ന്യൂഡൽഹി: റെക്കാഡ് മഴ പെയ്ത ഡൽഹിയിലേയും സമീപപ്രദേശങ്ങളിലേയും താഴ്ന്നയിടങ്ങളിൽ വെള്ളംകയറി. ഇന്നലെ രാവിലെ പെയ്ത കനത്ത മഴയിൽ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള റൺവേയിലും ടെർമിനിലിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് വിമാന സർവീസ് തടസപ്പെട്ടു. റൺവേയിൽ വെള്ളം നിറഞ്ഞതോടെ വിമാനങ്ങൾക്ക് പറന്നുയരാനും ലാൻഡു ചെയ്യാനും കഴിയാതായി. അഞ്ച് ആഭ്യന്തര വിമാനങ്ങൾ ജയ്പൂരിലേക്കും ദുബായ് വിമാനം മുംബയിലേക്കും തിരിച്ചുവിട്ടു. ഇൻഡിഗോ മൂന്ന് സർവീസുകൾ റദ്ദാക്കി. വിമാനം പുറപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കിയ ശേഷം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് വിമാനക്കമ്പനികൾ യാത്രക്കാരെ അറിയിച്ചു.ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ ഇടിമിന്നലിന്റെ അകമ്പടിയോടെ പെയ്ത മഴയാണ് വെള്ളക്കെട്ടുണ്ടാക്കിയത്. വെള്ളിയാഴ്ച രാവിലെ മുതൽ ഇന്നലെ രാവിലെ വരെ ഡൽഹിയിൽ ഏതാണ്ട് 94.7മില്ലിമീറ്റർ മഴ പെയ്തു.
വെള്ളിയാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ ഡൽഹിയിലെ മോട്ടിബാഗ്, ആർ.കെ.പുരം, ഹരിനഗർ, റോഹ്തക് റോഡ്, ബദർപൂർ, സോംവിഹാർ, റിംഗ് റോഡ്, വികാസ് മാർഗ്, സംഗം വിഹാർ, മെഹ്റോളി-ബദർപൂർ റോഡ്, മുനിർക്ക, രാജ്പുർ ഖുർദ്, നാംഗ്ളോയ്, കിരാരി, അക്ഷർധാം, ഷാർദ, പ്രീത്വിഹാർ, രാജ്യതലസ്ഥാൻ മേഖലയിലെ നോയിഡ, ഗ്രെയിറ്റർ നോയിഡ, ഗാസിയാബാദ്, ലോനി ദേഹാത്, ഹിൻഡൻ, ഇന്ദിരാപുരം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മഴയ്ക്കൊപ്പം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടതോടെ പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. പാലം ഫ്ളൈഓവറിന് താഴെ വെള്ളത്തിൽ കുടുങ്ങിയ ബസിലെ യാത്രക്കാരെ പൊലീസെത്തി രക്ഷിച്ചു. റാണിഖേഡ ഫ്ലൈഓവറിന് താഴെ നാലടിയോളം ഉയരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.രോഹിണി സെക്ടർ 22ൽ ബലക്ഷയത്തെ തുടർന്ന് ആളുകളെ നേരത്തെ ഒഴിപ്പിച്ചിരുന്ന നാലുനില കെട്ടിടം മഴയിൽ നിലം പൊത്തി. ഡൽഹി അതിർത്തിയിൽ കർഷക പ്രതിഷേധം തുടരുന്ന റോഡുകളിലും വെള്ളം നിറഞ്ഞെങ്കിലും സമരക്കാർ മാറിയില്ല.
@ 46 വർഷത്തിന് ശേഷമുള്ള കനത്ത മഴ
ജൂലായിൽ തുടങ്ങുന്ന മൺസൂൺ സീസണിൽ 600 മില്ലിമീറ്റർ താഴെയാണ് പതിവായി ഡൽഹിയിൽ ലഭിക്കുന്നത്. എന്നാൽ ഇക്കൊല്ലം ഇതുവരെ 1100 മില്ലിമീറ്റർ മഴ പെയ്തെന്നാണ് കണക്ക്. 1975ൽ ഡൽഹിയിൽ പെയ്ത 1150 മില്ലിമീറ്റർ മഴയാണ് ഇതുവരെയുള്ള റെക്കാഡ്. രാജസ്ഥാനിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദം കാരണം മഴ തുടരാനിടയുള്ളതിനാൽ പുതിയ റെക്കാഡിന് സാദ്ധ്യതയുണ്ട്.
അതേസമയം, വെള്ളക്കെട്ടിന് കാരണം അരവിന്ദ് കേജ്രിവാൾ സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ആരോപിച്ച് ബി.ജെ.പി ഡൽഹി നേതാവ് തേജീന്ദർ പാൽ സിംഗ് റോഡിൽ കെട്ടിനിന്ന വെള്ളത്തിലൂടെ ഒരു ചെറിയ ബോട്ടിറക്കി തുഴഞ്ഞ് പ്രതിഷേധിച്ചു. വെള്ളക്കെട്ട് രൂപപ്പെട്ട റോഡിൽ കുട്ടികൾ നീന്തുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.