക്കും എന്ന പ്രകൃതിയുടെ അവസ്ഥ പോലെ, എന്തും വിളിച്ചുപറയാൻ സ്വാതന്ത്ര്യം കിട്ടുന്ന കോൺഗ്രസുകാരന് ഈ ശ്വാസംമുട്ടിക്കൽ എത്രകണ്ട് സഹിക്കാനാകും എന്നതുമൊരു ചോദ്യമാണ്. സുധാകരൻ- സതീശൻ നേതൃത്വത്തിന്റെ കളികൾ കാണാനിരിക്കുന്നതേയുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.