ഇ-ശ്രമിൽ രജിസ്റ്റർ ചെയ്യണം
ന്യൂഡൽഹി: രാജ്യത്ത് നാല്പത് കോടിയോളം വരുന്ന അസംഘടിത തൊഴിലാളികളിൽ 1.5 കോടിപ്പേരെ ഇ.എസ്.ഐ പരിധിയിൽ ആദ്യഘട്ടമായി ഉൾപ്പെടുത്തും. നിർമ്മാണ തൊഴിലാളികൾ, തെരുവു കച്ചവടക്കാർ, വീട്ടു ജോലിക്കാർ, പാൽ വിതരണക്കാർ, ട്രക്ക് ഡ്രൈവർമാർ, മത്സ്യബന്ധന-വില്പന തൊഴിലാളികൾ, കർഷക തൊഴിലാളികൾ, അന്യസംസ്ഥാനക്കാർ തുടങ്ങിവർ ഇതിൽപ്പെടും. പ്ളാന്റേഷൻ മേഖലയിലും ഇ.എസ്.ഐ ബാധകമാക്കും.
കേന്ദ്ര തൊഴിൽ മന്ത്രി ഭുപേന്ദ്ര യാദവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇ.എസ്.ഐ സമ്പൂർണ ബോർഡ് യോഗത്തിന്റേതാണ് തീരുമാനം. തൊഴിൽ മന്ത്രാലയത്തിന്റെ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ആഗസ്റ്റ് 26ന് പോർട്ടൽ പ്രവർത്തനം തുടങ്ങിയശേഷം 27 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇ.എസ്.ഐയിൽ ചേർക്കുന്ന സമയത്ത് ആധാർ അക്കൗണ്ടുമായി ലിങ്ക് ചെയ്യും. അസംഘടിത തൊഴിലാളികൾക്ക് സ്ഥിരമായ തൊഴിൽ ദാതാക്കൾ ഇല്ലാത്തതിനാൽ തൊഴിലുടമ വിഹിതം, അടിസ്ഥാന സൗകര്യ വികസനം, ആനുകുല്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ റിപ്പോർട്ട് തയ്യാറാക്കാൻ കമ്മിറ്റി രുപീകരിക്കും. പ്രവർത്തനം കാര്യക്ഷമാക്കുന്നതിന് സംസ്ഥാന തൊഴിൽ മന്ത്രിമാരുടെ യോഗം വിളിക്കും.
തൊഴിൽ വകുപ്പ് സഹമന്ത്രി രാമേശ്വർ ടെലിയും യോഗത്തിൽ പങ്കെടുത്തു. പ്ളാന്റേഷൻ മേഖലയെ ഇ.എസ്.ഐയിൽ ഉൾപ്പെടുത്താൻ ബി.എം.എസ് ദേശീയ സെക്രട്ടറിയും ഇ.എസ്.ഐ.സി ബോർഡ് അംഗവുമായ വി.രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.
രണ്ടു ലക്ഷം രൂപ ഇൻഷ്വറൻസും
തൊഴിലാളി അപകടത്തിൽ മരിക്കുകയോ സ്ഥിരമായ വൈകല്യങ്ങൾ ഉണ്ടാവുകയോ ചെയ്താൽ രണ്ടു ലക്ഷം രൂപ ഇൻഷ്വറൻസ് ആശ്രിതർക്ക് ലഭിക്കും. ഭാഗിക വൈകല്യമെങ്കിൽ ഒരു ലക്ഷം രൂപയും കിട്ടും. ആദ്യ വർഷ പ്രീമിയം സർക്കാർ അടയ്ക്കും
കൊവിഡ് ആനൂകൂല്യം അടുത്ത ജൂൺ വരെ
കൊവിഡ് ബാധിച്ച ഇ.എസ്.ഐ തൊഴിലാളിക്ക് മൂന്നു മാസം ശമ്പളത്തിന്റെ പകുതിയോളം ലഭിക്കുന്ന പദ്ധതി 2022 ജൂൺ വരെ നീട്ടി. കൊവിഡ് കാലത്ത് ആനുകൂല്യം ലഭിക്കാനുള്ള കുറഞ്ഞ ഹാജർ 78ൽ നിന്ന് 39 ദിവസമായി കുറയ്ക്കും
കേരളത്തിൽ 7 പുതിയ ഡിസ്പെൻസറികൾ
വെഞ്ഞാറമൂട്, റാന്നി, കൂറ്റനാട്, കൂത്താട്ടുകുളം, ആലത്തുർ, ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിലും ഇ.എസ്.ഐ ഡിസ്പെൻസറികൾ തുടങ്ങും. 300 കിടക്കകളുള്ള കൊല്ലം ആശ്രാമം ഇ.എസ്.ഐ മോഡൽ ആശുപത്രി നിർമ്മാണം ഉടൻ
ചികിത്സാ സൗകര്യം
ഇ.എസ്.ഐ ആശുപത്രിയിൽ ഇൻഹൗസ് സൗകര്യമില്ലെങ്കിൽ രോഗിയെ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാം
ഇ.എസ്.ഐ ആശുപത്രിയിലേക്ക് 10 കിലോമീറ്ററിൽ കൂടുതൽ ദൂരമുണ്ടെങ്കിൽ എംപാനൽ ചെയ്ത ആശുപത്രിയിൽ നേരിട്ട് ചികിത്സ
ഇ.എസ്.ഐ കൊവിഡ് ദുരിതാശ്വാസ പദ്ധതിക്ക് ദീർഘകാല ധനസഹായം നൽകുന്നതിന് പ്രത്യേക ഫണ്ട്
ഇ-ശ്രം യു.എ.എൻ
ഇ-ശ്രം പോർട്ടലിൽ (eshram.gov.in) രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന കാർഡും 12 അക്ക നമ്പറുമായിരിക്കും (യു.എ.എൻ) ആനുകൂല്യങ്ങൾ ലഭിക്കാനുള്ള മാനദണ്ഡം. ആധാർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വച്ചാണ് രജിസ്ട്രേഷൻ. കൊവിഡ് പോലുള്ള സാഹചര്യങ്ങളിൽ പോർട്ടലിലെ വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ക്ഷേമപ്രവർത്തനങ്ങളും പുനരധിവാസവും നടത്താനാകും
അസംഘടിത തൊഴിലാളികൾക്ക് ഘട്ടംഘട്ടമായി പി.എഫ്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി തുടങ്ങിയവ ഉറപ്പാക്കുകയാണ് ലക്ഷ്യം
- വി. രാധാകൃഷ്ണൻ, ഇ.എസ്.ഐ ബോർഡ് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |