SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.12 PM IST

നക്ഷത്രമെണ്ണിയാൽ പോര, അറിയണം 'നക്ഷത്ര മൂല്യം'!

star-rating

 ഉത്പന്നങ്ങളുടെ സ്റ്റാർ റേറ്റിംഗിൽ കമ്പനികളുടെ തട്ടിപ്പ്

കൊല്ലം: ഉത്പന്നങ്ങളുടെ 'സ്റ്റാർ റേറ്റിംഗി'ൽ കൃത്രിമം കാട്ടി ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വിപണിയിൽ വൻതട്ടിപ്പ്. കേന്ദ്ര സർക്കാർ ഏജൻസിയായ ബ്യൂറോ ഒഫ് എനർജി എഫിഷ്യൻസിയുടെ അംഗീകാരമില്ലാത്ത ഉത്പന്നങ്ങളിൽപ്പോലും നക്ഷത്ര മുദ്ര പതിക്കാറുണ്ട്. അനുവദിച്ചിട്ടുള്ളതിനെക്കാൾ കൂടുതൽ മുദ്രകൾ രേഖപ്പെടുത്തിയും ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ് ഒരു വിഭാഗം നിർമ്മാതാക്കൾ.

ഓരോ ഉത്പന്നത്തിന്റെയും വൈദ്യുതി ഉപഭോഗം അടിസ്ഥാനമാക്കിയാണ് ഒന്ന് മുതൽ അഞ്ച് വരെയുള്ള സ്റ്റാറുകൾ അനുവദിക്കുന്നത്. എന്നാൽ സ്റ്റാർ റേറ്റിംഗ് പരിശോധനയ്ക്കായി സമർപ്പിക്കുന്ന ഉത്പന്നത്തിന്റെ ഗുണനിലവാരം പിന്നീട് വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണത്തിൽ പല കമ്പനികളും പാലിക്കുന്നില്ല. സ്റ്റാർ മുദ്രകൾ എണ്ണി ഉത്പന്നങ്ങൾ വാങ്ങുന്നവർ വിദഗ്ദ്ധമായി കബളിപ്പിക്കപ്പെടുന്നു. ഇങ്ങനെയുള്ള നിർമ്മാതാക്കൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ല.

വാങ്ങാൻ ഉദ്ദേശിക്കുന്ന ഉത്പന്നത്തിൽ, സ്റ്റാർ റേറ്റിംഗ് അനുവദിച്ചിട്ടുള്ള ലൈസൻസ് നമ്പർ പ്രദർശിപ്പിക്കണമെന്നാണ് ചട്ടം. ഈ നമ്പർ ഉപയോഗിച്ച് സ്റ്റാർ റേറ്റിംഗ് വെബ്സൈറ്റിൽ (www.beestarlabel.com) പരിശോധിച്ചാൽ, പ്രസ്തുത കമ്പനിയുടെ ഉത്പന്നത്തിന് റേറ്റിംഗ് അനുവദിച്ചിട്ടുള്ള മോഡൽ നമ്പർ വ്യക്തമായി അറിയാനാവും. വാങ്ങുന്ന ഉത്പന്നത്തിലുള്ളതും വെബ്സൈറ്റിൽ നിന്ന് ലഭിച്ചതും ഒരേ മോഡൽ നമ്പരാണെങ്കിൽ ഉത്പന്നം അംഗീകൃതമാണെന്ന് ഉറപ്പിക്കാം. രണ്ടും വ്യത്യസ്തമെങ്കിൽ ഉപഭോക്താവ് കബളിപ്പിക്കപ്പെട്ടെന്നും അനുമാനിക്കാം.

സ്റ്റാർ സ്റ്റിക്കർ ഉണ്ടെന്ന പേരിൽ എല്ലാ ഉത്പന്നങ്ങളും വിശ്വസിക്കരുത്. സ്റ്റാർ മുദ്രണത്തിനൊപ്പം അനുവദിച്ച ബ്യൂറോ ഒഫ് എനർജി എഫിഷ്യൻസിയുടെ ലോഗോയ്ക്ക് താഴെ 'ബി.ഇ.ഇ/' എന്നതിന് ശേഷം നിർമ്മാണ കമ്പനിയുടെ ചുരുക്കപ്പേരും ഉത്പന്നത്തിന്റെ പേരും ഉപഭോക്തക്കൾക്ക് ബോദ്ധ്യപ്പെടാനായി രേഖപ്പെടുത്തിയിരിക്കണമെന്നാണ് നിബന്ധന.

തട്ടിപ്പിന്റെ പമ്പിംഗ്

പമ്പ് സെറ്റുകളുടെ മോട്ടോറിന്റെ ഭാഗത്തെ കോർ നിർമ്മാണത്തിന് കാർബണിതര സിലിക്കൺ ഷീറ്റ് ഉപയോഗിച്ചാൽ വൈദ്യുതി വലിയ അളവിൽ ലാഭിക്കാനാവും. രണ്ട് ഭാഗവും സീൽഡ് ആയിട്ടുള്ള ബെയറിംഗാണെങ്കിൽ ഉള്ളിലെ ഗ്രീസ് കാലങ്ങളോളം നിലനിന്ന് മോട്ടോർ ഏറെക്കാലം പ്രവർത്തിക്കും. എന്നാൽ കോറിൽ കാബണിന്റെ അംശം കൂടിയ ഫ്രെയിം ഷീറ്റ് ഉപയോഗിച്ചാൽ വേഗത്തിൽ ചൂട് ഉയർന്ന് ഗ്രീസ് ഉരുകി നശിക്കും. ഇതോടെ ശബ്ദം വർദ്ധിക്കുന്നതിനൊപ്പം കോറിന്റെ കറക്കം കുറയും. വൈൻഡിംഗിന്റെ കാര്യക്ഷമതയും താഴ്ന്ന് വേഗത്തിൽ കത്തിപ്പോകാനും സാദ്ധ്യതയുണ്ട്. പല നിർമ്മാതാക്കളും സ്റ്റാർ റേറ്റിംഗ് പരിശോധനയ്ക്ക് സമർപ്പിക്കുന്ന ഉത്പന്നത്തിൽ കാർബണിതര ലോഹങ്ങൾ കൂടുതൽ ഉപയോഗിച്ച ശേഷം പിന്നീട് വ്യവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണത്തിൽ കാർബണിന്റെ അംശം കൂടിയ വസ്തുക്കളാണ് ഉപയോഗിക്കുന്നത്.

ചെമ്പിലും കള്ളം

ചെമ്പിന്റെ അളവ് കുറച്ചാണ് മറ്റൊരു തട്ടിപ്പ്. ചെമ്പ് കൂടുതലായി ഉപയോഗിച്ചാൽ വൈദ്യുതി ഉപയോഗം കുറയും. പക്ഷെ നിർമ്മാണ ചെലവ് ഉയരും. കൊള്ളലാഭം കൊയ്യാനായി പല നിർമ്മാതാക്കളും ചെമ്പ് കൂടുതൽ ഉപയോഗിച്ച ഉത്പന്നം പരിശോധനയ്ക്ക് സമർപ്പിച്ച ശേഷം വ്യവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുമ്പോൾ ചെമ്പ് കുറയ്ക്കുകയാണ് പതിവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, STAR RATING, BEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.