കാസർകോട് : കടപ്പുറത്തെ പൂഴിയിൽ മൊബൈൽ ഫോൺ ഉറപ്പിച്ച് നിർത്തി വായുവിൽ തുള്ളിയുയർന്ന് സനുഷ് കൃഷ്ണ എന്ന എട്ടാംക്ളാസുകാരൻ എടുത്ത സെൽഫി വൈറലായി.തൃക്കണ്ണാട് കടപ്പുറത്ത് കുടുംബസമേതം പോയപ്പോൾ കൂടെയുള്ളവരുടെ കണ്ണ് വെട്ടിച്ച് ക്ഷേത്രത്തിന് മുന്നിലെ പൂഴിയിൽ വച്ച് എടുത്ത സെൽഫിയാണ് ആളുകൾ ആഘോഷമാക്കിയത്.
ഓൺലൈൻ പഠനത്തിനായി വാങ്ങിച്ചുകൊടുത്ത ഫോണിൽ വീട്ടുകാർ അറിയാതെയാണ് ഈ സെൽഫി എടുത്തത്. മാസങ്ങൾക്ക് ശേഷം ചിത്രം വൈറലായപ്പോഴാണ് മകന്റെ ചിത്രത്തിലുള്ള കമ്പം രക്ഷിതാക്കളുടെ ശ്രദ്ധയിൽപെട്ടത്. അറിയപ്പെടുന്ന നൃത്തപരിശീലകനായ പാലക്കുന്നിലെ സുകേഷിന്റെ മകനാണ് സനുഷ്.ഫോട്ടോഗ്രാഫിയിലെ മകന്റെ സാമർത്ഥ്യം മനസിലാക്കിയ പിതാവ് ഇപ്പോൾ ട്രൈപ്പോഡ് നൽകിയിരിക്കുകയാണ്. ഇതും പിടിച്ച് പ്രകൃതിയിലെ കൗതുകങ്ങളെ ഒപ്പിയെടുക്കുകയാണ് ഉദുമ ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ സനുഷ്.
വൈക്കം മുഹമ്മദ് ബഷീറിനെ അനുകരിച്ച് എടുത്ത സെൽഫിയും സനുഷിന് ഇഷ്ടം പോലെ ലൈക്ക് നേടിക്കൊടുത്തിട്ടുണ്ട്. നന്നായി വരക്കുന്ന സനുഷ് ജനസംഖ്യ ദിനം, ഹിരോഷിമ ദിനം എന്നിവ പ്രമേയമാക്കി ശ്രദ്ധേയമായ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.