തൃശൂർ: കൊവിഡ് സൃഷ്ടിച്ച അരക്ഷിതാവസ്ഥയിൽ കുട്ടികൾക്ക് കരുതലും സ്നേഹവും പഠനപിന്തുണയും ഉറപ്പാക്കുന്ന മക്കൾക്കൊപ്പം പരിപാടി രണ്ടേകാൽ ലക്ഷം കുടുംബങ്ങളിലേക്കെത്തിക്കാനായെന്ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി വല്ലഭൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആദ്യഘട്ടം പൂർത്തിയായ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് ഹാളിൽ വൈകിട്ട് 3ന് മന്ത്രി കെ. രാധാകൃഷ്ണൻ ഓൺലൈനായി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .കെ. ഡേവിസ് പൂർത്തികരണ പ്രഖ്യാപനം നടത്തും. വീട് വിദ്യാലയമാക്കുക എന്ന സന്ദേശമാണ് ഗൂഗിൾ മീറ്റ് വഴി പകർന്നത്. ജില്ലാ പഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 1018 സ്കൂളുകളിലെ 3.11 ലക്ഷം രക്ഷിതാക്കളിൽ 2.24 ലക്ഷം രക്ഷിതാക്കൾക്ക് ദിശാബോധം പകരാനായി. 3180 ക്ലാസുകളാണ് സംഘടിപ്പിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് കുമാർ, പരിഷത്ത് ജില്ലാ സെക്രട്ടറി അജിത് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എം. ഹരീഷ് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |