SignIn
Kerala Kaumudi Online
Thursday, 25 April 2024 10.11 AM IST

പാളയത്തെ ചിത്രംവര പൂർത്തിയായി ' കേരളം വിളിച്ചാൽ ഇനിയും വരും '

anpu-varkky

 അൻപു വർക്കി നാളെ മടങ്ങും

തിരുവനന്തപുരം: 7000 ചതുരശ്രയടി വലുപ്പമുള്ള മതിലിൽ വരച്ച ചിത്രത്തിലൂടെ നഗരത്തിന്റെ ഹൃദയത്തിൽ ഇടം നേടിയ പ്രശസ്‌ത സ്‌ട്രീറ്റ് ആർട്ടിസ്റ്റ് അൻപുവർക്കി നാളെ ബംഗളൂരുവിലേക്ക് മടങ്ങും. ടൂറിസം വകുപ്പും സ്റ്റീൽ ഇൻഡസ്‌ട്രിയൽ ലിമിറ്റഡ് കേരളയും ചേർന്നൊരുക്കുന്ന ആർട്ടീരിയ മൂന്നാം എഡിഷന്റെ ഭാഗമായി അൻപു വരച്ച പാളയം അണ്ടർപാസിലെ പടുകൂറ്റൻ ചിത്രം ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ഇത്ര മനോഹരമായ നഗരമാണ് തിരുവനന്തപുരമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ആർട്ടീരിയ മറക്കാനാകാത്ത അനുഭവമാണെന്നും മടക്ക യാത്രയ്‌ക്ക് തയ്യാറെടുക്കുന്ന അൻപു വർക്കി കേരളകൗമുദിയോട് പറഞ്ഞു.

കേരളത്തിലെ നഗരങ്ങളിൽ ചുവർചിത്രകലയുടെ പ്രസക്തി?

അധികംപേരൊന്നും മ്യൂസിയത്തിൽ പോയി ചിത്രംവര കാണാറില്ല. എന്നാൽ നഗരത്തിലെ ചുവരുകളിൽ വരയ്‌ക്കുമ്പോൾ ലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. നമ്മുടെ ചിത്രങ്ങളോട് ജനങ്ങൾ പ്രത്യക്ഷത്തിൽ സംവദിക്കുകയാണ്. അതൊന്നും വേറെ ഒരിടത്തും ചിത്രംവരച്ചാൽ കിട്ടാൻ പോകുന്നില്ല.

അൻപു വർക്കി എങ്ങനെയാണ് സ്‌ട്രീറ്റ് ആർട്ടിസ്റ്റ് ആകുന്നത്?

പഠിച്ചതൊക്കെ പെയിന്റിംഗാണ്. ഒരു സ്റ്റുഡിയോ പെയിന്ററാകണമെന്ന് വലിയ ആഗ്രഹമായിരുന്നു. എന്നാൽ ജർമ്മനിയിൽ സ്റ്റുഡിയോ പെയിന്ററായിരിക്കുമ്പോഴാണ് ചിലരെ ഞാൻ ശ്രദ്ധിക്കുന്നത്. അവർ നിയമവിരുദ്ധമായി തെരുവുകളിൽ പോയി പടം വരയ്‌ക്കുന്നവരായിരുന്നു. പടം വരച്ച് കഴിയുമ്പോൾ അവരുടെ മുഖത്ത് വരുന്ന തിളക്കം ഞാൻ വേറൊരിടത്തും കണ്ടിട്ടില്ല. അതുകണ്ടാണ് കുഞ്ഞുകുഞ്ഞു സ്‌ട്രീറ്റ് വർക്കുകൾ ആരംഭിക്കുന്നത്. അവസരങ്ങൾ ചോദിച്ച് വാങ്ങുകയായിരുന്നു.

ഓർമ്മയിലെ കേരളം എന്താണ്?

ഭരണങ്ങാനത്തെ പ്ലാവും മരങ്ങളും കിണറും പുഴയുമൊക്കെയാണ് എന്റെ ഓർമ്മയിലെ കേരളം. ആദ്യം മനസിലെത്തുന്നത് വേനലവധിക്കാലമാണ്. ചാമ്പയ്‌ക്കയുടെയും മാങ്ങയുടെയും രുചി എങ്ങനെ മറക്കും.

കേരളത്തിലേക്ക് ഇനിയും വരുമോ?

ഉറപ്പായും വരും. എന്നെ ഇനിയും ഇങ്ങോട്ടേക്ക് വിളിക്കണമെന്നാണ് അപേക്ഷ. ടൂറിസം വകുപ്പിന്റെ സഹകരണം വളരെ വലുതാണ്. മന്ത്രിയുമായി സംസാരിച്ചിരുന്നു, ധാരാളം ആശയങ്ങൾ അദ്ദേഹത്തിനുണ്ട്.

പാളയത്തെ ചിത്രംവരയെപ്പറ്റി?

അതേപ്പറ്റി പറയാനൊന്നുമില്ല. അവിടെപ്പോയി രണ്ട് മതിലുകളിലും നോക്കി അനുഭവിച്ചറിയേണ്ട കാര്യമാണ്.

ചിത്രംവരയിലേക്ക് വരുന്ന

പുതുതലമുറയോട് പറയാനുളളത്?

ലളിതമായും സങ്കീർണമായും വരയ്‌ക്കാം. എന്തായാലും ആഘോഷിച്ച്

വരയ്‌ക്കണം. അതിൽ ശരിയും തെറ്റുമൊന്നുമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.