SignIn
Kerala Kaumudi Online
Thursday, 25 April 2024 7.08 PM IST

ആരോഗ്യപ്രവർത്തകരെ ആക്രമിക്കുമ്പോൾ

health

ആരോഗ്യപ്രവർത്തകരുടെ സേവനവും വിലയും രാജ്യം ഏറ്റവും കൂടുതൽ ഉൾക്കൊണ്ട കാലഘട്ടമാണിത്. കൊവിഡിനെ നേരിടുന്നതിനിടയിൽ ഒട്ടേറെ ഡോക്ടർമാർക്കും നഴ‌്‌സുമാർക്കും മറ്റ് ആരോഗ്യപരിപാലന രംഗത്തുള്ള പ്രവർത്തകർക്കും സ്വന്തം ജീവൻ തന്നെ ബലിയർപ്പിക്കേണ്ടിവന്നു. രാജ്യത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന സേനാംഗങ്ങളെ പോലെയാണ് അവർ അവിശ്രമം പോരാടിക്കൊണ്ടിരിക്കുന്നത്. ഒരു ജോലിയെന്ന മട്ടിൽ മാത്രം ചെയ്യേണ്ട ഒന്നല്ല ആരോഗ്യരംഗത്തെ പ്രവർത്തനം. ചികിത്സയ്‌ക്കപ്പുറം അത് സാന്ത്വനവും സ്നേഹവുമൊക്കെ കലർന്ന സേവനമാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന, പ്രത്യേകിച്ചും സർക്കാർ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം പേരും ഇക്കാര്യങ്ങളിലൊക്കെ മാതൃകാപരമായ സേവനം നടത്തുന്നവരാണ്. ഇതൊക്കെ നിലനില്‌ക്കെത്തന്നെ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമസംഭവങ്ങൾ കൂടിവരുന്ന പ്രവണത അടുത്തകാലത്തായി കേരളത്തിൽ കാണുന്നു. ബന്ധപ്പെട്ട പൊലീസ് അധികാരികൾ മുളയിലേ നുള്ളിക്കളയേണ്ടതാണിത്. മാവേലിക്കരയിൽ പൊലീസ് ഉദ്യോഗസ്ഥൻ തന്നെ അക്രമത്തിന് തുനിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. പലപ്പോഴും സാമൂഹ്യവിരുദ്ധ പ്രവണതയുള്ളവരാണ് ഇത്തരം അക്രമങ്ങൾക്ക് തുനിയുന്നത്. ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നവരെ സാമാന്യബോധമുള്ള ആരും ആക്രമിക്കില്ല. ഗവൺമെന്റ് ആശുപത്രികളിലും മെഡിക്കൽ കോളേജ് ആശുപത്രികളിലും മറ്റും ഏറ്റവും കൂടുതൽ അക്രമങ്ങൾ ഉണ്ടായിട്ടുള്ളത് കാഷ്വാലിറ്റികളിലാണ്. പൊതുവെ കാഷ്വാലിറ്റികളിൽ ഏതുനേരവും നല്ല തിരക്കായിരിക്കും. ശരിയായ ചികിത്സയും പരിഗണനയും കിട്ടുന്നില്ലെന്ന തോന്നലാണ് പല സംഭവങ്ങൾക്കും ഇടയാക്കിയിട്ടുള്ളത്. മാത്രമല്ല ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിൽ പരിക്കേല്‌ക്കുന്നവരും ആദ്യം എത്തുന്നത് കാഷ്വാലിറ്റിയിലാണ്. അതിനൊപ്പം അവരുടെ അനുയായികളും എത്തും. ഇവർ ഡോക്ടർമാരോട് തട്ടിക്കയറുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. കാഷ്വാലിറ്റികളിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെയെങ്കിലും സ്ഥിരമായി നിയോഗിക്കേണ്ടത് വളരെ ആവശ്യമാണ്. ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ പൊലീസ് ഉടൻ സത്വരനടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം
ആവശ്യപ്പെടുകയുണ്ടായി. ഇതുസംബന്ധിച്ച് എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ഡി.ജി.പി നിർദ്ദേശം നൽകണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഡോക്ടർമാർക്കും മറ്റും എതിരെ നടക്കുന്ന അക്രമങ്ങൾ തടയാൻ 2012-ൽ ഇവിടെ നിയമം പാസാക്കിയിട്ടുണ്ട്. നിയമം ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. അതു നടപ്പാക്കേണ്ടവർ അലസത കാണിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നത്. ഈ നിയമം സംബന്ധിച്ച് പൊതുജനങ്ങൾക്കും കാര്യമായ അറിവില്ല. അതിനാൽ ഇതുസംബന്ധിച്ച് വാർത്താമാദ്ധ്യമങ്ങളിൽ പ്രചാരണം നൽകുകയും ആശുപത്രി പരിസരങ്ങളിൽ പ്രത്യേക ബോർഡുകൾ സ്ഥാപിക്കുകയും വേണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് താമസംവിനാ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.

ചിലർ ആരോഗ്യപ്രവർത്തകർക്കെതിരെ വളരെ തെറ്റായ പ്രചാരണങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നടത്തുന്നത് തടയാൻ നടപടിയുണ്ടാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഒരുതരം മാനസികമായ ആക്രമണമാണ്. ആരോഗ്യകരമായ സമൂഹത്തിന്റെ കെട്ടുറപ്പിന് ഇതൊന്നും നല്ലതല്ല. അതിനാൽ ഇക്കാര്യങ്ങളിലൊക്കെ വേണ്ട നടപടി സ്വീകരിക്കാനുള്ള സത്വരശ്രദ്ധ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉടൻ ഉണ്ടാകേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH WORKERS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.