SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.23 PM IST

തീരെ ഹരിതമല്ല ലീഗ്

malappuaram

'' ഞങ്ങൾ പിടിച്ച കൊടി തെറ്റിയിട്ടില്ല, ഇവിടെ എല്ലാവർക്കും ഇടമുണ്ട്.'' ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നിയും ജനറൽ സെക്രട്ടറി അഡ്വ.നജ്മ തബ്ഷീറയും ആഗസ്റ്റ് 18ന് ഫേസ്ബുക്കിൽ കുറിച്ച വരികളാണിത്. ഇതെഴുതി കൃത്യം 21ാമത്തെ ദിവസം ആ കൊടി ഇരുവരുടെയും കൈയിൽ നിന്ന് തെറിച്ചു. എം.എസ്.എഫ് സംസ്ഥാന നേതാക്കളുടെ ലൈംഗികാധിക്ഷേപത്തിനെതിരെ വനിതാ കമ്മിഷനിൽ പരാതി നൽകിയെന്നതാണ് ചാർത്തി കിട്ടിയ കുറ്റം. പലതവണ മുസ്‌ലിം ലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും അനങ്ങാതിരുന്നതോടെ ആത്മാഭിമാനം സംരക്ഷിക്കാനാണ് വനിതാ കമ്മീഷനെ സമീപിക്കേണ്ടി വന്നതെന്ന് ഹരിത നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നം സംഘടനയ്ക്ക് പുറത്തേക്ക് വലിച്ചിഴച്ചെന്ന മറപിടിച്ചാണ് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത്.

എം.എസ്.എഫിന്റെ സംസ്ഥാന ഓഫീസായ കോഴിക്കോട്ടെ ഹബീബ് സെന്ററിൽ ജൂൺ 22ന് നടന്ന യോഗത്തിൽ ഹരിതയുടെ അവകാശങ്ങൾ സംബന്ധിച്ച് ഭാരവാഹി സംസാരിക്കുമ്പോൾ വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമെന്നും അത് പറയൂ എന്നാണ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അധിക്ഷേപിച്ചത്. മറ്റ് നേതാക്കൾ സ്ഥിരമായി പെൺകുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും സ്വഭാവദൂഷ്യമുള്ളവരാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. സംഘടനയ്ക്ക് അകത്തും പുറത്തും വഴിപ്പെട്ട് ജീവിക്കണമെന്നും പ്രസവിക്കാത്ത ഫെമിനിച്ചികളാണെന്നും ആക്ഷേപിച്ചു എന്നതടക്കം അതിഗുരുതരമായ ആരോപണങ്ങളാണ് വനിതാ കമ്മിഷന് നൽകിയ പരാതിയിൽ ഹരിത നേതൃത്വം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.


പെട്ടെന്നല്ല,​ കമ്മിഷനിലെത്തിയത്

ഹരിതയിൽ പ്രശ്നങ്ങൾ നീറിപ്പുകയാൻ തുടങ്ങിയിട്ട് മാസങ്ങളായി. മേയ് 25ന് ചേർന്ന സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഹരിതയുടെ പുതിയ ജില്ലാക്കമ്മിറ്റികൾ ജൂൺ 10ന് മുമ്പ് രൂപീകരിക്കാൻ ഈ യോഗം തീരുമാനിച്ചിരുന്നു. ഹരിത മുൻകൈയെടുത്ത് ജില്ലാക്കമ്മിറ്റികൾ രൂപീകരിക്കേണ്ടപ്പോൾ ഇവരെ ഒഴിവാക്കി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ അദ്ധ്യാപികയും ഹരിതയിൽ പ്രവർത്തന പരിചയവുമില്ലാത്ത അഡ്വ. തഹാനിയെ മലപ്പുറം ജില്ലാ പ്രസിഡന്റായി നിയമിച്ചു. ഇതിനെതിരെ ഹരിത സംസ്ഥാന കമ്മിറ്റി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകി. ഇതിനു പിന്നാലെയാണ് ഹരിത പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും മെരുക്കാൻ ശ്രമമാരംഭിച്ചത്.

സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയായതോടെ ഭീഷണിക്കും അപവാദപ്രചാരണങ്ങൾക്കും ശക്തിയേറി. ജൂൺ 24ന് ഹരിത സംസ്ഥാന കമ്മിറ്റി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകി. ഹരിത ഭാരവാഹികൾ ഇതിനിടെ പലതവണ ലീഗ് നേതൃത്വത്തിന് മുന്നിൽ പ്രശ്നം അവതരിപ്പിച്ചെങ്കിലും അനങ്ങിയില്ല. ഇതോടെ ജൂലൈ 10ന് ഹരിതയുടെ പരാതി മാദ്ധ്യമങ്ങളിലൂടെ വാർത്തയായി. തൊട്ടുപിന്നാലെ മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം ഹരിത പ്രതിനിധികളെ മാറ്റിനിറുത്തി എം.എസ്.എഫ് സംസ്ഥാന പ്രവർത്തകസമിതി വിളിച്ചുചേർത്തു. ഭാരവാഹികളും ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാരും സംസ്ഥാന പ്രസിഡന്റിന്റെ പരാമർശം ലീഗ് നേതൃത്വത്തെ ബോധ്യപ്പെടുത്തി നടപടിയും ആവശ്യപ്പെട്ടു.

ജൂലായ് 26ന് ഹരിത സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മലപ്പുറം ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഭാരവാഹികൾ എന്നിവരുടെ യോഗം ലീഗ് വിളിച്ചു ചേർത്തു. ഈ യോഗത്തിലും ഹരിത തങ്ങളുടെ പരാതി ലീഗ് നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തി. എന്നിട്ടും അനങ്ങാതിരുന്നത് തുണയാക്കി എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി വാട്സാപ് ഗ്രൂപ്പിൽ ഹരിത ഭാരവാഹികളെ നിരന്തരം പരിഹസിച്ചു. ഗതികെട്ട ഹരിത നേതൃത്വം വാർത്താസമ്മേളനത്തിലൂടെ തങ്ങൾ നേരിടുന്ന കടുത്ത അനീതി പുറംലോകത്തെ അറിയിച്ചു. പിന്നാലെ ഹരിതയെ മരവിപ്പിച്ച മുസ്‌ലിം ലീഗ് നേതൃത്വം ഒടുവിൽ പെൺകുട്ടികളുടെ ആത്മാഭിമാനത്തിന്റെ കടയ്ക്കൽ കത്തിവച്ച് ഹരിതയെ തന്നെ ഇല്ലാതാക്കി.


സ്രാങ്ക് പറയും

അപ്പോൾ കേട്ടാൽ മതി

ഹരിത മുൻസംസ്ഥാന ഭാരവാഹിയായ ഹഫ്സ മോൾ ഫേസ്ബുക്കിൽ കുറിച്ച വരികളിൽ ഹരിത നേരിട്ടതെല്ലാമുണ്ട്.

'' മിണ്ടരുത്, മിണ്ടിയാൽ പടിക്കുപുറത്താണ്. ആരാണ് പുറത്താക്കുക എന്ന് അറിയുമോ? ഭരണഘടനയിൽ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതി. അല്ലേലും നിങ്ങൾ ഇവരിൽ നിന്ന് നീതി പ്രതീക്ഷിച്ചിരുന്നോ നിഷ്‌കളങ്കരെ..?

സ്രാങ്ക് പറയും അപ്പോൾ കേട്ടാൽ മതി
സ്രാങ്ക് ചെയ്യും അപ്പോൾ കണ്ടാൽ മതി

ജയ് സദിഖലി ശിഹാബ് തങ്ങൾ
വിസ്മയമാണെന്റെ ലീഗ് ''

ക്യാമ്പസുകളിൽ പെൺകുട്ടികൾക്കിടയിൽ എം.എസ്.എഫിന് കൂടുതൽ വേരോട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ്‌ലിം ലീഗ് ഹരിതയ്ക്ക് രൂപമേകിയത്. വിദ്യാർത്ഥി സംഘടനയിൽ ആൺ-പെൺ വേർതിരിവ് എന്തിനെന്ന ചോദ്യത്തിനൊന്നും ലീഗിൽ പ്രസക്തിയില്ല. ഹരിത വന്നതിന് ശേഷം എം.എസ്.എഫിന് ക്യാമ്പസിൽ നല്ല കാലമായിരുന്നു. കൂടുതൽ പെൺകുട്ടികളെ ആകർഷിക്കാൻ മാത്രമല്ല ആരേക്കാളും ഉച്ചത്തിലും കരുത്തിലും മുദ്രാവാക്യങ്ങളുമായി മുന്നിൽ നിൽക്കുന്നവരായി പെൺപട മാറി. മുസ്‌ലിം ലീഗിൽ വനിതാ ലീഗുണ്ടെങ്കിലും ഇത് പേരിൽ മാത്രമായപ്പോൾ പ്രവർത്തനങ്ങളിലെ പെൺപടയായി ഹരിത മാറി. നവമാദ്ധ്യമങ്ങളിൽ വിവിധ സാമൂഹ്യവിഷയങ്ങളിൽ ഉരുളയ്ക്കുപ്പേരി മറുപടികളുമായി ഹരിതക്കൂട്ടം നിറഞ്ഞുനിന്നു. ആൺ-പെൺ വേർതിരിവുകളെ മനുഷ്യനെന്ന ഒറ്റച്ചരടിൽ കോർത്തില്ലാതാക്കുന്ന പുതുതലമുറയുടെ ചിന്തകൾ ആൺകോയ്മ മറഞ്ഞും തെളിഞ്ഞുമുള്ളവർക്ക് പലപ്പോഴും അസ്വാരസ്യങ്ങളുണ്ടാക്കി. പ്രത്യേകിച്ചും ലീഗിന്റെ വോട്ടുബാങ്കായ സമസ്തയ്ക്ക്. മറ്റ് പ്രധാന മുസ്‌ലിം സംഘടനകൾക്കെല്ലാം വനിതാ പ്രസ്ഥാനങ്ങളും വനിതാവേദികളും സമരാങ്കണങ്ങളും ഉള്ളപ്പോൾ സമസ്തയ്ക്ക് ഇതൊന്നുമില്ല. മുദ്രാവാക്യവും അവകാശങ്ങളും വിളിച്ച് തെരുവിൽ ഇറങ്ങേണ്ടവരല്ല സ്ത്രീകളെന്ന പരമ്പരാഗ കാഴ്ചപ്പാട് ആഴത്തിൽ വേരോടിയ സംഘടനയിൽ വനിതാ വിഭാഗമില്ലെന്നത് തെല്ലും അത്ഭുതപ്പെടുത്തുന്നതുമല്ല.

സാമൂഹ്യപ്രശ്നങ്ങൾക്കൊപ്പം തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം അടക്കമുള്ളവയിലും ഹരിത അഭിപ്രായം പറയാൻ തുടങ്ങിയതോടെ സമസ്തയ്ക്ക് പിന്നാലെ കല്ലുകടി ലീഗിലേക്കും നീണ്ടു. നിയമസഭ തിരഞ്ഞെടുപ്പിൽ ഹരിതയ്ക്ക് അവസരമേകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചപ്പോൾ പലരെയും ചില്ലറയൊന്നുമല്ല അത് ചൊടിപ്പിച്ചത്. ക്യാമ്പസിന്റെ അതിരുവിട്ട് ഹരിത വളരേണ്ടെന്ന് പലതവണ പറയാതെ പറഞ്ഞു. ഇടത്, വലത് പ്രസ്ഥാനങ്ങളിൽ മിക്കതിലും യുവ സ്ഥാനാർത്ഥികൾക്ക് അവസരമേകിയപ്പോൾ ലീഗിന്റെ വിപ്ലവം വനിതാ ലീഗിൽ ഒതുങ്ങി. പതിറ്റാണ്ടുകൾക്ക് ശേഷം ഒരു വനിതയെ നിയമസഭയിലേക്ക് ലീഗ് മത്സരിപ്പിച്ചു എന്നത് അതിന്റെ ചരിത്രത്തിലെ അപൂർവതയിൽ മാത്രമൊതുങ്ങി. ഓരോ വിഷയങ്ങളിലും വ്യക്തവും ശക്തവുമായ നിലപാടികൾ ഉയർത്തുന്ന ഹരിതയ്ക്ക് അവസരമേകണമെന്ന പൊതുതാത്പര്യങ്ങളെ ലീഗ് കണ്ടില്ലെന്ന് നടിച്ചു. വാക്കിനും നാക്കിനും എല്ലില്ലെന്ന് പറഞ്ഞ് ഹരിതയെ തള്ളുന്നവരുടെ കോപം വിളിച്ചുവരുത്തേണ്ടെന്ന് ലീഗും തീരുമാനിച്ചു. ലീഗ് പഴയ ലീഗാണെങ്കിലും പെൺകുട്ടികൾ പഴയ പെൺകുട്ടികളല്ലെന്ന ബോദ്ധ്യവും ഇതിനു പിന്നിലുണ്ട്. ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി അതിവേഗത്തിൽ രൂപീകരിക്കാനുള്ള ശ്രമങ്ങളിലാണ് ലീഗ്. യോഗ്യത ഒന്ന് മാത്രം,​ തിരുവായയ്ക്ക് എതിർവായയുണ്ടാവരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HARITHA, MALAPPURAM DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.